ആരായിരുന്നു കൊടിയേരിയിലെ ബാലകൃഷ്ണൻ.
പാർട്ടിക്ക്,സഖാക്കൾക്ക്,സുഹൃത്തുക്കൾക്ക്,മാധ്യമപ്രവർത്തകർക്ക്,നാട്ടുകാർക്ക്, കുടുംബക്കാർക്ക്, പൊതുജനങ്ങൾക്ക് എല്ലാവർക്കും ആരെയാണ് ഇന്നലെ നഷ്ടപ്പെട്ടത്.
1. ശ്രീബുദ്ധൻ രാജകൊട്ടാരം വിട്ടിറങ്ങി പോയിരുന്നത് ഒരു മരത്തിൻ്റെ ചോട്ടിലാണ്.മരം തണലായിരുന്നു.കൊടിയേരി ബാലകൃഷ്ണൻ ഒരു തണലും ആശ്രയവുമായിരുന്നു എല്ലാവർക്കും.ഇന്നലെ രാത്രി കുറെ അനുസ്മരണങ്ങൾ യുട്യൂബിൽ കണ്ടു.ഹൃദയം തൊട്ട അനുസ്മരണം CP ജോണിന്റേതായിരുന്നു.പഴയതൊന്നുമല്ല, എൻ്റെ പുതിയ സഖാവും നേതാവും തന്നെയാണ് മരണപ്പെട്ടത് എന്ന ബോധ്യത്തിൽ നിന്ന് ആത്മാർത്ഥതയുടെ ചിന്തയിൽ മുക്കി എടുത്ത വാചകങ്ങൾ കൊണ്ട് ജോൺ പൂർത്തിയാക്കിയ അനുസ്മരണം ഓർമിപ്പിച്ചത് മരിച്ച് പോയ തിരക്കഥാകൃത്തായ മറ്റൊരു ജോണിൻ്റെ അനുസ്‌മരണങ്ങളാണ്.
ജനങ്ങൾക്ക് ആരായിരുന്നു കൊടിയേരി എന്നതിനുള്ള ഉത്തരം എം എ ബേബി പറഞ്ഞു. യാത്രക്കിടയിൽ ട്രെയിനിലും ബസിലുമിരിക്കുമ്പോൾ പുസ്തകം വായിച്ചിരിക്കുന്ന ബേബിയോട് ഒരിക്കൽ കോടിയേരി പറഞ്ഞു
”യാത്രക്കിടയിൽ ഒരുപാട് ആളുകളെ കാണും. അവരെയൊക്കെ ശ്രദ്ധിക്കണം, അവർ നമ്മളെയും ശ്രദ്ധിക്കുന്നുണ്ടാകും.അവർ നമ്മുടെ ശ്രദ്ധയെ ആഗ്രഹിക്കുന്നുണ്ടാകും, അവരോട് ചിരിക്കണം, പറ്റുന്ന സന്ദർഭമാണെങ്കിൽ അവരോട് സംസാരിക്കണം, അവർ പറയുന്നത് കേൾക്കണം.”
ഇതായിരുന്നു വഴിയാത്രക്കാർക്ക് കൊടിയേരി, എപ്പോഴും എന്തും എവിടെ വെച്ചും സംസാരിക്കാവുന്ന ഒരാൾ. അനുസ്മരിച്ച എതിർ രാഷ്ട്രീയക്കാർ പങ്ക് വെച്ച പൊതുവികാരത്തിൽ ഇതുണ്ട്.
2. സഖാക്കളുടെ കൊടിയേരി,
സിപി ജോൺ എഴുപതുകളിലെ ചില ഓർമ്മകൾ പങ്ക് വെക്കുന്നുണ്ട്.അന്നത്തെ ജനതപാർട്ടി നേതാവും കേന്ദ്ര മന്ത്രിയുമായ ചുന്ദർ കേരളത്തിൽ വന്നപ്പോൾ കൊടിയേരിയുടെ നേതൃത്വത്തിൽ സമരം നടന്നു, വിഭ്യാർത്ഥി നേതാക്കളെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുമ്പോൾ പോലീസിനോട് സംസാരിച്ച രീതി ജോണിനിന്നും ഓർമയുണ്ട്.അടിയന്തരാവസ്ഥ കാലത്ത് SFi പ്രവർത്തനം നിർത്തിയാൽ വെറുതെ വിടാമെന്ന് Sfi നേതാവായ മുസ്തഫയോട് പോലീസ് പറഞ്ഞപ്പോൾ അതിനെ പുച്ഛത്തോടെ തള്ളി കളഞ്ഞ സഖാവിൻ്റെ ഓർമകളെ വിഭ്യാർത്ഥി വേദികളിൽ കോടിയേരി അവതരിപ്പിക്കുമ്പോൾ അടിയന്തരാവസ്ഥയിൽ പീഡനമേറ്റ SFi സഖാക്കൾ കരഘോഷത്തോടെ മുദ്രാവാഖ്യം വിളിക്കുമായിരുന്നു.അന്ന് ജയിലിൽ കോടിയേരി കിടക്കുമ്പോൾ നേതാവിനെ വിട്ടയക്കണമെന്ന് ചോരയിൽ വെള്ള തുണിയിൽ എഴുതിയ ബാനറുകൾ പൊന്തിയിരുന്നു. അതിലൊരെണ്ണം എഴുതിയ ആളാണ് ജോൺ. സഖാവ് കുഞ്ഞനന്തന്റെ മകൾ ഇന്നലെ പങ്ക് വെച്ച അനുസ്മരണത്തിൽ അച്ഛൻ്റെ തണലായിരുന്ന നേതാവ് എന്നുണ്ട്, അച്ഛനെ പോലെ പ്രിയപ്പെട്ട നേതാവായിരുന്നു കൊടിയേരി എന്നും അവർ ചേർത്തിരുന്നു.
എംവി രാഘവനെ അവസാനമായി പയ്യാമ്പലത്തേക്ക് കൊണ്ട് പോകുമ്പോൾ കിലോമീറ്റർ നടക്കുന്ന കൊടിയേരിയോട് വണ്ടിയിലിരുന്ന ജോൺ ചോദിച്ചു, സഖാവ് ഇത്രയും നടക്കണമായിരുന്നോ? ഈ അവസാനസമയത്ത് മറ്റെന്തെങ്കിലും നമുക്ക് നൽകാനാവുമോ എന്നാണ് തിരികെ വന്ന ചോദ്യം.
തെറ്റി പോയ രാഷ്ട്രീയ നേതാക്കൾക്ക് പോലും മരണദിവസം കൊടിയേരി നൽകുന്ന യാത്രഅയപ്പാണത്. സാദിഖലി ശിഹാബ് തങ്ങൾ അനുസ്മരിച്ചപ്പോൾ ഹൈദരാലി തങ്ങളുടെ അവസാന സമയത്ത് പലവട്ടം വന്ന് പോയ കൊടിയേരിയെ ഓർത്തെടുത്തു.
എംവിആർ പാർട്ടി വിടുമെന്നായപ്പോൾ കോടിയേരിയും ബാലനും ജോണിനെ വിളിച്ചു.നിങ്ങൾ ഒരു തീരുമാനവും എടുക്കരുതെന്നും നമ്മളൊക്കെ വലുതാകുമ്പോൾ എല്ലാം ഉണങ്ങുമ്പോൾ പ്രിയപെട്ടവരെ കൊണ്ട് വരാമെന്നും കൊടിയേരി പറഞ്ഞു.
2017 ൽ പയ്യന്നൂരിൻ്റെ പ്രിയ സഖാവ് ധനരാജൻ കൊല്ലപ്പെട്ട സന്ദർഭം കൊടിയേരി പയ്യന്നുരിലെത്തി. കനം തൂങ്ങിയ കവിളുകൾക്ക് മുമ്പിലാണ് പ്രസംഗിക്കുന്നത് എന്ന ബോധ്യം സഖാവിനുണ്ടായിരുന്നു.സഖാക്കളുടെ വികാരത്തെ ഏറ്റ് വാങ്ങി കൊണ്ടാണ് ഇനിയൊരു പ്രോകോപനം വന്നാൽ അനങ്ങാതെ ഇരിക്കില്ല എന്ന സന്ദേശം നൽകി പ്രസംഗിച്ചത്. സഖാക്കൾക്ക് സംയമനത്തിനൊപ്പം അത് നൽകിയൊരു ഊർജവും ധൈര്യവുമുണ്ട്.
3. പാർട്ടിയുടെ കൊടിയേരി.
സിപിഐഎമ്മിന് എന്തായിരുന്നു കൊടിയേരി എന്നതിനും സമാനമായ ഉത്തരമുണ്ട്.വിഭാഗീയതയുടെ കാലത്ത് പാർട്ടിക്ക് ആശ്രയിക്കാനാകുന്ന ഏറ്റവും കനവും കരുത്തുമുള്ള മരമായിരുന്നു അദ്ദേഹം.പാർട്ടിക്ക് ചാരി നിൽക്കാൻ കഴിയുന്ന വലുപ്പം അതിനുണ്ടായിരുന്നു. പിണറായിക്കും വിഎസിനും സമാനമായ വികാരം നൽകി മരിച്ച് പോകാനുള്ള ഉൾക്കാഴ്ചയും രാഷ്ട്രീയവും സ്നേഹവും ബന്ധവുമുണ്ട് കൊടിയേരിക്ക്.
പണ്ട്, നെഹ്‌റുവിന് നാട്ടുരാജാക്കന്മാരുടെ കാര്യത്തിൽ കൃത്യവും ശക്തവുമായ നിലപാട് ഉണ്ടായിരിന്നു. ആധുനികമല്ലാത്ത കേടുപാടുകളും വിരുദ്ധതകളും നിറഞ് നിന്ന നാട്ടുരാജ്യങ്ങളെ ഒരുമിപ്പിച്ച് ഇന്ത്യ എന്ന വികാരത്തെ ഉണ്ടാക്കാൻ നെഹ്‌റുവിന് നിലപാടിൻ്റെ കാർക്കശ്യം കൊണ്ട് കഴിയുമായിരുന്നില്ല. അവിടെയാണ് പട്ടേലിൻ്റെ ഉദയം. പട്ടേൽ അനേകം സംഭാക്ഷണങ്ങൾ വെച്ചു, പ്രായോഗികതയുടെ അപ്പോസ്തലനായ പട്ടേലിനെ ഇതിനൊക്കെ സഹായിച്ചത് VP മേനോൻ എന്ന മലബാറുകാരനായിരുന്നു.ചരിത്രത്തിൽ അയാളുടെ കഥകൾ അധികമില്ല എന്നത് മറ്റൊരു രാഷ്ട്രീയം.
വിഭാഗീയതയുടെ കാലത്ത് പാർട്ടിയുടെ പട്ടേലും മേനോനുമൊക്കെ ആയിരുന്നു കൊടിയേരി.പാർട്ടിയുടെ മാത്രമല്ല, പലപ്പോഴും ഇടത്പക്ഷ ജനാധിപത്യ മുന്നണിയുടെ,രാഷ്ട്രീയ കേരളത്തിൻ്റെ പട്ടേലായിരുന്നു കൊടിയേരി.
4. മാധ്യമപ്രവർത്തകർക്കുമുണ്ട് പറയാൻ ഒരുപാട് കൊടിയേരി കഥകൾ.ആ കഥകളൊന്നും ഇതുവരെ പറഞ്ഞിരുന്നില്ല.ഇന്നലെ മാതൃഭൂമിയിൽ ഒരാൾ പറഞ്ഞത്. പാർട്ടി നേതാക്കൾക്കുള്ള കമ്പാട്മെന്റിൽ സീറ്റ് ഒപ്പിച്ച് കൊടുക്കുന്ന കൊടിയേരിയെ പറ്റിയായിരുന്നു.വിനുവും ഷാനിയും അജയ് ഘോഷും ശ്രീജിത്തുമൊക്കെ അങ്ങനെ ഒരു നേതാവിനെ കുറിച്ച് പറഞ്ഞു.എന്നാൽ രോഗകാലത്തും ഇത്രെയും സൗഹൃദവും സ്നേഹവും സൂക്ഷിച്ച ആൾക്ക് പകരമായി മാധ്യമങ്ങളും മാധ്യമപ്രവർത്തകരും കൊടുത്തത് എന്താണ് എന്ന് ഓർമ്മിക്കേണ്ടതുണ്ട്.
വലിയ ആഴങ്ങളിലേക്ക് നടന്ന വഴികളിലൊക്കെ വേരാഴ്ത്തിയാണ് കൊടിയേരി ജീവിച്ചത്.ഹൃദയം കൊണ്ട് പലതും ചെയ്ത് തീർത്തൊരാൾ.
നിങ്ങളുടെ ഓർമ്മകൾ അത്ര ചെറിയ കാലം കൊണ്ടൊന്നും മായില്ല, മലയാളിയുടെ രാഷ്ട്രീയ മനസ്സിൽ തലമുറകൾ കഴിഞ്ഞാലും അണയാതെ നിൽക്കും കൊടിയേരി എന്ന കൊച്ചു ഗ്രാമത്തെ പേരിനൊപ്പം കൂട്ടി വലിയ വലുപ്പങ്ങളിലെത്തിച്ച വലിയ നേതാവ്.
അന്ത്യാഭിവാദ്യങ്ങൾ സഖാവെ.