അടുത്ത പാർലമെൻ്റ്‍ തിരഞ്ഞെടുപ്പിൽ രാഹുൽ, പ്രിയങ്കാ ഗാന്ധിമാർ ഏതൊക്കെ മണ്ഡലങ്ങളിലാവും മത്സരിക്കുക? ധ്വനി പരിഹാസത്തിന്റേതാണെങ്കിലും ചോദ്യം ഉയർത്തുകയാണ് സോഷ്യൽ മീഡിയ. സാഗർ കോട്ടപ്പുറം എന്ന ഫേസ് ബുക്ക് ഐഡിയിലാണ് കെ സി വേണുഗോപാലിന്റെ ബുദ്ധിയിൽ വിരിഞ്ഞിക്കാവുന്ന ആശയങ്ങൾ നിരന്നത്. ചർച്ച കൊഴുപ്പിക്കാൻ കടന്നലുകളുമെത്തിയതോടെ പോസ്റ്റ് ഹിറ്റായി.
യുവരാജാവിനും രാജകുമാരിയ്ക്കും മത്സരിക്കാനുള്ള സീറ്റു പരിഗണിക്കുമ്പോൾ, കോൺഗ്രസിന് 50 ശതമാനത്തിൽ കൂടുതൽ വോട്ടുള്ള മണ്ഡലം വേണ്ടിവരുമെന്നാണ് പോസ്റ്റ് മാന്റെ പരിഹാസം. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കണക്കു പരിശോധിച്ചാൽ കോൺഗ്രസിന് അങ്ങനെ ഇന്ത്യയിലാകെയുള്ളത് വെറും 19 മണ്ഡലങ്ങൾ. തമിഴ്‌നാട്ടിൽ 7, കേരളത്തിൽ 5, കർണാടകം, അസ്സം, ജാർഖണ്ഡ്, മേഘാലയ, പുതുചേരി, പഞ്ചാബ്, യുപി എന്നിവടങ്ങളിൽ ഓരോന്ന് വീതം.
ബിജെപിയുമായി നേരിട്ടു മത്സരമില്ലാത്ത മണ്ഡലങ്ങളേ ഇരുവരും തിരഞ്ഞെടുക്കൂ എന്നാണ് അടുത്ത പരിഹാസം. ആ മാനദണ്ഡം വരുമ്പോൾ എണ്ണം പിന്നെയും ചുരുങ്ങും. കേരളത്തിൽ 5, തമിഴ്‌നാട്ടിൽ 5, അസ്സമിൽ 1, മേഖാലയയിൽ 1, പുതുച്ചേരിയിൽ 1 – എന്നിങ്ങനെ 13 എണ്ണം.
റോബർട്ട് വധേരയും ചേർന്ന് മൂന്നുപേരും കേരളത്തിൽത്തന്നെയാവും മത്സരിക്കുക എന്നാണ് ഒരാളുടെ പ്രവചനം. രാഹുൽ ഗാന്ധിയ്ക്ക് വയനാട്, പ്രിയങ്കയ്ക്ക് എറണാകുളം, വധേരയ്ക്ക് ഇടുക്കി എന്നാണ് നിഗമനം. അപ്പോൾ സോണിയാ ഗാന്ധിയ്ക്കോ എന്ന് അടുത്ത ചോദ്യം. പത്തനംതിട്ട എന്നു മറുപടി.
ചിന്തൻ ശിബിരത്തിലെ തീരുമാനമനുസരിച്ച് ദേശീയ നേതാക്കൾ ഇനി അവരവരുടെ തട്ടകത്തിൽ മാത്രം മൽസരിക്കുമെന്നും രാഹുൽ ഗാന്ധി അമേഠിയിലും പ്രിയങ്ക റായ്ബറേലിയിലും മത്സരിക്കുമെന്നാണ് ഒരു കോൺഗ്രസ് അനുഭാവിയുടെ നീരസത്തോടെയുള്ള പ്രതികരണം.
“തൽക്കാലം താൻ മാറിയിരുന്ന് മോങ്ങ്” കോൺഗ്രസ് അനുഭാവിയുടെ അധിക്ഷേപത്തിന്, അമേഠിയിലെയും റായ്ബെറേലിയിലെയും കോൺഗ്രസ് പതനത്തിന്റെ രേഖാചിത്രം നൽകിയായിരുന്നു പോസ്റ്റ്മാന്റെ ഉരുളയ്ക്കുപ്പേരി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അമേഠി ഉപേക്ഷിച്ച് വയനാട് മത്സരിക്കാൻ തീരുമാനിച്ച രാഷ്ട്രീയ ബുദ്ധിയുടെ തുടർച്ച അടുത്ത തിരഞ്ഞെടുപ്പിലുണ്ടാകുമോ എന്ന സംശയത്തിൽ കഴമ്പില്ലാതില്ല.