ബംഗാൾ: കലാപവും കൂട്ടബലാത്സംഗവും നടന്ന പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലി സന്ദർശിക്കാൻ എത്തിയ സിപിഎം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ടിനെ തടഞ്ഞ് പോലീസ്. സ്ഥലത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. സന്ദേശ്ഖാലിയിൽ സ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ മമത ബാനർജി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ബൃന്ദയെ പോലീസ് തടഞ്ഞത്.
അതിക്രമത്തിന് നേതൃത്വം നൽകിയ തൃണമൂൽ കോൺഗ്രസ് നേതാവ് ഷേയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സന്ദേശ്ഖാലിയിൽ ദിവസങ്ങളായി പ്രതിഷേധം നടക്കുകയാണ്. അക്രമികളെ മമത സർക്കാർ സംരക്ഷിക്കുകയാണെന്ന വിമർശനവും ശക്തമാണ്. സന്ദേശ്ഖാലിയിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്തതിലും വ്യാപകമായി പ്രതിഷേധമുണ്ട്. കഴിഞ്ഞ ദിവസം സന്ദേശ്ഖാലി സന്ദർശിച്ച ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ പോലീസിനെ രൂക്ഷമായി വിമർശിച്ചു. രാഷ്ട്രീയ അജണ്ടകൾക്കപ്പുറം പോലീസ് നീതിക്ക് വേണ്ടി നിലകൊള്ളണമെന്ന് രേഖാശർമ്മ പറഞ്ഞു.