കോഴിക്കോട്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റെന്ന മുസ്ലീം ലീഗിൻ്റെ ആവശ്യം തള്ളി കോൺഗ്രസ്. പകരം രാജ്യസഭാ സീറ്റ് വാഗ്ദാനത്തിന് കോൺഗ്രസിൽ ധാരണ. ചർച്ചകൾ വഴിമുട്ടിയിട്ടില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പാർലമെന്റിലേക്ക് കേരളത്തിൽ നിന്ന് മുസ്ലീം ലീഗിന് മൂന്നാം സീറ്റ് വേണമെന്നതായിരുന്നു ആവശ്യം. വയനാട്, കണ്ണൂർ, വടകര സീറ്റുകൾ ആയിരുന്നു മുസ്ലീം ലീഗ് കണ്ണുവെച്ചിരുന്നത്. ഇല്ലെങ്കിൽ സമവായ ഫോർമുലയായി രാജ്യസഭാ സീറ്റ് വേണമെന്നും മുസ്ലീം ലീഗ് മുന്നോട്ടുവെച്ചിരുന്നു.
പാണക്കാട് സാദിഖലി തങ്ങൾ പ്രതിപക്ഷ നേതാവുമായി ടെലഫോണിൽ സംസാരിച്ചിട്ടുണ്ട്. അടുത്ത യുഡിഎഫ് യോഗത്തിൽ അന്തിമ തീരുമാനമാകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീം ലീഗിൻ്റെ ആവശ്യത്തിൽ കോൺഗ്രസിൽ തീരുമാനം വൈകുന്നതിനാലാണ് യുഡിഎഫ് യോഗം വൈകിയിരുന്നത്. അടുത്ത യോഗത്തിൽ അന്തിമ പ്രഖ്യാപനമുണ്ടാവുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നിലവിൽ കൊല്ലത്തും കോട്ടയത്തും യു.ഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ഫ്രാൻസിസ് ജോർജാണ് കോട്ടയത്തെ യു.ഡി.എഫ്. സ്ഥാനാർഥി. കൊല്ലത്ത് ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമുള്ള ആർ.എസ്.പിയുടെ സിറ്റിങ് എം.പി. എൻ.കെ. പ്രേമചന്ദ്രൻ യു.ഡി.എഫ്. ടിക്കറ്റിൽ മത്സരിക്കും.