കോഴിക്കോട്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാനായില്ലെങ്കിൽ ഈ ഇന്ത്യ ഇനിയുണ്ടാവില്ലന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഓരോ സംസ്ഥാനത്തെയും ഒരു യൂണിറ്റായി കണ്ട് എല്ലാവരും ജാഗ്രതയോടെ പ്രവർത്തിച്ചാൽ ബിജെപിയെ തോൽപ്പിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ആ പോരാട്ടത്തിൽ വലിയ ഉത്തരവാദിത്വം പ്രവാസികൾക്ക് നിറവേറ്റാനുണ്ട്. പ്രവാസി സംഘം 20–-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായ ‘പ്രവാസ പോരാട്ടത്തിൻ്റെ രണ്ട് പതിറ്റാണ്ടുകൾ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൻ്റെ മുന്നേറ്റത്തിൽ പ്രവാസികളുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയെയും ജനാധിപത്യത്തെയും ബഹുസ്വരതയെയും ഇല്ലാതാക്കി രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുന്ന വർഗീയ ശക്തികളെ പ്രതിരോധിക്കാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണം. വർഗീയതയെ നേരിടാനുള്ള രാജ്യത്തെ ഏറ്റവും വലിയ കരുത്ത് വിശ്വാസികളാണ്. വർത്തമാനകാല ഇന്ത്യയിൽ വിശ്വാസികൾക്ക് ചരിത്രപരമായ ദൗത്യം നിർവഹിക്കാനുണ്ട്. സിപിഎം വിശ്വാസികൾക്ക് എതിരല്ല. വിശ്വാസിയാവാനും അല്ലാതിരിക്കാനും ഭരണഘടനാപരമായി അവകാശമുണ്ട്. ആ അവകാശത്തിനൊപ്പമാണ് സിപിഎം. മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തുകയാണ് മോദി സർക്കാർ.
ബിജെപിയ്ക്കെതിരെ പോരാടാനുള്ള ജാഗ്രത കോൺഗ്രസ് പുലർത്തുന്നില്ല. ബിജെപിയ്ക്ക് തീവ്ര ഹിന്ദുത്വ നിലപാടാണെങ്കിൽ കോൺഗ്രസിന് മൃദുഹിന്ദുത്വമാണ്–- അദ്ദേഹം പറഞ്ഞു.