1942 ലെ പേപ്പർ കൺട്രോൾ ഓർഡർ പ്രകാരം പ്രസിദ്ധീകരണങ്ങളുടെ അച്ചടിക്ക് സർക്കാരിൽ നിന്ന് ന്യൂസ് പ്രിന്റിനായി നൽകിയ അപേക്ഷ ദുർവ്യാഖ്യാനം ചെയ്ത് ദേശാഭിമാനിയെ അവഹേളിക്കാനുള്ള ബിജെപി നീക്കം പൊളിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീകുമാർ ശേഖർ. ദേശാഭിമാനിക്കെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യർ നടത്തിയ നെറികെട്ട പരാമർശങ്ങൾ തെളിവുകൾ സഹിതം ശ്രീകുമാർ തുറന്നു കാട്ടി. സ്വാതന്ത്ര്യ സമരത്തിലുടനീളം ബ്രിട്ടീഷുകാരുടെ ഒറ്റുപുരകളിലായിരുന്നു ബിജെപി – ആർ എസ് എസ് നേതാക്കളുടെ പിതൃ നിരയെന്ന് ശ്രീ കുമാർ ഫേസ്ബുക്കിൽ പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്:
‘നന്നായിക്കുടേ വാര്യരേ’ എന്നു ചോദിക്കുന്നില്ല.
ആ സാധ്യത അത്ര അടഞ്ഞതാണെന്ന് അറിയാം.
പിന്നെ ക്ലീഷേ പാടില്ലല്ലോ!
1942 ൽ വാരികയായി തുടങ്ങാൻ ദേശാഭിമാനിക്ക് പണം നൽകിയത്
ബ്രിട്ടീഷുകാരായിരുന്നു എന്നായിരുന്നല്ലോ സന്ദീപ് വാര്യരുടെ പ്രസംഗം.
ബ്രിട്ടീഷുകാർ ചെയ്ത കാര്യങ്ങൾ ബിജെപി ആർഎസ്‌എസ് നേതാക്കൾ പറയുമ്പോൾ നമ്മൾ ശ്രദ്ധിക്കണം. സ്വാതന്ത്ര്യസമരത്തിലുടനീളം ബ്രിട്ടീഷുകാരുടെ ഒറ്റുപുരകളിലായിരുന്നല്ലോ അവരുടെ പിതൃനിര.
ആ പരമ്പരയുടെ വാലറ്റക്കാരൻ പറഞ്ഞാലും ശ്രദ്ധിയ്‌ക്കണം.
പക്ഷേ ഇവിടെ കമ്യൂണിസ്‌റ്റ് പാർട്ടിയെപ്പറ്റിയാണെന്ന് വാര്യർ മറന്നു.
അതും പാർട്ടി സെക്രട്ടറിയുടെ സാന്നിധ്യത്തിൽ.
അസംബന്ധം എന്ന ഒറ്റവാക്കിൽ ഗോവിന്ദൻ മാസ്‌റ്റർ ആ നുണ അരിഞ്ഞു.
പക്ഷേ വാര്യർ ഒരു ‘രേഖ’യുമായി ഫേസ്‌ബുക്കിൽ പൊങ്ങി.
അവിടെ പറയുന്നത് ഇങ്ങനെ:
“ബ്രിട്ടീഷ് പ്രൊപ്പഗണ്ട നാടുമുഴുവൻ എത്തിക്കാൻ ദേശാഭിമാനി അടക്കമുള്ള കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങൾക്ക് ആവശ്യമുള്ള പ്രിൻറിംഗ് പേപ്പർ നൽകാൻ ഇരന്ന് കൊണ്ട് ബ്രിട്ടിഷ് അധികാരികൾക്ക് പാർട്ടി അഖിലേന്ത്യ സെക്രട്ടറി അയച്ച കത്ത് ഇതാ “
അപ്പോ പത്രം തുടങ്ങാൻ പണം വാങ്ങിയതൊക്കെ മറഞ്ഞു.
പത്രം അച്ചടിക്കാൻ കടലാസ് ചോദിച്ചു എന്നായി!
കത്തിലെ തീയതി പക്ഷേ വാര്യർ മറച്ചു.
ആ ഭാഗം ഇവിടെ കൊടുക്കുന്നു.
1944 ജൂൺ 28.
അതായത് കോഴിക്കോടു നിന്ന് പത്രം തുടങ്ങി രണ്ടുവർഷത്തിനുശേഷം.
ഇനി ഈ കത്ത് ബ്രിട്ടീഷുകാരോട് കാശുചോദിക്കുന്നതാണോ?
അതും നോക്കാം.
കൊൽക്കത്തയിലെ പേപ്പർ കൺട്രോളർക്കാണ് കത്ത്.
1942 ലെ പേപ്പർ കൺട്രോൾ ഓർഡർ പ്രകാരം പ്രസിദ്ധീകരണങ്ങളുടെ അച്ചടിക്ക്
സർക്കാരിൽ നിന്ന് പത്രക്കടലാസ് കിട്ടണം.
ചട്ടത്തിൽ ഇളവ് കിട്ടിയാലെ ആവശ്യത്തിനു പേപ്പർ കിട്ടൂ.
അതിനുള്ള കത്താണിത്.
പേപ്പർ ഇരക്കുന്നു എന്നു വാര്യർ പറഞ്ഞത് ന്യായം.
ആ ഒറ്റ ഭാഷയേ ആ കുലത്തിന് വശമുള്ളൂ.
അവരുടെ പിതൃഭാഷയാണല്ലോ അത്.
വല്ല്യപ്പൂപ്പൻ സവർക്കർ വൈസ്‌റോയിക്ക് കൊടുത്ത കത്തിൽ ഇങ്ങനെയായിരുന്നല്ലോ:
His Excellency the Viceroy of India.
I beg to remain,SIR,Your most obedient servant,
(Sd.) V.D. Savarkar, Convict no. 32778
ഇതായിരുന്നല്ലോ മൂപ്പിലാന്റെ മാപ്പപേക്ഷയിലെ സ്ഥിരം വാചകം!
പിന്നെ രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യയിലെ
കമ്യൂണിസ്‌റ്റ് പാർട്ടി എടുത്ത നിലപാടിനെപ്പറ്റി…
പാർട്ടിയുടെ നിലപാട് ജർമ്മനി നേതൃത്വം നൽകുന്ന ഫാസിസ്‌റ്റ് ചേരിക്കെതിരായിരുന്നു..
സോവിയറ്റ് യൂണിയനും ബ്രിട്ടനും ഉൾപ്പെട്ട സഖ്യശക്തികൾക്ക് അനുകൂലമായിരുന്നു.
അത് രഹസ്യമൊന്നും ആയിരുന്നുമില്ല.
(അതേന്ന്, ഫാസിസ്‌റ്റ് ശക്തികൾക്ക് എന്നും എതിരാണ്. നിങ്ങളെ തോൽപ്പിയ്‌ക്കാൻ ആവുന്ന സഖ്യമൊക്കെ ഉണ്ടാക്കുന്നതും അതുകൊണ്ടുതന്നെ!)
1942ൽ പാർട്ടി എടുത്ത നിലപാട് ജനങ്ങൾക്ക് വേണ്ടത്ര ബോധ്യമായില്ല എന്നത് പാർട്ടി 1948 ൽ തന്നെ വിലയിരുത്തിയിട്ടുമുണ്ട്.
ആ ഒന്നരക്കൊല്ലം നിരോധനമില്ലാതെ പാർട്ടി പ്രവർത്തിച്ചു.
അതുകൊണ്ട് കമ്യൂണിസ്‌റ്റുകാർ ബ്രിട്ടീഷ് ഏജന്റുമാരെന്ന്
പ്രചരിപ്പിക്കാൻ നേർബുദ്ധിയുള്ള ആരെങ്കിലും മുതിരുമോ?
ഒരു കണക്ക് പറയാം.
1943 ലാണ് പാർട്ടിയുടെ ഒന്നാം കോൺഗ്രസ് ബോംബേയിൽ നടന്നത്.
ആകെ 139 പ്രതിനിധികൾ.
ഇവർ ആകെ ജയിലിൽ കഴിഞ്ഞ കണക്ക്
ക്രെഡൻഷ്യൽ റിപ്പോർട്ടിലുണ്ട്:
411 വർഷം!
ഒന്നോ അതിലധികമോ തവണ ജയിലിൽ കഴിഞ്ഞവരായിരുന്നു അവരിൽ 70 ശതമാനം പേരും.
അതായത് ഈ പാർടി നേതാക്കളുടെ രാഷ്ട്രീയ ജീവിതത്തിലെ പകുതിയോളം കാലം ജയിലുകൾക്കുള്ളിലായിരുന്നു എന്നർത്ഥം.
53% പ്രതിനിധികൾ ഒളിവിൽ കഴിഞ്ഞവരായിരുന്നു. അവരുടെയാകെ ഒളിവ് ജീവിതകാലം കൂട്ടിയാൽ അതും 54 വർഷം വരും. 1943ൽ നിരോധനം പിൻവലിച്ചിരുന്നു. പക്ഷെ ഒന്നാം കോൺഗ്രസ് സമയത്തും 695 പാർടി അംഗങ്ങൾ ജയിലുകളിലായിരുന്നു. അവരിൽ 105 പേർക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിക്കപ്പെട്ടിരുന്നത്.
അതായത് ആർ എസ് എസ് നേതാക്കൾ ആഴ്ചയിലൊന്നു വീതം മാപ്പപേക്ഷ എഴുതി ജയിൽ മോചിതരാകാൻ ശ്രമിച്ചിരുന്ന കാലത്ത് കമ്യൂണിസ്റ്റുകാർ ജയിലറകൾക്കുള്ളിൽ യാതന അനുഭവിക്കുകയായിരുന്നു.
ബ്രിട്ടീഷുകാർക്കെതിരെ പൊരുതി ഊർജ്ജം നശിപ്പിക്കരുതെന്ന് ആർ എസ് എസ് ആചാര്യൻ എം എസ് ഗോൾവാൾക്കർ യുവാക്കളെ ഉപദേശിച്ചിരുന്ന സമയത്ത് കമ്യൂണിസ്റ്റുകാർ പൊരുതുകയായിരുന്നു; ഒളിവിലും തെളിവിലും.
അപ്പോൾ ബൈ.