ന്യൂഡൽഹി: തൃപ്പുണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് തിരിച്ചടി. ബാബുവിൻ്റെ വിജയം ചോദ്യം ചെയ്ത് എം.സ്വരാജ് നൽകിയ ഹരജി നിലനിൽക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ബാബുവിന് എതിരായ തെരഞ്ഞെടുപ്പ് ഹർജിയിൽ ഹൈക്കോടതിയിലെ നടപടികൾ തുടരാനും സുപ്രീം കോടതി അനുമതി നൽകി. സ്വരാജിൻ്റെ ഹർജി തള്ളണമെന്ന കെ ബാബുവിൻ്റെ അപ്പീൽ സുപ്രീംകോടതി തള്ളി.
2021ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കെ ബാബു മതചിഹ്നം ഉപയോഗിച്ച് വോട്ടുപിടിച്ചുവെന്നും അയ്യപ്പനെ പ്രചരണ ആയുധമാക്കിയെന്നും അതിനാൽ കെ ബാബുവിന്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സ്വരാജ് ഹർജി നൽകിയിട്ടുള്ളത്. വോട്ട് അഭ്യർഥിച്ചുള്ള സ്ലിപ്പിൽ അയ്യപ്പന്റെ ചിത്രവും ഉപയോഗിച്ചിരുന്നു.
ഈ ഹർജി നിലനിൽക്കില്ലെന്ന കെ ബാബുവിന്റെ തടസ്സ ഹർജി ഹെെക്കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.