ന്യൂഡൽഹി: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന് കോൺഗ്രസ് നേതാവുമായ കമൽനാഥ് ബിജെപിയിലേക്കെന്ന് സൂചന. കമൽ നാഥ്, മകൻ നകുൽ നാഥ്, വിവേക് തൻഖ എന്നിവർ ബിജെപിയിലേക്കെന്നാണ് റിപ്പോർട്ട്. ബിജെപി നേതൃത്വവുമായി കമൽനാഥ് ചർച്ച നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കോൺഗ്രസുമായുള്ള പതിറ്റാണ്ടുകൾ നീണ്ട ബന്ധം അവസാനിപ്പിക്കുന്ന കമൽനാഥിന് രാജ്യസഭാ സീറ്റും മകന് ചിന്ദ്വാര ലോക്സഭാ സീറ്റും മന്ത്രിപദവും ലഭിച്ചേക്കും.
കമൽനാഥ് എംഎൽഎമാരെ അത്താഴ വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് വിരുന്ന്. കമൽനാഥിന്റെ ഭോപ്പാലിലെ വസതിയിൽ വെച്ചാണ് വിരുന്ന്. നിരവധി എംഎൽഎമാർ ഇപ്പോഴും തനിക്കൊപ്പമുണ്ടെന്ന് കാണിക്കാനുള്ള ശക്തിപ്രകടനം കൂടിയായിട്ടാണ് കമൽനാഥിന്റെ നീക്കം വിലയിരുത്തപ്പെടുന്നത്
രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടു കമൽനാഥ് സോണിയഗാന്ധിയുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. സാധ്യതകൾ വിധൂരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് പിന്നാലെയാണ് ബിജെപിയുമായുള്ള ചർച്ച.