ഭവനരഹിതരില്ലാത്ത കേരളമെന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ പ്രതിജ്ഞാബദ്ധതയോടെയാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈഫ് മിഷൻറെ ഭാഗമായി ഈ സാമ്പത്തികവർഷം 71,861 വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കാൻ ആണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 1,41,257 വീടുകളാണ് നിർമ്മാണത്തിനായി കരാർ വച്ചത്. ഇതിൽ 15,518 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. ലൈഫ് മിഷൻ തകർന്നു എന്നു ബോധപൂർവം പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടി കൂടിയാണിതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലക്ഷ്യമിട്ടതിലും ഇരട്ടി വീടുകളുടെ നിർമ്മാണം നടക്കുകയാണെന്നതാണ് യാഥാർത്ഥ്യം.
എല്ലാവരും സുരക്ഷിതമായ പാർപ്പിടത്തിൽ ജീവിക്കണം എന്ന ലക്ഷ്യബോധമാണ് ലൈഫ് മിഷൻറെ രൂപീകരണത്തിലേക്കെത്തിച്ചത്. ആ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിൽ ഉണ്ടാകുന്ന ഓരോ തടസ്സവും ഗൗരവമുള്ളതാണ്.
പ്രധാന മന്ത്രി ആവാസ് യോജന ഭവന ( പി എം എ വൈ ഗ്രാമീൺ) പദ്ധതിയിൽ 2020-21നു ശേഷം കേന്ദ്രം ടാർഗറ്റ് നിശ്ചയിച്ചു
നൽകാത്തതിനാൽ മൂന്ന് വർഷമായി ആ പട്ടികയിൽ നിന്നും പുതിയ വീടുകളൊന്നും അനുവദിക്കാൻ കഴിഞ്ഞിട്ടില്ല. ഈ നിലപാട് തിരുത്താൻ കേന്ദ്രം തയ്യാറാകുന്നില്ല.
കേരളത്തിൽ ഈ പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ എണ്ണം 2,36,670 ആണ്. ഇതിൽ 36,703 വീടുകൾക്കുള്ള സഹായമാണ് ഇതിനകം കേന്ദ്രം അനുവദിച്ചത്. ഇതിൽ 31,171ഉം പൂർത്തിയായിട്ടുണ്ട്. ഓരോ വർഷവും കേന്ദ്രം തീരുമാനിക്കുന്ന എണ്ണം അനുസരിച്ചാണ് വീടുകൾ അനുവദിക്കുന്നത്. കേരളത്തിന് അനുവദിക്കുന്ന സഹായം കൃത്യമായി വിതരണം ചെയ്യാൻ എല്ലാ നടപടികളും സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ വീടുകൾ കേന്ദ്രം അനുവദിക്കുന്നില്ല എന്നതാണ് വസ്തുത.
വീടൊന്നിന് 72,000 രൂപയാണ് ഗ്രാമീണ പദ്ധതിക്കായി കേന്ദ്രസർക്കാർ നൽകുന്നത്. ഇത് 4,00,000 രൂപയാക്കി കേരളം വിതരണം ചെയ്യുന്നു എന്നതാണ് യാഥാർത്ഥ്യം. 2,10,000 രൂപ കേന്ദ്ര വിഹിതം എന്ന വാർത്ത തെറ്റാണ്. പി എം എ വൈ ഗ്രാമീണിൽ 260.44 കോടി കേരളത്തിന് ലഭിക്കേണ്ടതിൽ 187.5 കോടിയാണ് കിട്ടിയത്. ഇതിൽ 157.58 കോടി ചിലവാക്കിയിട്ടുണ്ട്. നിലവിൽ അനുവദിക്കപ്പെട്ട വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നതിനു അനുസരിച്ച്, ബാക്കി തുകയും വിതരണം ചെയ്യും.
അനുവദിക്കുന്ന വീടുകൾക്ക് തന്നെ കേന്ദ്ര സർക്കാർ കടുത്ത നിബന്ധനകൾ അടിച്ചേൽപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പി എം എ വൈ ഗുണഭോക്താവാണെന്ന വലിയ ബോർഡ് വെക്കണമെന്ന നിബന്ധന ഉൾപ്പെടെയാണ് വെച്ചത്. മനുഷ്യരുടെ അടിസ്ഥാന ആവശ്യമാണ് പാർപ്പിടം. അതും കേന്ദ്രസർക്കാരിൻറേയും പ്രധാനമന്ത്രിയുടേയും പരസ്യത്തിനുപയോഗിക്കണമെന്ന് വാശി പിടിക്കുന്നത് നല്ല കാര്യമല്ല.
മറച്ചുവെക്കപ്പെടുന്ന കാര്യങ്ങൾ സമൂഹത്തോട് തുറന്നു പറയാനുള്ള ഉദ്യമം കൂടിയാണ് നവകേരള സദസ്സ് എന്ന് സൂചിപ്പിച്ചതിനെ ചിലർ പരിഹസിച്ചത് കണ്ടു. മറച്ചു വെക്കപ്പെടുന്ന കാര്യങ്ങൾ ജനങ്ങൾ അറിയേണ്ടേ? അങ്ങനെ ഒളിപ്പിച്ചു വെക്കുന്നതും ജനങ്ങൾ അനിവാര്യമായും അറിയേണ്ടതുമായ ഒരു വിഷയം തന്നെയാണ് ഭവന നിർമ്മാണത്തിൻറെ പ്രശ്നം. കേന്ദ്രം കേരളത്തിനുള്ള ഫണ്ട് വിഹിതം നിരന്തരം തടഞ്ഞില്ലെങ്കിൽ ഈ സമയത്തിനുള്ളിൽ എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോട് അടുക്കാൻ കഴിയുന്ന സ്ഥിതി വരുമായിരുന്നു. എന്നാൽ ഫണ്ട് തടഞ്ഞും, അനാവശ്യ നിബന്ധനകൾ അടിച്ചേൽപ്പിച്ചും മറ്റു മാർഗങ്ങളുപയോഗിച്ചും ലൈഫ് മിഷനെ തകർക്കാനാണ് ശ്രമിക്കുന്നത്.
കേരളത്തിൽ എല്ലാവർക്കും ഭവനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമത്തിനു പിന്തുണ നൽകുക എന്നത് മനുഷ്യത്വപരമായ ഉത്തരവാദിത്തമാണ്. അത് നിറവേറ്റാൻ എല്ലാവരും തയാറാകണം. അതിനായി മുന്നോട്ടു വരണം. ലൈഫിനെ തകർക്കാൻ ശ്രമിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, പാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ ശ്രമിക്കരുത്.
എത്രവലിയ വെല്ലുവിളികൾ വന്നാലും ലൈഫ് പദ്ധതിയുടെ ലക്ഷ്യം പൂർത്തീകരിക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.