സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ ഗുരുതര ക്രമക്കേട് നടന്ന 272ൽ 202ഉം യുഡിഎഫ് നിയന്ത്രണത്തിലുള്ളതാണെന്ന് സഹകരണ രജിസ്ട്രാർ നടത്തിയ പരിശോനയിൽ കണ്ടെത്തി. ബിജെപി ഭരിക്കുന്ന ഏഴ് സംഘങ്ങളിലും അഴിമതി കണ്ടെത്തി. സംസ്ഥാനത്തെ 16,255 സഹകരണ സംഘങ്ങളിൽ 272 എണ്ണത്തിൽ മാത്രമാണ് വെട്ടിപ്പും ക്രമക്കേടുകളും കണ്ടെത്തിയത്. ഇതിൽ പലതും വിവിധ മേഖലകളിലെ പ്രാഥമിക സഹകരണ സംഘങ്ങളാണ്. ബാങ്കിങ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ വളരെ കുറവാണ്.
അഴിമതി കണ്ടെത്തിയിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. കരുവന്നൂരിൻ്റെ പേരിൽ സഹകരണ മേഖലയെ വേട്ടയാടുന്ന മാധ്യമങ്ങൾ കോൺഗ്രസും ബിജെപിയും അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സ്ഥാപനങ്ങളിലെ കൊള്ളയ്ക്കു നേരെ കണ്ണടച്ചിരിപ്പാണ്. തിരുവനന്തപുരത്തും തൃശൂരും വയനാട്ടിലും ഉൾപ്പെടെ സഹകരണ തട്ടിപ്പ് നടത്തിയവരെല്ലാം കോൺഗ്രസിൻ്റെ പ്രമുഖ നേതാക്കളാണ്.
അറുപത്തിമൂന്ന് സംഘങ്ങൾ എൽഡിഎഫ് ഭരണ സമിതിക്കു കീഴിലാണെന്ന് റിപ്പോർട്ടിലുണ്ടെങ്കിലും തട്ടിപ്പുകാരെ നിയമത്തിനുമുന്നിൽ കൊണ്ടുവന്നതും നിക്ഷേപകരെ സംരക്ഷിച്ചതും ഈ സംഘങ്ങളിലാണ്. ഇഡിയും മാധ്യമങ്ങളും ചേർന്ന് സഹകരണമേഖലയെ വേട്ടയാടാൻ ഉപയോഗിക്കുന്ന കരുവന്നൂർ ബാങ്കിലും തട്ടിപ്പുകാർക്കെതിരെ ശക്തമായ നടപടിയാണ് സർക്കാരും സിപിഎമ്മും സ്വീകരിച്ചത്. ബാങ്ക് മികച്ചനിലയിൽ പ്രവർത്തിപ്പിക്കാനും നിക്ഷേപങ്ങൾ തിരിച്ചുനൽകാനും തുടങ്ങി.
മലപ്പുറത്തും -38 തിരുവനന്തപുരത്തുമാണ് -25 ഏറ്റവും കൂടുതൽ അഴിമതി സംഘങ്ങൾ യുഡിഎഫിനുള്ളത്. കൊല്ലം–- 16, പത്തനംതിട്ട–- 9, ആലപ്പുഴ–-14, കോട്ടയം–- 15, ഇടുക്കി–- ഏഴ്, എറണാകുളം–- 24, തൃശൂർ–- എട്ട്, പാലക്കാട്– -11, കോഴിക്കോട്–- ആറ്, വയനാട്–- നാല്, കണ്ണൂർ–- 19, കാസർകോട്–- ആറ് എന്നിങ്ങനെയാണ് ക്രമക്കേട് കണ്ടെത്തിയ യുഡിഎഫ് നിയന്ത്രണത്തിലുള്ള സംഘങ്ങൾ.
ബിജെപി ഭരിക്കുന്ന ഊരൂട്ടമ്പലം ഹൗസിങ് സഹകരണസംഘം, ചിത്തിരതിരുനാൾ ഫാർമേഴ്സ് സഹകരണ സംഘം, ബാലരാമപുരം പഞ്ചായത്ത് റസിഡൻസ് വെൽഫെയർ സഹകരണ സംഘം, ആറാട്ടുപുഴ സർവീസ് സഹകരണ ബാങ്ക്, മുഗു സർവീസ് സഹകരണ ബാങ്ക്, കുമ്പള സർവീസ് സഹകരണ ബാങ്ക്, കുഡ്ലു സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലും സഹകരണവകുപ്പ് ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.