സംസ്ഥാനത്ത് ദേശീയപാത പദ്ധതികളുടെ ജോലി നിര്‍ത്തിവച്ചെന്ന് മാധ്യമങ്ങളുടെ വ്യാജ പ്രചാരണം. പാലക്കാട്- -കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ്, ദേശീയപാത 66 ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളെല്ലാം പുരോഗമിക്കുകയാണ്. ദേശീയപാത അതോറിറ്റിയുമായി ശനിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ആശയക്കുഴപ്പമുണ്ടായതാണ് പദ്ധതി മുടങ്ങാന്‍ കാരണമെന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തല്‍.
കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ദേശീയപാത അതോറിറ്റി അധികൃതരുമായി ചര്‍ച്ച നടത്തിയിട്ടില്ല. ഈ മാസം നാലിന് ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയില്‍ എറണാകുളം ബൈപാസ്, കൊല്ലം- ചെങ്കോട്ട പാതയ്ക്ക് സംസ്ഥാന വിഹിതം നല്‍കേണ്ടെന്ന് തീരുമാനിച്ചിരുന്നു.
പകരം സംസ്ഥാനത്തിന്റെ പരിധിയിലുള്ള ഭൂമിയില്‍ മണ്ണും കല്ലും ഖനനം നടത്താന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പരിഗണന നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന ജിഎസ്ടിയില്‍നിന്നും സാമഗ്രികളുടെ സംഭരണത്തിന്റെ റോയല്റ്റിയില്നിന്നും ദേശീയപാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളെ ഒഴിവാക്കണമെന്നും ചര്‍ച്ചയില്‍ കേന്ദ്രം ആവശ്യപ്പെട്ടു. സംസ്ഥാനം ഇക്കാര്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തു.
എന്നാല്‍, സര്‍ക്കാര്‍ ഭൂമിയില്‍ ഖനനം നടത്താന്‍ അനുമതി നല്കണമെങ്കില് റവന്യു ചട്ടം പരിഷ്കരിക്കണം. ഇതിനുള്ള നടപടി പുരോഗമിക്കുയാണ്. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ചീഫ് സെക്രട്ടറി വി വേണുവിന്റെ നേതൃത്വത്തില്‍ ദേശീയപാത അതോറിറ്റി അധികൃതര്‍ ചര്‍ച്ച നടത്തി. ഇതിനിടെയാണ് പദ്ധതി മുടങ്ങിയെന്ന പ്രചാരണം അഴിച്ചുവിട്ടത്.
കൊല്ലം- ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപന നടപടി പുരോഗമിക്കുന്നതേയുള്ളൂ. എറണാകുളം ബൈപാസിന്റെ വിജ്ഞാപനംപോലുമായിട്ടില്ല. ഈ പദ്ധതി മുടങ്ങിയെന്നും മാധ്യമങ്ങള്‍ ആരോപിക്കുന്നു. വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ റിങ് റോഡിന് സംസ്ഥാന വിഹിതം നല്കുന്ന കാര്യത്തില്‍ മാത്രമാണ് ഇനി തീരുമാനമെടുക്കാനുള്ളത്. ഇതിനായി ചര്‍ച്ചയ്ക്ക് ചീഫ് സെക്രട്ടറിയെ സംസ്ഥാനം ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ദേശീയപാത വികസനം കേരളത്തില്‍ വേഗത്തിലാണ് നടക്കുന്നതെന്നും സംസ്ഥാനം മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും കേന്ദ്രമന്ത്രി ഉള്‍പ്പെടെ വ്യക്തമാക്കിയിരുന്നു.