കേരളമാണ് രാജ്യത്ത് വിജ്ഞാന വ്യവസായത്തിന് ഏറ്റവും അനുയോജ്യമായ ഇടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സയൻസ് പാർക്കുകളും ഡിജിറ്റൽ സയൻസ് പാർക്കും വിജ്ഞാന സമ്പദ്വ്യവസ്ഥയുടെ നെടുംതൂണായി മാറുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഡിജിറ്റൽ സയൻസ് പാർക്കിൻ്റെ ആദ്യഘട്ട പ്രവർത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ആദ്യ ഐടി പാർക്ക് എന്നപോലെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്കും ആരംഭിച്ച് കേരളം രാജ്യത്തിന് മാതൃകയാകുകയാണ്. രണ്ടു വർഷംമുമ്പ് കേരളത്തിൽ ആരംഭിച്ച ഡിജിറ്റൽ സർവകലാശാല രാജ്യത്തിൻ്റെയാകെ ശ്രദ്ധാകേന്ദ്രമായി. ഐടി അധിഷ്ഠിത വിജ്ഞാന വ്യവസായങ്ങളുടെ വളർച്ചയ്ക്കാവശ്യമായ ഭൗതികവും സാങ്കേതികവും ബൗദ്ധികവുമായ അടിസ്ഥാനസൗകര്യം ലഭ്യമാക്കാൻ ഡിജിറ്റൽ സയൻസ് പാർക്കിനു കഴിയും.
നാടിനെ വിജ്ഞാന സമ്പദ്ഘടനയായി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണിത്. ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും മനുഷ്യപുരോഗതിക്കും സാമൂഹ്യ പരിവർത്തനത്തിനും പ്രയോജനപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതി പ്രയോജനപ്പെടുത്തും വിധം വിജ്ഞാന വ്യവസായങ്ങളുടെ വികസനം സുഗമമാക്കുന്നതിന് മുൻകൈയെടുക്കാനുള്ള ഉത്തരവാദിത്വം സർക്കാർ നിർവഹിക്കും. ഡിജിറ്റൽ സയൻസ് പാർക്കിൻ്റെ തുടക്കത്തിൽത്തന്നെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി സ്റ്റാർട്ടപ്പുകളും കമ്പനികളും പ്രവർത്തനം ആരംഭിക്കുകയാണ്. നാട് സഞ്ചരിക്കുന്നത് ശരിയായ ദിശയിലാണെന്നതിൻ്റെ തെളിവാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.