തിരുവനന്തപുരം: സ്‌പീക്കർ എ എൻ ഷംസീറിൻ്റെ പ്രസംഗം വ്യാഖ്യാനിച്ച് ഭിന്നതയുണ്ടാക്കാൻ ശ്രമം നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭിന്നിപ്പുണ്ടാക്കുന്നതിനെതിരെ ജാഗ്രതവേണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം മതവിശ്വാസങ്ങൾക്കെതിരല്ല. എല്ലാ വിശ്വാസികളുടെ വിശ്വാസികളല്ലാത്തവരുടെയും ജനാധിപത്യ അവകാശം സംരക്ഷിക്കുകയാണ് സിപിഎം ചെയ്യുന്നത്. ആ നിലപാട് എന്നും സിപിഎം തുടരും. എ എൻ ഷംസീർ മാപ്പ് പറയുകയോ തിരുത്തിപറയുകയോ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ അഭിപ്രായം പറയുന്ന കോൺഗ്രസ് നേതാക്കൾ നെഹറുവിൻ്റെ പുസ്തകങ്ങൾ വായിക്കണം. ചരിത്രത്തെ കാവി വൽക്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഗണപതി ക്ഷേത്രത്തിൽ പോയി വഴിപാട് നടത്തുന്നതിൽ പാർട്ടിക്ക് എതിരഭിപ്രായം ഇല്ല. പക്ഷെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നില്ലേയെന്ന് സ്വയം പരിശോധിക്കാൻ എൻഎസ്എസ് തയ്യറാകണം. പ്ലാസ്റ്റിക് സർജറിയിലൂടെ ഗണപതി ഉണ്ടായെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. പുഷ്പക വിമാനത്തിൻ്റെ കാര്യം ശാസ്ത്ര കോൺഗ്രസിൽ ഇതേ പ്രധാനമന്ത്രി അവതരിപ്പിച്ചു. ഇതൊക്കെ ചരിത്രത്തിൻ്റെ ഭാഗമാക്കുന്നത് തെറ്റാണ്. മിത്തായി അംഗീകരിക്കാം. പരശുരാമൻ മഴുവെറിഞ്ഞ് കേരള മുണ്ടാക്കി ബ്രാഹ്മണർക്ക് നൽകി എന്നു പറയുന്നു. ബ്രാഹ്മണ കാലത്താണോ കേരളം ഉണ്ടായത്? അതിനും എത്രയോ കൊല്ലം മുമ്പ് കേരളം ഉണ്ടായിട്ടില്ലേയെന്നും എംവി ഗോവിന്ദൻ ചോദിച്ചു.