മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ആർഎസ്എസ് നേതൃത്വവുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയെന്ന് മുതിർന്ന മാധ്യമപ്രവർത്തക നീരജ ചൗധുരിയുടെ വെളിപ്പെടുത്തൽ. ‘ഹൗ പ്രൈംമിനിസ്റ്റേഴ്സ് ഡിസൈഡ്’ എന്ന അവരുടെ പുസ്തകത്തിലാണ് കോൺഗ്രസ് നേതൃത്വവും ആർഎസ്എസ് നേതൃത്വവും എൺപതുകളിൽ പലവട്ടം കൂടിയാലോചന നടത്തിയതിൻ്റെ വിവരങ്ങൾ. പുസ്തകം താമസിയാതെ പ്രകാശനം ചെയ്യും.
അടിയന്തരാവസ്ഥയിൽ ആർഎസ്എസ് നേതൃത്വം പ്രധാനമന്ത്രിഇന്ദിരാ ഗാന്ധിയുമായി ആശയവിനിമയം നടത്തിയിരുന്നു. എന്നാൽ, ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് ഇന്ദിര തയ്യാറായില്ല. അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരത്തിൽനിന്ന് പുറത്തുപോയ ഇന്ദിരാഗാന്ധി 1980ൽ വീണ്ടും പ്രധാനമന്ത്രിയായി. 1982ൽ അന്നത്തെ ആർഎസ്എസ് തലവൻ ബാലാസാഹെബ് ദേവറസിൻ്റെ സഹോദരൻ ഭാവുറാവു ദേവറസുമായി കൂടിക്കാഴ്ച നടത്താൻ ഇന്ദിരാഗാന്ധി മകൻ രാജീവ് ഗാന്ധിയോട് നിർദേശിച്ചു. ആർഎസ്എസിൻ്റെ രാഷ്ട്രീയകാര്യങ്ങളുടെ ചുമതല അക്കാലത്ത് ഭാവുറാവുവിനായിരുന്നു. ഇന്ദിരയുടെ വിശ്വസ്തനായ കപിൽ മോഹൻ എന്ന ബിസിനസുകാരൻ കോൺഗ്രസ്–- ആർഎസ്എസ് ചർച്ചകൾക്ക് ഇടനിലക്കാരനായെന്നും പുസ്തകത്തിൽ പറയുന്നു.
1982–-84 കാലയളവിൽ മൂന്നുവട്ടം രാജീവ് ആർഎസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. അടച്ചിട്ടിരിക്കയായിരുന്ന ബാബറി മസ്ജിദ് 1986ലാണ് പൂജകൾക്കായി രാജീവ് ഗാന്ധി തുറന്നുകൊടുക്കുന്നത്. ആർഎസ്എസ് താൽപ്പര്യപ്രകാരമായിരുന്നു നീക്കം. ഇതോടെയാണ് അയോധ്യാ വിഷയം ആളിക്കത്തുന്നത്.
കപിൽ മോഹൻ്റെ ഡൽഹി പുസാ റോഡിലെ 46–-ാം നമ്പർ വസതിയിൽ 1982 സെപ്തംബറിലാണ് രാജീവ് ഗാന്ധിയും ഭാവുറാവു ദേവറസും ആദ്യം കൂടിക്കാഴ്ച നടത്തിയത്. രണ്ടാമത്തെ കൂടിക്കാഴ്ചയും പുസാ റോഡ് വസതിയിലായിരുന്നു. പിന്നീട് ഡൽഹി ഫ്രണ്ട്സ് കോളനിയിൽ കപിൽ മോഹൻ്റെ അനന്തരവൻ അനിൽ ബാലിയുടെ വസതിയിലും രാജീവും ദേവറസും കൂടിക്കാഴ്ച നടത്തി. 1991 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പായും ചർച്ച നടത്തി. പത്ത് ജൻപഥിലായിരുന്നു കൂടിക്കാഴ്ച.
രാജീവ് ഗാന്ധിയും ദേവറസുമായുള്ള ആദ്യ കൂടിക്കാഴ്ചകൾക്ക് വഴിയൊരുക്കിയത് ഇന്ദിരയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന എം എൽ ഫൊത്തേദാറാണെന്നും പുസ്തകത്തിൽ പറയുന്നു.