കോളേജ് അധ്യാപകരുടെ യുജിസി ശമ്പളപരിഷ്കരണ കുടിശ്ശികയിലും ക്ഷേമപെൻഷൻ ഇനത്തിലും കേരളം വിതരണം ചെയ്ത തുകയുടെ വിഹിതമായ 1273 കോടി രൂപ ഉൾപ്പെടെ കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരിക്കുന്നത് 1693.75 കോടി രൂപ. ക്ഷേമ പെൻഷനിലെ വിഹിതമായി 522 കോടി രൂപയും യുജിസി ശമ്പളകുടിശ്ശികയിലെ കേന്ദ്രവിഹിതമായ 751 കോടിയും നിഷേധിച്ചിരിക്കുകയാണ്. ആരോഗ്യ ഗ്രാന്റിനത്തിൽ 331. 6 കോടിയും നഗരസഭകൾക്കുള്ള ഗ്രാന്റിനത്തിൽ 89.12 കോടിയും കുടിശ്ശികയാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് കേന്ദ്രത്തിൻ്റെ കൊടും ക്രൂരത.
യുജിസി കുടിശ്ശിക ബാധ്യതയുടെ പകുതിത്തുകയായ 750.93 കോടി രൂപയാണ് നിസ്സാരകാരണം പറഞ്ഞ് നിഷേധിച്ചത്. തുക നൽകാനാകില്ലെന്ന കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ കത്ത് ധനമന്ത്രി കെ എൻ ബാലഗോപാലിന് ലഭിച്ചു. കുടിശ്ശിക അനുവദിക്കണമെന്ന് ധനമന്ത്രി രണ്ടുതവണ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ നേരിൽക്കണ്ട് നിവേദനം നൽകിയിരുന്നു. കുടിശ്ശികയായി 1503.85 കോടി രൂപയാണ് സംസ്ഥാനം വിതരണം ചെയ്തത്.
സർവകലാശാലകളിലെയും കോളേജുകളിലെയും അധ്യാപകർക്കും ജീവനക്കാർക്കും ഏഴാം കേന്ദ്ര ശമ്പള പരിഷ്കരണ കമീഷൻ ശുപാർശപ്രകാരമുള്ള ആനുകൂല്യങ്ങളുടെ കുടിശ്ശിക നൽകാൻ 2018 ജൂലൈ ഏഴിനാണ് കേന്ദ്രം നിർദേശിച്ചത്. ചെലവിൻ്റെ പകുതി കേന്ദ്രവും ബാക്കി സംസ്ഥാനവും വഹിക്കണമെന്നായിരുന്നു ധാരണ. കേന്ദ്ര വിഹിതം അനുവദിക്കണമെന്നാവശ്യപ്പെട്ട് പലതവണ കത്തയച്ചു. കണക്കിൽ ചില പോരായ്കൾ ചൂണ്ടിക്കാട്ടി 2022 മാർച്ച് പത്തിന് വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ കത്ത് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചു. ഇത് പരിഹരിച്ച കണക്ക് 2022 മാർച്ച് 21ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വിഭാഗം ജോയിന്റ് സെക്രട്ടറിക്ക് എത്തിച്ചു. ഇത് മറച്ചുവച്ചാണ് കൃത്യമായ കണക്ക് നിശ്ചിത സമയത്തിനുള്ളിൽ ലഭ്യമാക്കിയിട്ടില്ലെന്ന വാദം ഉയർത്തി വിഹിതം നിഷേധിച്ചത്.
ആറുലക്ഷത്തോളം പേരുടെ 27 മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷൻ്റെ വിഹിതവും കേന്ദ്രം തട്ടിയെടുത്തു. 62 ലക്ഷം പേർക്ക് കേരളം പ്രതിമാസം 1600 രൂപവീതം പെൻഷൻ നൽകുന്നതിൽ 6,01,316 പേർക്കാണ് കേന്ദ്രത്തിൻ്റെ ചെറിയ വിഹിതമുള്ളത്. സംസ്ഥാനം വിതരണം ചെയ്യുകയും പിന്നീട് കേന്ദ്ര വിഹിതം അനുവദിക്കുകയുമാണ് രീതി. ഇതിനാവശ്യമായ 522 കോടി രൂപ കേന്ദ്രം അനുവദിച്ചില്ല. 2021 ജനുവരി മുതൽ 2023 മാർച്ചുവരെയുള്ള കുടിശ്ശിക നൽകണമെന്ന കേരളത്തിൻ്റെ നിരന്തര ആവശ്യത്തോട് കേന്ദ്ര സർക്കാർ പ്രതികരിച്ചിട്ടേയില്ല.