മണിപ്പുരിൽ കുക്കി സ്ത്രീകൾ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതടക്കമുള്ള കൊടും ക്രൂരതകളെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അട്ടിമറിക്കുന്നു. വിവിധ സുരക്ഷാ ഏജൻസികൾക്ക് മണിപ്പുർ സർക്കാർ നൽകിയ എഫ്ഐആർ പകർപ്പുകളിൽ ഒന്നിൽപ്പോലും ബലാത്സംഗക്കുറ്റം ഉൾപ്പെടുത്തിയിട്ടില്ല. രണ്ട് കുക്കി സ്ത്രീകളെ നഗ്നരായി നടത്തിയശേഷം ലൈംഗികമായി പീഡിപ്പിച്ച കേസിലും കൂട്ടബലാത്സംഗ കുറ്റമായ ഐപിസി 376 ഉൾപ്പെടുത്തിയിട്ടില്ല. ഈ ക്രൂരത മൊബൈൽ ഫോണിൽ ചിത്രീകരിച്ചയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നഗ്നരായി നടത്തപ്പെട്ട രണ്ടു സ്ത്രീകളിൽ ഒരാൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് സമ്മതിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശക്തമായ നടപടി ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് കുറ്റവാളികളെ സംരക്ഷിക്കുന്ന നടപടി.
മെയ് നാലിനാണ് രണ്ടു കുക്കി സ്ത്രീകളെ കലാപകാരികൾ നഗ്നരാക്കി നടത്തിയതും ഒരാളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതും. ഈ സംഭവവുമായി ബന്ധപ്പെട്ട് സായ്കുൽ പോലീസ് സ്റ്റേഷനിൽ മെയ് 18ന് സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പിന്നീട് സംഭവമുണ്ടായ നോങ്പോക് സെക്മയ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും 110(6) 2023 നമ്പറിൽ എഫ്ഐആർ ഇടുകയും ചെയ്തു. മാധ്യമങ്ങൾക്കും മറ്റും നൽകിയ എഫ്ഐആർ പകർപ്പിൽ ഐപിസി 376 ഉൾപ്പെട്ടിരുന്നു. എന്നാൽ, സുരക്ഷാ ഏജൻസികൾക്ക് കൈമാറിയ എഫ്ഐആർ പകർപ്പിൽ നിന്നും ഐപിസി 376 ഒഴിവാക്കി. കിഴക്കൻ ഇംഫാലിൽ ഒരു കാർവാഷ് സെന്ററിൽ രണ്ട് കുക്കി പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലും 376 ഉൾപ്പെടുത്തിയിട്ടില്ല.