കണ്ണൂർ: തന്നെ കാണാൻ ആർക്കും എത്ര വട്ടം വേണമെങ്കിലും കണ്ണൂരിലേക്ക് വരാമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. ഓണത്തിനോ, പെരുന്നാളിനോ, ക്രിസ്തുമസിനോ എപ്പോൾ വന്നാലും സന്തോഷമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സംഘപരിവാറുകാരുടെ അശാസ്ത്രീയ വിഡ്ഢിത്തങ്ങളും വിധ്വംസകമായ ആശയങ്ങളും ഇനിയും തുറന്നെതിർക്കും. ആ കാരണത്താൽ സഖാവ് ഷംസീറിനെയെന്നല്ല ആരെയും ഭീഷണിപ്പെടുത്തി ഭയപ്പെടുത്താമെന്ന് ആർ.എസ്.എസ് കരുതേണ്ടന്നും അദ്ദേഹം വ്യക്തമാക്കി.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
ദൈവ വിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള രാജ്യമാണ് നമ്മളുടേത്. ആർക്കും അവരവരുടെ മതവിശ്വാസം പുലർത്താനുള്ള ജനാധിപത്യ അവകാശവും ഈ രാജ്യത്തുണ്ട്. പക്ഷേ ഭൂരിപക്ഷം ഈശ്വര വിശ്വാസികൾ ജീവിക്കുന്ന രാജ്യത്തും , ഒരു പരീക്ഷയിൽ പ്രപഞ്ചത്തെ കുറിച്ചുള്ള ചോദ്യം വന്നാൽ, മതവിശ്വാസം മുന്നോട്ട് വെക്കുന്ന പ്രപഞ്ച സങ്കല്പം ആരും ഉത്തരമായി എഴുതില്ല. കാരണം ,യുക്തിസഹമായ ശാസ്ത്രീയ വിശദീകരണം അവിടെ ആവശ്യമാണ്.
വിശ്വാസ തലവും പ്രായോഗിക തലവും തമ്മിൽ യുക്തി സഹമായ ഈ അതിർ വരമ്പുണ്ട്. ഒരു കാൽ ഭൂമിയിൽ ഉറച്ചു വച്ചും മറു കാൽ പകുതിമാത്രം ഭൂമിയിൽ തൊടുന്ന നിലയിൽ പിണച്ചു വച്ചും നിൽക്കുന്ന ശ്രീ കൃഷ്ണന്റെ വിഗ്രഹങ്ങളുടെ നിൽപ്പിനെ കുറിച്ച് മനോഹരമായൊരു ആഖ്യാനമുണ്ട്. ‘ഭൗതികതയിൽ ഉറച്ച് നിൽക്കുക – ആത്മീയതയിൽ തൊട്ട് നിൽക്കുക എന്ന്’. നിർഭാഗ്യവശാൽ നേർവിപരീതമാണ് നമ്മുടെ നാട്ടിൽ നടന്ന് കൊണ്ടിരിക്കുന്നത്.
പൗരന്മാരിൽ ശാസ്ത്ര ചിന്തകൾ വളർത്തുക എന്നത് നമ്മുടെ ഭരണ ഘടനാ പ്രകാരം മൗലിക കർത്തവ്യമാണ്. ആ നാട്ടിലാണ് ആ ഭരണ ഘടന കാക്കേണ്ടുന്ന പ്രധാന മന്ത്രി ‘ഗണപതിയുടെ തല മാറ്റി വച്ചത് ലോകത്തിലേ ആദ്യത്തെ പ്ലാസ്റ്റിക് സർജറിയാണെന്ന് ‘ ഗൗരവകരമായ ഒരു പൊതുപരിപാടിയിൽ പ്രസംഗിച്ചത്. അതിനെ ആ കാലത്ത് തന്നെ രാജ്യത്തിന് അകത്തും പുറത്തുമുള്ള ശാസ്ത്ര സമൂഹവും ഉൽപതിഷ്ണുക്കളും വിമർശിച്ചിട്ടുണ്ട്, അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും രാജ്യ പ്രധാന മന്ത്രിയുടെ ഈ പരിഹാസ്യമായ പ്രസ്താവന വാർത്തയാക്കി.
ഇത് മാത്രമല്ല പുഷ്പക വിമാനത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുമൊക്കെയുള്ള പല തരം മണ്ടത്തരങ്ങൾ പ്രധാന മന്ത്രി പൊതുപരിപാടിയിൽ വിളിച്ചു പറഞ്ഞിട്ടുണ്ട്.
ബഹുമാനപ്പെട്ട നിയമ സഭാ സ്പീക്കർ സഖാവ് എ. എൻ ഷംസീർ കുട്ടികൾക്കുള്ള ഒരു പൊതുപരിപാടിയിൽ വച്ച് ആ അശാസ്ത്രീയമായ വാചകങ്ങളെയാണ് വിമർശിച്ചത്, ശാസ്ത്രീയമായ വീക്ഷണമാണ് അവതരിപ്പിച്ചത്. അതിൽ വിശ്വാസിയായ ഒരു മനുഷ്യനും വേദന തോന്നാൻ ഇടയില്ല, അതിന്റെ ആവശ്യവുമില്ല. വിശ്വാസവും വിശ്വാസത്തെ മറയാക്കിയുള്ള മുതലെടുപ്പുകളും നന്നായി അറിയുന്നവരാണ് മലയാളികൾ.
സഖാവ് ഷംസീറിനെതിരെ യുവമോർച്ചക്കാർ ‘ജോസഫ് മാഷിന്റെ അനുഭവം വരാതിരിക്കില്ല” എന്ന നിലയിലുള്ള ഭീഷണിയാണ് നടത്തിയത്. പ്രതികാരം തീർത്ത പോപ്പുലർ ഫ്രണ്ട് ഭീകരവാദികളോടാണ് യുവമോർച്ചക്കാർ സ്വയം ഉപമിക്കുന്നത്.അതേതായാലും ആ യുവമോർച്ചക്കാർക്ക് മനസിലാകുന്ന മറുപടിയാണ് ഞാൻ പറഞ്ഞതും.
സംഘപരിവാറുകാരുടെ അശാസ്ത്രീയ വിഡ്ഢിത്തങ്ങളും വിധ്വംസകമായ ആശയങ്ങളും ഇനിയും തുറന്നെതിർക്കും. ആ കാരണത്താൽ സഖാവ് ഷംസീറിനെയെന്നല്ല ആരെയും ഭീഷണിപ്പെടുത്തി ഭയപ്പെടുത്താമെന്ന് ആർ.എസ്.എസ് കരുതേണ്ട. പിന്നെ എന്നെ കാണാൻ ആർക്കും എത്ര വട്ടം വേണെങ്കിലും ഇവിടേക്ക് വരാവുന്നതാണ്. ഓണത്തിനോ ,പെരുന്നാളിനോ, ക്രിസ്തുമസിനോ എപ്പോൾ വന്നാലും സന്തോഷം തന്നെ. അനീതിക്കും അക്രമത്തിനുമെതിരെ പൊരുതിക്കൊണ്ടിരിക്കുന്ന ചുവന്ന കണ്ണൂരിലേക്ക് സ്വാഗതം.