കേന്ദ്ര ഖനനനിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ കേരളം. 1957-ലെ മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻസ്) നിയമഭേദഗതിക്കുള്ള കേന്ദ്ര തീരുമാനത്തിനെതിരെയാണ് കേരളം കോടതിയെ സമീപിക്കുന്നത്. നിയമവിദഗ്ധരുടെ അഭിപ്രായം തേടിയതായും ഭേദഗതിയിൽ ഒരു വർഷം മുമ്പുതന്നെ എതിർപ്പ് അറിയിച്ചിരുന്നതായും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
കേരളത്തിന്റെ തീരപ്രദേശത്തെ കരിമണലിന്റെ ഖനനാനുമതിക്ക് സംസ്ഥാനത്തിനുള്ള അധികാരം കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്നതിനൊപ്പം സ്വകാര്യ സംരംഭകർക്ക് അനുവാദം നൽകുന്നതുമാണ് ഭേദഗതി. നിലവിലെ നിയമപ്രകാരം കരിമണലിൽനിന്ന് ലഭിക്കുന്ന ധാതുക്കളുടെ ഖനനത്തിന് പൊതുമേഖലാ കമ്പനികളെ മാത്രമേ നിയോഗിക്കാനാകൂ. ഭേദഗതിയിലൂടെ, ഖനനം പൊതുമേഖലാ കമ്പനിയിൽ നിലനിർത്തണമെന്ന നയത്തിൽ മാറ്റംവരും. ആണവ ധാതുക്കളുടെ ഖനനമേഖലയിൽ സ്വകാര്യവൽക്കരണത്തിനുള്ള തടസ്സവും ഒഴിവാകും. ആണവ ധാതുക്കളുടെ പട്ടികയിൽനിന്ന് എട്ടു ധാതുക്കളെ മാറ്റി സ്വകാര്യമേഖലയ്ക്ക് ഖനനത്തിന് നൽകുന്നത് രാജ്യസുരക്ഷയ്ക്കും ഭീഷണിയാണ്.
ഭേദഗതി നടപ്പായാൽ സംസ്ഥാന അനുമതികൂടാതെ കരിമണൽ ഉൾപ്പെടുന്ന സ്ഥലങ്ങൾ സ്വകാര്യമേഖലയ്ക്ക് ഖനനത്തിന് നൽകാൻ കേന്ദ്രത്തിന് സാധിക്കും. ജനസാന്ദ്രതയേറിയതും അതീവ ദുർബലവുമായ കേരളത്തിന്റെ തീരമേഖല സ്വകാര്യ ഖനനത്തിന് നൽകുന്നത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും. ജനങ്ങളുടെ സുരക്ഷയ്ക്കും പരിസ്ഥിതിക്കും മുൻഗണന നൽകിയുള്ള നിയന്ത്രിത ഖനനാനുമതിയിലാണ് പൊതുമേഖലാ സ്ഥാപനങ്ങൾ നിലവിൽ പ്രവർത്തിക്കുന്നത്. ഈ മേഖല സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുന്നത് ആലപ്പുഴ, കൊല്ലം ജില്ലകളിലെ ആയിരങ്ങളെ ഗുരുതരമായി ബാധിക്കും.
നിലവിലെ വ്യവസ്ഥ പ്രകാരം ഒരു ഖനിയിൽനിന്ന് ഖനനം ചെയ്യുന്ന ധാതുക്കളുടെ 50 ശതമാനം ആ ഖനിയിലെ ധാതുക്കൾ ഉപയോഗിക്കുന്ന കമ്പനിയുടെ ഉപയോഗശേഷമേ വിപണനം നടത്താനാകൂ. കമ്പനിയുടെ ഉപയോഗശേഷം എന്ന ഭാഗം ഒഴിവാക്കുന്നതാണ് ഭേദഗതികളിലൊന്ന്. ഇതുൾപ്പെടെയുള്ള ഭേദഗതികൾ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ കെഎംഎംഎൽ, ഐആർഇഎൽ, ടിടിപിഎൽ എന്നിവയുടെ നിലനിൽപ്പിനും വെല്ലുവിളിയാണ്.
തന്ത്രപ്രധാന ധാതുക്കളും സ്വകാര്യ കുത്തകകൾക്ക് കടലിലെയും തീരത്തെയും തന്ത്രപ്രധാന ധാതുക്കളും സ്വകാര്യ കുത്തക കമ്പനികൾക്ക് വിറ്റുതീർക്കാൻ കേന്ദ്രസർക്കാർ. 2002ലെ ഓഫ്ഷോർ ഏരിയാസ് മിനറൽ (ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ) നിയമത്തിൽ ഭേദഗതി നിർദേശിക്കുന്ന പുതിയ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ഗ്രാഫൈറ്റ്, റോക്ക് ഫോസ്ഫേറ്റ്, സെലിനിയം, ലിഥിയം, വജ്രം, സ്വർണം, ടൈറ്റാനിയം തുടങ്ങിയവ ഇനി സ്വകാര്യ കുത്തകകൾക്ക് സംസ്കരിച്ചെടുക്കാനാകും. ബഹിരാകാശം, പ്രതിരോധം, ഊർജം, ടെലികമ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിൽ നിർണായകമാകുന്ന ആറുതരം ധാതുക്കളും അറ്റോമിക ധാതു പട്ടികയിൽനിന്ന് ഒഴിവാക്കി സ്വകാര്യ മേഖലയ്ക്ക് ഖനനത്തിനായി തുറന്നുനൽകും. ബെറിലിയം, നയോബിയം, ടൈറ്റാനിയം, സിർക്കോണിയം, തുടങ്ങിയവയാണ് അറ്റോമിക ധാതുക്കളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയത്. 2002ലെ നിയമമനുസരിച്ച് തന്ത്രപ്രധാന ധാതുക്കളുടെ ഖനനവും അതുവഴി മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കാനുള്ള അവകാശവും പൊതുമേഖലയ്ക്ക് മാത്രമായി സംരക്ഷിച്ചിരുന്നു.
ബിൽ അനുസരിച്ച് സ്വകാര്യമേഖലയ്ക്ക് ഖനനത്തിന് അനുമതി നൽകുക ലൈസൻസ് വഴിയാകുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു. അഞ്ചുവർഷത്തേയ്ക്കായിരിക്കും ലൈസൻസ്. പര്യവേഷണത്തിനും ഉൽപ്പാദനത്തിനുമായി എക്സ്പ്ലൊറേഷൻ ലൈസൻസ്, കോമ്പോസിറ്റ് എന്നിങ്ങനെ രണ്ടുഘട്ടമായിട്ടായിരിക്കും ലൈസൻസ് നൽകുക. ഖനന നടപടിമൂലം ആവാസവ്യവസ്ഥയ്ക്കുണ്ടാകുന്ന പ്രത്യാഘാതം എങ്ങനെ കുറയ്ക്കാനാകുമെന്ന് ബില്ലിൽ വ്യക്തമാകുന്നില്ല.