തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലാണെന്ന പ്രതിപക്ഷ-മാധ്യമ പ്രചാരണത്തിൻ്റെ മുനയൊടിച്ച് അക്കൗണ്ടന്റ് ജനറലിൻ്റെ കണക്കുകൾ. സംസ്ഥാനത്തിൻ്റെ തനത് വരുമാനം ഉയരുകയും നികുതി വരുമാനത്തിൽ ഇരട്ടി നേട്ടം കൈവരിക്കുകയും ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു കഴിഞ്ഞ സാമ്പത്തികവർഷം തനത് വരുമാനമായി 70,000 കോടി രൂപ ലഭിച്ചെന്ന് അക്കൗണ്ടന്റ് ജനറൽ സാക്ഷ്യപ്പെടുത്തുന്നു. 2020–-21ലെ 47,157 കോടിയിൽനിന്ന് അമ്പത് ശതമാനമാണ് വർധനവ്. സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലാണെന്ന പ്രതിപക്ഷത്തിൻ്റെയും മാധ്യമങ്ങളുടെയും പ്രചാരണത്തിൻ്റെ മുനയൊടിച്ചാണ് എജിയുടെ കണക്കുകൾ.
ധനമേഖലയുടെ കരുത്ത് പരിശോധിക്കുന്ന മൂന്നു ശ്രേണിയിലും കേരളം മുന്നിലാണ്. കഴിഞ്ഞ വർഷം ധനകമ്മി 2.2 ശതമാനം. റവന്യു കമ്മി 0.67 ശതമാനവും. മുമ്പ് 2.6 ശതമാനംവരെയായിരുന്നതാണ് ഒന്നിനുതാഴെയെത്തിയത്. കഴിഞ്ഞവർഷം കടമെടുത്തത് 24,000 കോടിമാത്രം. 2021–-22ൽ 37,000 കോടിയും, 2020–-21ൽ 35,000 കോടിയുമായിരുന്നു.
കേന്ദ്ര സർക്കാർ നിലപാട് മൂലം സംസ്ഥാനത്തിന് ഭീമമായ തുക നഷ്ടമായതിനെക്കുറിച്ച് പ്രതിപക്ഷവും മാധ്യമങ്ങളം മിണ്ടുന്നില്ല. കഴിഞ്ഞവർഷം കേന്ദ്ര ഗ്രാന്റിൽ 2300 കോടി കുറഞ്ഞു. ഈവർഷം കേന്ദ്ര സർക്കാറിൻ്റെ നിഷേധ നയം കാരണം 28,400 കോടി രൂപയുടെ വരുമാന നഷ്ടമാണ് കേരളത്തിനുണ്ടായത്. റവന്യുകമ്മി ഗ്രാന്റിൽ 8400 കോടി കുറയും. ജിഎസ്ടി നഷ്ടപരിഹാരം 12,000 കോടി ഇല്ലാതായി. പൊതുകടമെടുപ്പിൽ 8000 കോടി വെട്ടിക്കുറച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ നേരിൽക്കണ്ട ധനമന്ത്രി കെ എൻ ബാലഗോപാൽ 15,000 കോടിയുടെ അടിയന്തര സാമ്പത്തിക അനുമതി തേടിയെങ്കിലും തീരുമാനമില്ല. ഇതേക്കുറിച്ച് ഒരക്ഷരം പ്രതിപക്ഷം പറഞ്ഞിട്ടില്ല.
ജിഎസ്ടിയിൽ വാഹനപരിശോധനയില്ലെന്ന ആക്ഷേപത്തിലും കഴമ്പില്ല. പുനഃസംഘടിപ്പിക്കപ്പെട്ട ജിഎസ്ടി വകുപ്പ് ആറുമാസത്തിനുള്ളിൽ നികുതി വെട്ടിപ്പുകാരിൽനിന്ന് 1000 കോടി രൂപ തിരിച്ചുപിടിച്ചു. ഒന്നരമാസത്തിനുള്ളിൽ നൂറ്റമ്പതിൽപ്പരം വാഹനങ്ങളും ചരക്കും കണ്ടുകെട്ടി. ഓണത്തിന് അർഹതപ്പെട്ടവർക്ക് കിറ്റ് വിതരണത്തിനാണ് സർക്കാർ ആലോചന. ഇന്ധന സെസുമൂലം പെട്രോൾ, ഡീസൽ വിൽപ്പന ഇടിയുന്നുവെന്ന വാദം ഉയർത്തുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം മറച്ചുവച്ചാണ്. നെല്ലു സംഭരണത്തിനടക്കം 2500 കോടി സപ്ലൈകോയ്ക്ക് നൽകിയിട്ടുണ്ട്. 400 കോടികൂടി ലഭ്യമാക്കും. വിലക്കയറ്റം തടയാൻ 2000 കോടി ബജറ്റിൽ നീക്കിവച്ചത് ആവശ്യകതയ്ക്ക് അനുസരിച്ച് നൽകുന്നു.