കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിൻ്റെ കൈ വെട്ടിയ കേസിൽ 11 പ്രതികളിൽ ആറ് പേർ കുറ്റക്കാരാണെന്ന് എൻഐഎ കോടതി വിധിച്ചു. നാല് പ്രതികളെ വെറുതെ വിട്ടു.
രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതി നാസർ,അഞ്ചാം പ്രതി നജീബ്, മ്പതാം പ്രതി നൗഷാദ്, 11-ാം പ്രതി മൊയ്തീൻ കുഞ്ഞ്, 12-ാം പ്രതി അയൂബ് എന്നിവരെയാണ് ശിക്ഷിച്ചത്. 4, 6, 7, 8 പ്രതികളായ ഷഫീക്, അസീസ്, സുബൈർ, മുഹമ്മദ് റാഫി എന്നിവരെ വെറുതെ വിട്ടു. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും. കുറ്റകൃത്യത്തിന് പിന്നിൽ ഭീകരപ്രവർത്തനം തെളിഞ്ഞതായി എൻഐഎ കോടതി പറഞ്ഞു. ഭീകരപ്രവർത്തനം, ഗൂഢാലോചന, 143 ആയുധം കൈവശം വെക്കൽ, നാശനഷ്ടം വരുത്തൽ, ആയുധം ഉപയോഗിച്ച് ആക്രമിക്കൽ, വധശ്രമം അടക്കം വിവിധ വകുപ്പുകൾ തെളിഞ്ഞു.
യുഎപിഎ ചുമത്തിയ കേസിലാണ് കൊച്ചി എൻഐഎ കോടതി ജഡ്ജി അനിൽ കെ ഭാസ്കർ ബുധനാഴ്ച രണ്ടാംഘട്ട വിധിപ്രസ്താവം നടത്തിയത്. ആദ്യഘട്ട വിചാരണ പൂർത്തിയാക്കി 2015 ഏപ്രിൽ 30ന് വിധിപറഞ്ഞിരുന്നു. അന്ന് 31 പ്രതികളിൽ 13 പേരെ ശിക്ഷിച്ചു. 18 പേരെ വിട്ടയച്ചു. ഇതിനുശേഷം പിടികൂടിയ 11 പേരുടെ വിചാരണയാണ് ഇപ്പോൾ പൂർത്തിയായത്.
കേസിലെ ഒന്നാംപ്രതി പെരുമ്പാവൂർ ഓടയ്ക്കാലി സ്വദേശി സവാദ് ഇപ്പോഴും ഒളിവിലാണ്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2010 ജൂലൈ നാലിനാണ് പ്രൊഫ. ടി ജെ ജോസഫിൻ്റെ കൈ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിയത്. കോളേജിലെ രണ്ടാംസെമസ്റ്റർ ബികോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ പ്രവാചകനെ അവഹേളിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി എന്ന് ആരോപിച്ചായിരുന്നു ആക്രമണം.