തിരുവനന്തപുരം: മറുനാടൻ ഷാജൻ സ്കറിയയെ വടിയാക്കി സംസ്ഥാന സർക്കാരിനെ അടിക്കാനിറങ്ങി കെ സുധാകരനും വി ഡി സതീശനും ഊരാക്കുടുക്കിലായി. സുധാകരൻ്റെയും സതീശൻ്റെയും മറുനാടൻ സംരക്ഷയജ്ഞത്തിനെതിരെ കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്തു വന്നു. വലിയ വിഭാഗം കോൺഗ്രസ് പ്രവർത്തകരിൽ അമർഷം പുകയുകയാണ്. മറുനാടനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് മുസ്ലിം ലീഗും കോൺഗ്രസ് നേതൃത്വത്തെ തള്ളി.
മറുനാടൻ മലയാളിയെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്നാണ് കെ സുധാകരൻ പ്രഖ്യാപിച്ചത്. വി ഡി സതീശനും ഇതേ നിലപാടുമായി രംഗത്തിറങ്ങി. മറുനാടനെതിരായ നീക്കത്തെ മാധ്യമ വേട്ടയായി ചിത്രീകരിച്ച് 26ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ചും പ്രഖ്യാപിച്ചു. മറുനാടനെതിരായ നിയമ നടപടിയുടെ പേരിൽ തെരുവിൽ സംഘർഷം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെയാണ് സുധാകരൻ മാർച്ച് പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതാക്കളുടെ തന്നെ എതിർപ്പിൻ്റെ പശ്ചാത്തലത്തിൽ മാർച് അനിശ്ചിതത്വത്തിലായി.
ഷാജൻ സ്കറിയ നടത്തുന്നത് മാധ്യമപ്രവർത്തനമല്ലെന്ന കെ മുരളീധരൻ എം പി യുടെ പ്രതികരണം കോൺഗ്രസിനകത്തു നിന്ന് സുധാകരന്റെയും സതീശൻ്റെയും മുഖത്തേറ്റ ആദ്യത്തെ അടിയാണ്. മുസ്ലിം ലീഗ് ഇതിനു മുമ്പേ തന്നെ കോൺഗ്രസ് നിലപാട് തള്ളിയിരുന്നു. രാഹുൽ ഗാന്ധിയെ വളരെ മോശക്കാരനായി ചിത്രീകരിച്ച് മറുനാടൻ വാർത്ത നൽകിയതും മുരളീധരൻ ചൂണ്ടിക്കാണിച്ചു. മറ്റു കോൺഗ്രസ് നേതാക്കളെയും മോശക്കാരാക്കി വാർത്തകൾ നൽകി. ഷാജനെതിരായ നിയമ നടപടികളിൽ ഒരു തെറ്റുമില്ല. കേസിൽ മെറിറ്റ് ഉള്ളതു കൊണ്ടാണ് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. സംഘിയുടെ രീതിയാണ് ഷാജന്റേതെന്നും മുരളീധരൻ ഓർമ്മിപ്പിച്ചിട്ടുണ്ട്.
ഷാജനെതിരെ മുസ്ലിംലീഗ് നേരത്തെ തന്നെ ആക്ഷേപമുന്നയിച്ചിരുന്നുവെന്നാണ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞത്. ഒരു യൂട്യൂബ് ചാനലും തുറന്നുവച്ച് എന്തും വിളിച്ചുപറയുന്നവരെ മാധ്യമപ്രവർത്തകരായി കാണാനാവില്ല. സമൂഹത്തിൽ മതസ്പർധയും വിദ്വേഷവും വളർത്തുന്നതാണ് ഷാജൻ സ്കറിയയുടെ വീഡിയോകൾ. ഷാജനെ സംരക്ഷിക്കണമെന്ന നിലപാട് മുസ്ലിംലീഗിനില്ല. യാഥാർഥ്യവുമായി ബന്ധമില്ലാത്ത വാർത്തകളാണ് മറുനാടൻ നൽകുന്നത്. സമൂഹത്തിൽ വിഷം കലർത്തുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും അംഗീകരിക്കാനാവില്ല. ഷാജനുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്നും പി എം എ സലാം ആവശ്യപ്പെട്ടിട്ടുണ്ട് .
കെ സുധാകരൻ വെറുപ്പിൻ്റെ കടയ്ക്ക് കാവൽ നിൽക്കുന്നത് എന്തിനാണെന്നാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം )യുവജന സംഘടനയായ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി ചോദിച്ചത്. മതസ്പർധ വളർത്തുന്ന ബാക്ടീരിയ ഉൽപ്പാദിപ്പിക്കുന്ന ‘അപരനാടൻ’ യു ട്യൂബർ, മുസ്ലിമിനെയും ക്രിസ്ത്യാനിയെയും തമ്മിൽ തല്ലിക്കുന്ന വെറുപ്പിൻ്റെ ഗവേഷകനാണെന്നും എസ്വൈഎസ് കോൺഗ്രസിനെ ഓർമ്മിപ്പിച്ചിട്ടുണ്ട്. ഫാസിസത്തിന് മലയാളി മണ്ണിൽ കഞ്ഞിവയ്ക്കുന്ന ഷാജനെ എന്തിനു സംരക്ഷിക്കുന്നു എന്ന ചോദ്യത്തോട് സുധാകരൻ പ്രതികരിച്ചിട്ടില്ല. ഷാജൻ സ്കറിയയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ ഒളിവിൽ പോയ ഷാജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതാണ്.