മാധ്യമപ്രവർത്തനത്തിൻ്റെ പരിധിയിൽപ്പെടാത്ത മറുനാടനെ സംരക്ഷിക്കേണ്ട ഒരാവശ്യവും കോൺഗ്രസിനില്ലെന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം )യുവജനവിഭാഗം. മതസ്പർധ വളർത്തുന്ന ബാക്ടീരിയ ഉൽപ്പാദിപ്പിക്കുന്ന “അപരനാടൻ’ യു ട്യൂബർ, മുസ്ലിമിനെയും ക്രിസ്ത്യാനിയെയും തമ്മിൽ തല്ലിക്കുന്ന വെറുപ്പിന്റെ ഗവേഷകനാണെന്ന് സമസ്‌ത യുവജന സംഘടനയായ എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി ഫേസ്ബുക്കിൽ കുറിച്ചു.
ഫാസിസത്തിന് മലയാളി മണ്ണിൽ കഞ്ഞിവയ്‌ക്കുന്നയാളാണിയാൾ. എന്നിട്ടും അയാളുടെ വെറുപ്പിൻ്റെ കടയ്‌ക്ക് കാവൽനിൽക്കാൻ
കെ സുധാകരൻ ശ്രമിക്കുന്നത് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. സിപിഎമ്മിനോട് വിയോജിക്കാം. നിലപാടുകളെ ചെറുക്കാം. പക്ഷേ അത് ഇത്തരം മതവിദ്വേഷികൾക്ക് സംരക്ഷണം കൊടുത്താകരുത്. ഈ ക്രിസംഘിയെ, സംഘപരിവാർ സ്തുതിപാഠകനെ പിന്തുണച്ചതുകൊണ്ട് കോൺഗ്രസിന് ഒരു ഗുണവും ലഭിക്കാൻ പോകുന്നില്ല.
വെറുപ്പിൻ്റെയും വർഗീയതയുടെയും ഇത്തരം ആഭാസകരെ പിന്തുണയ്‌ക്കുന്നത് ശരിയല്ല. രാഷ്ട്രീയമായി ഒരു നേട്ടവുമില്ലാത്ത കാര്യമാണ് കെപിസിസി നേതൃത്വം ചെയ്യുന്നതെന്നും നാസർ ഫൈസി വ്യക്തമാക്കി.
മറുനാടൻ മലയാളിയെയും ഷാജൻ സ്‌കറിയയെയും പൂർണമായും സംരക്ഷിക്കുമെന്ന കോൺഗ്രസ് നിലപാട് മുസ്ലിംലീഗും തള്ളി. ഒരു യൂട്യൂബ് ചാനലും തുറന്നുവച്ച് എന്തും വിളിച്ചുപറയുന്നവരെ മാധ്യമപ്രവർത്തകരായി കാണാനാവില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സമൂഹത്തിൽ മതസ്‌പർധയും വിദ്വേഷവും വളർത്തുന്നതാണ് ഷാജൻ സ്‌കറിയയുടെ വീഡിയോകൾ.
ഷാജനെ സംരക്ഷിക്കണമെന്ന നിലപാട് മുസ്ലിംലീഗിനില്ല. ആ ചാനലിനെക്കുറിച്ച് ലീഗിന് നേരത്തെ ആക്ഷേപമുണ്ട്. യാഥാർഥ്യവുമായി ബന്ധമില്ലാത്ത വാർത്തകളാണ് മറുനാടൻ നൽകുന്നത്. സമൂഹത്തിൽ വിഷം കലർത്തുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും അംഗീകരിക്കാനാവില്ല. ഷാജനുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്നും പി എം എ സലാം പറഞ്ഞു.
മറുനാടൻ മലയാളിപോലുള്ള മാധ്യമങ്ങൾക്ക് എന്തു വില കൊടുത്തും പൂർണ സംരക്ഷണമൊരുക്കുമെന്നാണ് കെപിസിസി പ്രസിഡന്റ്
കെ സുധാകരൻ പ്രഖ്യാപിച്ചത്. പി വി ശ്രീനിജൻ എംഎൽഎയെ ആക്ഷേപിച്ചും വ്യക്തിഹത്യ നടത്തിയും വാർത്ത നൽകിയെന്ന പരാതിയെത്തുടർന്ന് മറുനാടൻ മലയാളിയുടെ ഓഫീസുകളിൽ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കമ്പ്യൂട്ടർ ഉൾപ്പെടെ വ്യാജവാർത്ത നിർമാണത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന ഉപകരണങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതൊക്കെ തോന്നിവാസം ആണെന്നാണ് കെപിസിസി പ്രസിഡന്റിൻ്റെ നിലപാട്. ഷാജൻ സ്‌കറിയക്കെതിരായ നടപടി അതിക്രൂരമാണ് എന്നും സുധാകരൻ പറയുന്നു.
പി വി ശ്രീനിജൻ, പി വി അൻവർ എന്നീ ജനപ്രതിനിധികളും എം എ യൂസഫ് അലിയെപ്പോലുള്ള ലോകമറിയുന്ന വ്യവസായികളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ മറുനാടൻ്റെ വ്യാജവാർത്താ സൃഷ്‌ടിക്കെതിരേ നിയമപോരാട്ടത്തിലാണ്. വ്യാജവാർത്ത നൽകി അപമാനിച്ച മറുനാടൻ ഷാജനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കുടുംബവും മാനനഷ്‌ടക്കേസ് നൽകിയിരിക്കുകയാണ്. ഇതൊന്നും പരിഗണിക്കാതെയാണ് സുധാകരൻ്റെയും സതീശൻ്റെയും ‘മറുനാടൻ സംരക്ഷയജ്ഞം’.
ഷാജൻ സ്‌കറിയയ്‌ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. എറണാകുളം സിറ്റി പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഈ ക്രിമിനലിനു സംരക്ഷണം പ്രഖ്യാപിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ 26ന് പോലീസ് സ്‌റ്റേഷൻമാർച്ച് നടത്തുമെന്നും കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.