തിരുവനന്തപുരം: ഇന്ത്യയെ വർഗീയ ദ്രുവീകരണത്തിലൂടെ ഒരു ഹിന്ദുത്വരാഷ്ടമാക്കി മാറ്റാനുള്ള ശ്രമത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഏക സിവിൽകോഡെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
ഇന്നത്തെ ഇന്ത്യൻ പരിതസ്ഥിതിയിൽ പാർലമെന്ററി സംവിധാനത്തേയും ഇന്ത്യൻ ഭരണഘടനയേയും ജനാധിപത്യത്തേയും സംരക്ഷിക്കണമെങ്കിൽ ഹിന്ദുത്വ അജണ്ടയിലൂടെ ഫാസിസത്തിലേക്കുള്ള യാത്ര തടയണം. അതിന് വേണ്ടയിള്ള ഫലപ്രദമായ ഇടപെടലാണ് സിപിഎം സാധിക്കുന്ന രീതിയിൽ എല്ലാ മേഖലകളിലും നടത്തിക്കൊണ്ടിരിക്കുന്നത്. അതിൽ എല്ലാവരുടേയും പരിപൂർണമായ പിന്തുണ വേണം- എം വി ഗോവിന്ദൻ പറഞ്ഞു
കോൺഗ്രസിന് ഇക്കാര്യത്തിൽ നിലപാടില്ലാത്ത രീതിയിലാണ് കാണുന്നത്. അവർക്ക് ഓരോ സംസ്ഥാനത്തും ഓരോ നിലപാടാണ്. അങ്ങനെ മുന്നോട്ട് പോകാൻ സാധിക്കില്ല. അതുകൊണ്ട്, അതൊഴിച്ചുള്ള മറ്റെല്ലാ പാർട്ടികൾക്കും സെമിനാറിൽ പങ്കെടുക്കാം. ഒരു സെമിനാറല്ല ഉദ്ദേശിക്കുന്നത്. നിരവധി സെമിനാറുകൾ നടത്തും. കേരളത്തിൽ ബോധവത്കരണത്തിൻ്റെ ഭാഗമായി നിരവധി സെമിനാറുകൾ നടക്കാൻ പോവുകയാണ്. അതിൽ പങ്കെടുക്കാവുന്ന എല്ലാവരേയും അണിനിരത്താനാണ് ഉദ്ദേശിക്കുന്നത്.
ഇക്കാര്യത്തിൽ വിശാലമായ ഒരു ഐക്യപ്രസ്ഥാനം രൂപപ്പെടണം. അതിനാവശ്യമായ ഫലപ്രദമായ കാൽവെയ്പ്പാണ് സിപിഎം നടത്തിയത്. അതിൽ തന്നെ എല്ലാവരും പങ്കെടുത്തുകൊള്ളണമെന്ന് നിർബന്ധം പിടിക്കേണ്ട കാര്യമില്ല. ഹിന്ദുത്വ അജണ്ടയിലെ ഏറ്റവും പ്രധാനമായ കാര്യങ്ങളിൽ എതിർത്ത് നിലപാട് സ്വീകരിക്കുന്ന എല്ലാ വിഭാഗം ശക്തികളുമായി ചേർന്നുപോകാം എന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.