ദില്ലി: മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി സിപിഎം, സിപിഐ എംപിമാരുടെ പ്രതിനിധി സംഘം ഇന്ന് എത്തും. മണിപ്പൂരിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും സ്ഥിതിഗതികൾ വിലയിരുത്താനും ജൂലൈ 6 മുതൽ 8 വരെയാണ് എംപിമാരുടെ സംഘം സന്ദർശനം നടത്തുന്നത്.
എംപിമാരായ ബ്രികാശ് രഞ്ജൻ ഭട്ടാചാര്യ, ജോൺ ബ്രിട്ടാസ്, ബിനോയ് വിശ്വം, സന്തോഷ്കുമാർ പി, കെ സുബ്ബരായൻ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതിന് പകരം പ്രതിപക്ഷ പാർട്ടികളെ തുരങ്കം വെക്കാനും സംസ്ഥാനങ്ങളിൽ കൂറുമാറ്റം നടത്താനുമാണ് ബിജെപി നേതൃത്വം താത്പര്യം കാണിക്കുന്നതെന്നും ഇടതു പാർട്ടികൾ ആരോപിച്ചു. ചുരാചന്ദ്പൂരിലെയും ഇംഫാൽ താഴ്വരയിലെയും എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകളെ പ്രതിനിധി സംഘം കാണും. ജൂലൈ ഏഴിന് മണിപ്പൂർ ഗവർണറെ കാണുന്ന സംഘം എട്ടിന് മാധ്യമങ്ങളെ കാണും.