നവജാത ശിശുക്കൾ മുതൽ 18 വയസു വരെയുള്ളവർക്ക് സൗജന്യമായി ഹൃദയ ശസ്ത്രക്രിയ ചെയ്ത് ജീവൻ രക്ഷിക്കുന്ന ഹൃദ്യം പദ്ധതി തകർക്കാൻ വ്യാജ വാർത്തയുമായി റിപ്പോർട്ടർ ചാനൽ. വ്യത്യസ്ത മാതൃകയാകും എന്നൊക്കെ പെരുമ്പറയടിച്ച് വേഷം മാറി ആരംഭിച്ച ചാനലാണ് ആരോഗ്യവകുപ്പിൻ്റെ സൗജന്യ ചികിത്സാ പദ്ധതിക്കെതിരെ തരം താണ കുത്തിത്തിരിപ്പ് പരിപാടിയുമായി ഇറങ്ങിയത്. ഏഴായിരത്തിലധികം ഹൃദയ ശസ്ത്രക്രിയകൾ നടത്തിയെന്നും കോടികൾ സ്വകാര്യ ആശുപത്രിയിലേക്ക് ഒഴുക്കിയെന്നുമാണ് ലോഞ്ചിംഗ് ബ്രേക്കിങ്ങായി ഇറക്കിയത്. എൽഡിഎഫ് സർക്കാരിനെതിരെയുള്ള ദുഷ്പ്രചാരവേലയാണ് ചാനലിൻ്റെ മുഖ്യ അജണ്ടയെന്ന് ഇതോടെ വ്യക്തമായി.
സംസ്ഥാനത്ത് ഇതിനകം ഹൃദ്യം പദ്ധതിയിലൂടെ 6,105 കുഞ്ഞുങ്ങൾക്കാണ് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയത്. ഈ വർഷം 640 കുട്ടികൾക്ക് സൗജന്യ ശസ്ത്രക്രിയ നടത്തി. രോഗതീവ്രതയനുസരിച്ച് കാലതാമസമില്ലാതെ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നു. ഹൃദ്യത്തിൻ്റെ വെബ്സൈറ്റിൽ കണക്കുകൾ വ്യക്തമായിരിക്കെ തെറ്റായ കണക്ക് നിരത്തിയാണ് റിപ്പോർട്ടറിൻ്റെ തുരങ്കം വെയ്പ്പ്.
സർക്കാർ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കിയാണ് എൽ ഡി എഫ് സർക്കാർ 2017 ൽ ഹൃദ്യം പദ്ധതി ആരംഭിച്ചത്. ചികിത്സക്ക് കൃത്യമായ മാനദണ്ഡങ്ങളുമുണ്ട്. ആർബിഎസ്കെ മോഡൽ കോസ്റ്റിംഗ് പട്ടിക അനുസരിച്ചാണ് ഓരോ ശസ്ത്രക്രിയയ്ക്കും തുക അനുവദിക്കുന്നത്. സർക്കാർ ആശുപത്രി ആയാലും സ്വകാര്യ ആശുപത്രി ആയാലും ശ്രീ ചിത്ര ആയാലും ഇതേ തുകയേ അനുവദിക്കുകയുള്ളൂ. ഇത് മറച്ചുവെച്ചാണ് ചാനലിൻ്റെ ഹീന പ്രചാരണം.
ഹൃദ്യം പദ്ധതി മാനദണ്ഡങ്ങൾ പ്രകാരം കുഞ്ഞുങ്ങളുടെ മാതാപിതാക്കളാണ് ചികിത്സാ കേന്ദ്രം തീരുമാനിക്കുന്നത്. അവർ നൽകുന്ന അനുമതി പത്രത്തിന്റേയും കുഞ്ഞിൻ്റെ രോഗ തീവ്രതയും അനുസരിച്ചാണ് ചികിത്സയ്ക്കായുള്ള ആശുപത്രി നിശ്ചയിക്കുന്നത്. തുടർ ചികിത്സയ്ക്കായി അവർ സ്ഥിരമായി കാണിക്കുന്ന ആശുപത്രികളിൽ തന്നെ പോവാനാണ് താത്പര്യപ്പെടുക. ഇത് തുടർ ശസ്ത്രക്രിയ്ക്കും സഹായകരമാണ്.
ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ നേതൃത്വത്തിൽ നിരവധി തവണ യോഗം വിളിച്ചു ചേർത്ത് ഹൃദ്യം പദ്ധതി വഴി ശസ്ത്രക്രിയ നടത്താൻ കൂടുതൽ സർക്കാർ ആശുപത്രികളിൽ സൗകര്യങ്ങളൊരുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. സർക്കാർ മേഖലയിൽ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സംവിധാനം ശക്തിപ്പെടുത്തുന്നതിന് നാലംഗ വിദഗ്ധ സമിതിയും രൂപീകരിച്ചു. ഹൃദ്യത്തിലൂടെ ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ചയ്ക്കും വികാസത്തിനും പിന്തുണ നൽകുന്ന സൗജന്യ തുടർപിന്തുണാ പദ്ധതിയും ആരോഗ്യ വകുപ്പ് നടപ്പാക്കി. സാധാരണ കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഇത്തരം കുട്ടികൾക്ക് കൂടുതൽ പിന്തുണ ആവശ്യമാണ്. ഈ കുഞ്ഞുങ്ങളെ പരിശോധന നടത്തി പ്രശ്നങ്ങൾ കണ്ടെത്തിയവർക്ക് സർക്കാർ തലത്തിലെ ഡിസ്ട്രിക്റ്റ് ഏർളി ഇന്റർവെൻഷൻ സെന്ററുകൾ വഴി തുടർ ചികിത്സ നൽകി വരികയാണ്. ശ്രീ ചിത്ര മെഡിക്കൽ സെന്റർ വീണ്ടും പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ശ്രമം നടന്നു വരുന്നതിനിടക്കാണ് ചാനലിൻ്റെ കുപ്രചാരണം.