കേരളത്തിലെ കോൺഗ്രസ് തട്ടിപ്പുവീരന്മാരുടെ കൂടാരമായി മാറി. മണ്ഡലം പ്രസിഡണ്ട് മുതൽ കെപിസിസി പ്രസിഡന്റ് വരെ നീളുന്നു തട്ടിപ്പുകാരുടെ ശൃംഖല. വയനാട് പുൽപ്പള്ളി സഹകരണ ബാങ്കിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് വീതം വെച്ചത് കെപിസിസി ജനറൽ സെക്രട്ടറി മുതൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വരെയുള്ള തസ്കര സംഘമാണെന്ന് വ്യക്തമായി. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെയും വൻ തട്ടിപ്പുകൾ ഒന്നൊന്നായി പുറത്തു വന്നതോടെ മാനം മര്യാദയുള്ള കോൺഗ്രസുകാർ തലയിൽ മുണ്ടിട്ടു നടക്കുകയാണ്, അപ്പോഴാണ് കൃഷിക്കാരുടെ പേരിൽ വായ്പാ തട്ടിപ്പിലൂടെ കവർന്ന കോടികൾ കോൺഗ്രസ് നേതാക്കൾ വീതം വെച്ചതിൻ്റെ കണക്കുകൾ കവർച്ചക്കാർ തന്നെ വിളിച്ചു പറയുന്നത്.
പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പാതട്ടിപ്പിൽ കഴിഞ്ഞ ദിവസമാണ് സേവാദൾ വയനാട് ജില്ലാ വൈസ് ചെയർമാൻ സജീവൻ കൊല്ലപ്പള്ളി പോലീസ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി സുൽത്താൻ ബത്തേരി പോലീസ് പിടികൂടിയ സേവാദൾ സാരഥിയെ പിന്നീട് പുൽപ്പള്ളി പോലീസിന് കൈമാറി. കോടതി ബുധനാഴ്ച ഈ നേതാവിനെ റിമാൻഡ് ചെയ്തു.
തട്ടിയ കോടികൾ വീതം വെച്ചവരുടെ കൂട്ടത്തിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ഉണ്ടെന്നാണ് സജീവൻ കൊല്ലപ്പള്ളി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. വയനാട് മുൻ ഡിസിസി പ്രസിഡന്റും നിലവിൽ കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ കെ എൽ പൗലോസാണ് ഇതിൽ ഒരു പ്രധാനി. കോൺഗ്രസിൻ്റെ പുൽപ്പള്ളി മണ്ഡലം മുൻ പ്രസിഡന്റും പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റുമായ ദിലീപ് കുമാറാണ് തസ്കര പട്ടികയിലെ അടുത്ത നേതാവ്. ഐഎൻടിയുസി നേതാവായിരുന്ന മുൻ ബാങ്ക് ഡയറക്ടർ പാമ്പനാൽ മണിയും തട്ടിപ്പ്പണം പോക്കറ്റിലാക്കിയവരുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. കെപിസിസി ജനറൽ സെക്രട്ടറിയും ബാങ്ക് പ്രസിഡന്റുമായ കെ കെ അബ്രഹാമിനെ നേരത്തേ പിടികൂടിയിരുന്നു. എട്ട് കോടിയിലധികം രൂപയാണ് ഇവർ തട്ടിയെടുത്തത്.
തട്ടിപ്പിനിരയായ പുൽപ്പള്ളി കേളക്കവല പരമ്പക്കാട്ട് ഡാനിയേലും ഭാര്യ സാറാക്കുട്ടിയും നൽകിയ പരാതിയിലും തട്ടിപ്പിനിരയായി കടബാധ്യതയിൽ കുടുങ്ങിയ കർഷകൻ രാജേന്ദ്രൻനായർ ജീവനൊടുക്കിയ കേസിലുമാണ് സേവാദൾ വൈസ് ചെയർമാൻ സജീവൻ്റെ അറസ്റ്റ്. വായ്പാതട്ടിപ്പിലെ പ്രധാന സൂത്രധാരൻമാരിൽ ഒരാളാണ് സജീവൻ. വിവിധ ആളുകളുടെ പേരിലെടുത്ത 1.64 കോടി രൂപ ബാങ്കിൽനിന്ന് നേരിട്ട് സജീവൻ്റെ അക്കൗണ്ടിലേക്കാണ് പോയത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കോൺഗ്രസ് നേതാക്കളുടെ സാമ്പത്തിക തട്ടിപ്പുകൾ ഇതിനകം വെളിച്ചത്തു വന്നിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ ഒട്ടേറെ നേതാക്കൾ പോലീസ് പിടിയിലായി. പലയിടത്തും അന്വേഷണം പുരോഗമിക്കുകയാണ്.