തിരുവനന്തപുരം: തട്ടിപ്പ കേസുകളിൽ കുടുങ്ങിയ വി ഡി സതീശനെയും കെ സുധാകരനെയും രക്ഷിക്കാൻ കൈതോലപ്പായയുമായി ക്വട്ടേഷൻ ടീം രംഗത്ത്. സിപിഎമ്മിനും ദേശാഭിമാനിക്കും എതിരായ പ്രവൃത്തികളെ തുടർന്ന് പുറത്താക്കിയ മാധ്യമ പ്രവർത്തകനാണ് പരിഹാസ്യമായ നോട്ടുകെട്ട് എണ്ണൽ കഥയുമായി ഇറങ്ങിയത്. സർക്കാരിനെതിരായ ആരോപണങ്ങളെല്ലാം ജനങ്ങൾ തള്ളിക്കളയുകയും പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും കുരുക്കിലാവുകയും ചെയ്തപ്പോഴാണ് ഇയാൾ കൈതോലപ്പായയുമായി രംഗത്തിറങ്ങിയത്. പ്രതിക്കൂട്ടിലായ കോൺഗ്രസിന് പ്രതിരോധം തീർക്കാനാണ് ‘ജനശക്തി’ എന്ന സിപിഎം വിരുദ്ധ പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ ജി ശക്തിധരൻ്റെ ശ്രമം. ഇയാളുടെ ജൽപ്പനങ്ങൾ എല്ലാ മാധ്യമങ്ങളും പ്രതിപക്ഷവും ഏറ്റുപിടിച്ചു, അന്തി ചർച്ചയടക്കം നടത്തി വൻ വിവാദമാക്കാൻ ശ്രമിച്ചു.
പാർടിവിരുദ്ധ പ്രവർത്തനങ്ങൾക്ക് സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ഇയാൾ 18 വർഷമായി പാർടിക്കെതിരെ പ്രതികാര ബുദ്ധിയോടെ ആരോപണങ്ങൾ ഉന്നയിക്കുന്നു. സിപിഎമ്മിനെ തകർക്കാനുള്ള നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് ദേശാഭിമാനിയിൽനിന്ന് പുറത്താകുന്നത്. ‘ജനശക്തി’ വാരികയുടെ ഓരോ ലക്കവും പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കളെ അപഹസിക്കാനാണ് ഉപയോഗിച്ചത്. പാർടിക്കെതിരായ വൈരാഗ്യകുറിപ്പുകളിൽ കോൺഗ്രസ് നേതാക്കളെ സഹായിക്കാനുള്ള വ്യഗ്രതയും വ്യക്തം.
ഇന്നോവ കാറിൽ ‘കൈതോലപ്പായ’യിൽ പൊതിഞ്ഞ് രണ്ട് കോടി 35,000 രൂപ കൊണ്ടുപോയി എന്നാണ് ഇയാളുടെ ഫെയിസ്ബുക്ക് ആരോപണം. ദേശാഭിമാനിയിലുള്ള കാലത്ത് ഇന്ത്യയിൽ ഇന്നോവയില്ല. ദുഷ്ടലാക്കോടെയുള്ള കുറിപ്പിൽ ഉപയോഗിച്ചിരിക്കുന്ന പല കാര്യങ്ങളും കുപ്രചാരണവും ആക്ഷേപവും ലക്ഷ്യമിട്ടുള്ളതാണെന്നും കാണാം. വസ്തുത തെല്ലുമില്ലെങ്കിലും ‘ ഈന്തപ്പഴത്തിൽ സ്വർണക്കുരു’, ‘ബിരിയാണി ചെമ്പ്’ തുടങ്ങിയ കഥകൾ പോലെ മാധ്യമങ്ങൾ ‘കൈതോലപ്പായ’യുമായി രംഗത്തിറങ്ങി.
കുറിപ്പിനു കാരണമായി പറയുന്നത് സൈബർ ആക്രമണം നടത്തിയെന്നാണ്. അതും വസ്തുതയല്ല, സിപിഎമ്മിനെതിരെ വർഷങ്ങളായി കുറിപ്പുകൾ ഇട്ടുപോരുന്ന ആളായതിനാൽ ആരും ഗൗനിക്കാറില്ല. ഇപ്പോഴത്തെ ഫെയ്‌സ്‌ബുക് പോസ്‌റ്റിന് മുൻപുള്ള കുറിപ്പുകളിലൊന്ന് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട കൊടുംക്രിമിനൽ മോൻസൺ മാവുങ്കൽ ബന്ധത്തിൽ കുടുങ്ങിയ കെ സുധാകരനെ വാഴ്‌ത്തുന്നതായിരുന്നു.