കണ്ണൂർ: കെപിസിസി പ്രസിഡന്റ് മുമ്പ് ‘കടൽകടന്നത്’ കെ കരുണാകരൻ്റെ പേരിൽ തട്ടിപ്പ് നടത്താൻ. ലീഡറുടെ സ്‌മരണ നിലനിർത്താൻ ചിറക്കൽ രാജാസ് സ്‌കൂൾവാങ്ങുന്നുവെന്ന് പറഞ്ഞ് വിദേശത്ത് പര്യടനം നടത്തിയതടക്കം 16 കോടി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. സുധാകരൻ്റെ സന്തതസഹചാരിയും ഡ്രൈവറുമായിരുന്ന എം പ്രശാന്ത്‌ബാബു നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. കണ്ണൂർ പുരാവസ്‌തു തട്ടിപ്പ് കേസിൽ കുടുങ്ങിയപ്പോൾ ‘കടൽ താണ്ടി വന്നവനെ കൈത്തോട് കാട്ടി പേടിപ്പിക്കരുതെന്ന’ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ പ്രതികരണം ഇതുമായി കൂട്ടിവെച്ച് സോഷ്യൽ മീഡിയയിൽ പ്രചാരണം തുടങ്ങി.
മാനേജ്‌മെന്റ് വിൽപ്പനയ്‌ക്കുവച്ച സ്‌കൂൾ വിലയ്‌ക്ക് വാങ്ങി കെ കരുണാകരൻ്റെ സ്‌മരണ നിലനിർത്താൻ പുനർനാമകരണം ചെയ്യുമെന്നായിരുന്നു പ്രചാരണം. ഇതിനായി വിദേശ രാജ്യങ്ങൾ ഉൾപ്പെടെ സന്ദർശിച്ച് സുധാകരൻ പണംപിരിച്ചു. 2010ൽ സുധാകരൻ ചെയർമാനായി ലീഡർ കെ കരുണാകരൻ സ്‌മാരക ട്രസ്‌റ്റ് രൂപീകരിച്ചു. രാജാസ് ഹയർസെക്കൻഡറി, യുപി സ്‌കൂളുകളും ഏഴര ഏക്കർ സ്ഥലവും 16 കോടി രൂപയ്‌ക്ക് വാങ്ങാൻ കരാറുണ്ടാക്കി. തുടർന്ന് സുധാകരൻ ചെയർമാനായും രണ്ടു ബിനാമികളുമടങ്ങിയ ‘കണ്ണൂർ എഡ്യു പാർക്ക്’ എന്ന മറ്റൊരു കമ്പനി രൂപീകരിച്ചു. കമ്പനിയുടെ പേരിൽ സകൂൾ രജിസ്‌റ്റർ ചെയ്‌തുനൽകാൻ കത്ത് നൽകി. 50 ലക്ഷം രൂപ കമീഷനും ആവശ്യപ്പെട്ടു. 16 കോടി രേഖയിൽ കാണിക്കണമെന്നും 15.5 കോടി മാത്രമേ നൽകൂവെന്നുമായിരുന്നു കത്ത്. 50 ലക്ഷം സംഭാവനയായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ടതോടെ മാനേജ്‌മെന്റ് പിന്മാറി. സ്‌കൂൾ നിലവിൽ ചിറക്കൽ സഹകരണ ബാങ്കിൻ്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.
പിരിച്ചപണം എന്തുചെയ്‌തെന്ന് ഇതുവരെ സുധാകരൻ പറഞ്ഞിട്ടില്ല. പണത്തെപ്പറ്റി ആദ്യം ചോദ്യം ഉന്നയിച്ചത് മുൻ ഡിസിസി പ്രസിഡന്റ് അന്തരിച്ച പി രാമകൃഷ്‌ണനും മമ്പറം ദിവാകരനും. ഒടുവിൽ പരാതി നൽകിയത് കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് മുൻ സെക്രട്ടറികൂടിയായിരുന്ന പ്രശാന്ത്‌ബാബു. സുധാകരന് വേണ്ടി നിരവധി കേസുകളിൽ പ്രതിയായ ഇയാൾ പിന്നീട് തെറ്റിപ്പിരിഞ്ഞു.
പണത്തിനുവേണ്ടി സുധാകരൻ എന്തുംചെയ്യുമെന്ന് സന്തത സഹചാരിയും മുൻ ഡ്രൈവറുമായ എം പ്രശാന്ത്‌ബാബു. കെ സുധാകരൻ്റെ വീക്ക്‌നെസിൽ ഏറ്റവും പ്രധാനം പണമാണെന്നും കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. സുധാകരന്റെ അനധികൃത സമ്പാദ്യത്തെക്കുറിച്ച് പ്രശാന്ത്‌ബാബു നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വെളിപ്പെടുത്തൽ. തനിക്കറിയാവുന്ന മുഴുവൻ വിവരങ്ങളും വിജിലൻസിന് നൽകി. കേസ് പിൻവലിക്കാൻ സുധാകരൻ്റെ ഇടനിലക്കാരൻ മുഖേന 25 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തിരുന്നു. എന്നാൽ, പരാതിയിൽ ഉറച്ചുനിൽക്കും.
വനംമന്ത്രിയായിരുന്നപ്പോൾ സുധാകരൻ ചന്ദനത്തൈലം കടത്തിയതിൽ എ കെ ആന്റണിക്ക് ഉൾപ്പെടെ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. വനംവകുപ്പ് സെക്രട്ടറിയായിരുന്ന ഭരത്‌ഭൂഷണെ മാറ്റുകയാണുണ്ടായത്. വനംമന്ത്രിയായകാലത്ത് തേക്ക് മുറിക്കാൻ അനുമതി നൽകിയിരുന്നെങ്കിൽ കോടികൾ സമ്പാദിക്കാമായിരുന്നുവെന്നാണ് കഴിഞ്ഞദിവസം സുധാകരൻ പറഞ്ഞത്. കാറിന് ഡീസൽ അടിക്കാൻ ആയിരം രൂപപോലും ഇല്ലാതിരുന്നയാൾക്ക് കോടികളുടെ ആസ്‌തിയുണ്ടായത് എങ്ങനെയാണ്. അഴിമതിപ്പണം ഉപയോഗിച്ചാണ് ആഡംബര വീട് നിർമിച്ചത്. കണ്ണൂർ നഗരസഭാ ഭരണം ഉപയോഗിച്ചും വൻതട്ടിപ്പിന് ശ്രമിച്ചു. ചിറക്കൽ രാജാസ് സ്‌കൂൾ വാങ്ങാൻ 16 കോടി രൂപ പിരിച്ചതിനുപുറമെ, 50 ലക്ഷം രൂപ കൈക്കൂലിയും ചോദിച്ചു.
കണ്ണൂരിലെ കോൺഗ്രസുകാരെ സുധാകരൻ ക്രിമിനൽവൽക്കരിച്ചു. താൻ ഉൾപ്പെടെയുള്ളവർ ഇതിൽപെട്ടുപോയതാണ്. നാൽപ്പാടി വാസു വധക്കേസിൽ 43 ദിവസം താൻ ജയിലിൽ കിടന്നു. സേവറി ഹോട്ടൽ അക്രമം ഉൾപ്പെടെയുള്ള നിരവധി അക്രമങ്ങളുടെയും ആസൂത്രകൻ സുധാകരനായിരുന്നു. ഇ പി ജയരാജനെ വധിക്കാൻ ഛണ്ഡിഗഢിലേക്ക് വാടകഗുണ്ടകളെ അയക്കുന്നതിനുമുമ്പ് തൃശൂരിലെ മറ്റൊരു ക്വട്ടേഷൻസംഘത്തെ നിയോഗിക്കാൻ ആവശ്യപ്പെട്ടെങ്കിലും താൻ തയ്യാറായില്ലെന്നും- പ്രശാന്ത്‌ബാബു പറഞ്ഞു.
അതേസമയം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ ഭാര്യയുടെ സ്വത്തു വിവരങ്ങൾ മാത്രമല്ല സുധാകരൻ്റെ വരുമാനവും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കുമെന്ന് വിജിലൻസ് അറിയിച്ചു. കാടാച്ചിറ സ്‌കൂൾ ഏറ്റെടുക്കാൻ നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് 2021 ൽ ലഭിച്ച പരാതി അനുസരിച്ചാണ് നടപടി. സ്‌പെഷ്യൽ അസി. കമ്മീഷണർ അബ്ദുൽ റസാക്കിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം.