കണ്ണൂർ: മാനനഷ്ടക്കേസ് നൽകി പേടിപ്പിക്കാൻ കെ സുധാകരൻ നോക്കേണ്ടന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കെപിസിസി അധ്യക്ഷൻ പ്രതിയായത് തട്ടിപ്പും വഞ്ചനയും ഉൾപ്പെട്ട ക്രിമിനൽ കേസിൽ. പാർടിയും ദേശാഭിമാനിയും ശക്തമായിതന്നെ കേസിനെ നേരിടും. എൻജിഒ യൂണിയൻ്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 60 ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നതിൻ്റെ സംസ്ഥാനതല ഉദ്ഘാടനം മയ്യിൽ ചെറുപഴശ്ശിയിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
മാനനഷ്ടക്കേസെന്ന ഓലപ്പാമ്പ് കണ്ടാൽ ഭയക്കുന്ന പ്രസ്ഥാനമല്ല ദേശാഭിമാനിയും സിപിഎമ്മും. കോൺഗ്രസ് ക്രിമിനൽ കേസിനെ എന്തിനാണ് രാഷ്ട്രീയമായി നേരിടുന്നത്. പുനർജനി കേസിൽ തനിക്കും സുധാകരൻ്റെ ഗതി വരുമെന്നോർത്താണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കേസിനെ പിന്തുണയ്ക്കുന്നത്. മോൺസൻ മാവുങ്കൽ തട്ടിപ്പ് കേസിൽ സുധാകരൻ തന്നെയല്ലെ വിവരങ്ങൾ വെളിപ്പടുത്തിയത്. അത്രയൊന്നും താനോ ദേശാഭിമാനിയോ പറഞ്ഞിട്ടില്ല. പോക്സോ കേസിൽ മോൻസനെ ജീവപര്യന്തം ശിക്ഷിച്ചതിൻ്റെ മൂന്നാം ദിവസം സുധാകരൻ എന്താണ് പറഞ്ഞത്. മോൻസൺ തൻ്റെ മിത്രമാണെന്നും ശത്രവല്ല എന്നുമല്ലെ. ഇതെല്ലാം ജനം കേട്ടതല്ലെയെന്നും എം വി ഗോവിന്ദൻ ചോദിച്ചു.