കേരള വർക്കിങ്ങ് ജർണലിസ്റ്റ് യൂണിയൻ , അതായത് കെ യു ഡബ്ല്യു ജെ, ജൂൺ 26 ന് സെക്രട്ടറിയറ്റ് മാർച്ച് നടത്താൻ പോവുകയാണ്. സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായാണ് ഈ മാധ്യമ സ്വാതന്ത്ര്യ സംരക്ഷണ മാർച്ചിങ്ങ് പ്രോഗ്രാം. പ്രധാന ഡിമാന്റ് മാധ്യമ പ്രവർത്തകർക്കെതിരായ കേസ് പിൻവലിക്കണമെന്ന്. പിന്നെ, മാധ്യമ പ്രവർത്തകർ ആഗതരാകുമ്പോൾ സെക്രട്ടറിയറ്റിൻ്റെ കവാടങ്ങൾ മലർക്കെ തുറന്ന് വരവേറ്റു കൊള്ളണമെന്ന്. മാധ്യമ പ്രവർത്തകരുടെ അവകാശ ബോധത്താൽ ജ്വലിച്ചു നിൽക്കുകയാണ് യൂണിയനും അതിൻ്റെ നേതാക്കളും, കരാർ പണിക്കാരാക്കി ജീവനക്കാരെ കൊണ്ട് അടിമ വേല ചെയ്യിക്കുകയാണ് കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും. ചുരുങ്ങിയ ശമ്പളം. പലയിടത്തും പിരിച്ചുവിടൽ. നിയമപരമായ ആനുകൂല്യങ്ങൾ നിഷേധിക്കൽ, അങ്ങിനെ പല പീഡനങ്ങൾ. അങ്ങോട്ടൊന്നും ഒരു അവകാശ സംരക്ഷണ മാർച്ചും കണ്ടില്ല. മുന്നറിയിപ്പുകൾ മുഴങ്ങിയില്ല. മാധ്യമ മുതലാളിമാരുടെ വീട്ടുപടിക്കൽ വിനീത വിധേയത്വം, സർക്കാരിനോട് ദീഷണി. കേസുകൾ പിൻവലിച്ചില്ലെങ്കിൽ സർക്കാരിനെ മൂക്കിൽ വലിച്ചു കേറ്റിക്കളയും എന്ന ഹുങ്ക്.
സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസിൻ്റെ ബി ടീമായാണ് ജർണലിസ്റ്റ് യൂണിയൻ നേതാക്കളുടെ വരവ്. നിങ്ങൾ ഉത്തരവിടുമ്പോൾ പിൻവലിക്കാൻ നിങ്ങൾ പറഞ്ഞിട്ടല്ലല്ലോ ഈ കേസുകൾ വന്നത്. സർക്കാർ സ്വമേധയാ എടുത്ത കേസുമല്ല. വഴിയെ പോകുന്നവൻ്റെ താടിക്ക് തോണ്ടി തല്ലു വാങ്ങുക, പിന്നെ ഇരുന്ന് മോങ്ങുക. ഇപ്പോൾ മാധ്യമ പ്രവർത്തകർക്കെതിരെ എടുത്ത കേസുകളെല്ലാം പരാതികളുടെ അടിസ്ഥാനത്തിലുള്ള കേസുകളല്ലേ? മാധ്യമ മുഖം മൂടി ധരിച്ച് നിങ്ങൾ നടത്തിയ അധമ പ്രവൃത്തിക്ക് ഇരകളായി അപമാനിക്കപ്പെട്ടവരാണ് പരാതിക്കാർ. അങ്ങിനെ പരാതി വന്നാൽ കേസെടുക്കുന്നതിൽ നിന്ന് മാധ്യമ പ്രവർത്തകരെ ഒഴിവാക്കാൻ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ വ്യവസ്ഥയുണ്ടോ?
എന്തൊക്കെയാണ് നിങ്ങൾ അലമുറയിടുന്ന കേസുകൾ, പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ, അതും സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരിയുടെ മകളെ ദുരുപയോഗപ്പെടുത്തി വ്യാജ വീഡിയോ നിർമ്മിച്ച് ഏഷ്യാനെറ്റ് ചാനലിൽ പ്രദർശിപ്പിച്ചതിന് പോക്സോ കേസ്. ലഹരി ഉപയോഗവും ലൈംഗിക പീഡനവും വിഷയം. ഈ തെമ്മാടി മാധ്യമ പ്രവർത്തനം ജർണലിസ്റ്റ് യൂണിയൻ്റെ നിഘണ്ടുവിൽ മഹത്തരമായ മാധ്യമ സ്വാതന്ത്ര്യം.
തിരുവനന്തപുരത്ത് കോടതി വളപ്പിൽ വക്കീലന്മാരുമായി ശണ്ഠ കൂടിയതിന് മറ്റൊരു കേസ്. മാധ്യമ പ്രവർത്തകരുടെ പരാതിയിൽ വക്കീലന്മാർക്കെതിരെ കേസ്, വക്കീലന്മാരുടെ പരാതിയിൽ മാധ്യമ പ്രവർത്തകർക്കെതിരെ കേസ്. ഇതിലിപ്പോ നിങ്ങൾക്കെതിരെ കേസെടുക്കാൻ പാടില്ലെന്ന് ഏത് നിയമത്തിലാണ് അനുശാസിക്കുന്നത്. ഇനി അടുത്ത കേസ്. അത് കുപ്രസിദ്ധമായ സോളാർ കേസിലെ പ്രതിയുടെ പരാതിപ്രകാരം അന്ന് കെപിസിസിസി പ്രസിഡണ്ടായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ്റെ അസഭ്യ പരാമർശത്തിനെതിരെ എടുത്ത കേസിൽ സാക്ഷിമൊഴി എടുപ്പിക്കാൻ വിളിച്ചു എന്നത് മാത്രം. അതും കേസ്, കേസ് എന്ന് അലമുറയിടൽ.
മറ്റൊന്ന് സിപിഐ എം കേന്ദ്ര കമ്മറ്റി അംഗവും സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറിയും പാർലമെന്റ് അംഗവും കൂടിയായ എളമരം കരീമിൻ്റെ കാർ തടഞ്ഞ്, മൂക്ക് അടിച്ചു പൊട്ടിച്ച് ചോര വരുത്തു എന്ന് ആഹ്വാനം ചെയ്ത ഏഷ്യാനെറ്റ് ജഡ്ജി വിനു വി ജോണിനെതിരായ കേസ്. അതും പരാതി പ്രകാരം രജിസ്റ്റർ ചെയ്ത കേസു തന്നെ.
ഇനിയാണ് ഇപ്പോൾ നിങ്ങൾ പൊക്കിപ്പിടിച്ച് നെഞ്ചത്തടിക്കുന്ന കേസ്. അത് ഗൂഢാലോചന കേസാണ്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആർഷോയാണ് പരാതിക്കാരൻ. ഏഷ്യാനെറ്റ് ലേഖിക പ്രതി. കൂടെ കെ എസ് യു സംസ്ഥാന പ്രസിഡണ്ടും യുണിറ്റ് പ്രസിഡണ്ടും സാങ്കേതിക പിഴവ് ആയുധമാക്കി ഒരു വ്യക്തിയെ അതി നീചമായി മാധ്യമങ്ങളിലൂടെ സമൂഹമധ്യത്തിൽ അപമാനിച്ചതിനാണ് കേസ്. ഈ കേസുകളൊന്നും സർക്കാർ വിചാരിച്ചാൽ പിൻവലിക്കാനാവില്ല. അതിന് പരാതിക്കാർ കൂടി വിചാരിക്കേണ്ടേ ?
മാധ്യമ സ്വാതന്ത്ര്യ ഗർജ്ജനം മുഴക്കി സർക്കാരിനെ വിറപ്പിക്കാൻ നോക്കുന്ന നിങ്ങൾ കോൺഗ്രസ് നേതാക്കൾ പരസ്യമായി മാധ്യമ പ്രവർത്തകരെ അപമാനിച്ചപ്പോൾ എവിടെയായിരുന്നു. കൂട്ടത്തിലുള്ള ഒരാളും മിണ്ടിയില്ല. കോൺഗ്രസ് നേതാക്കളുടെ അശ്ലീലം കേട്ട് മനം കുളിർത്ത് ചിരിക്കുകയല്ലേ ചെയ്തത്. വാർത്ത റിപ്പോർട്ട് ചെയ്തതിന് ദേശാഭിമാനി പത്രത്തിനെതിരെ യുഡിഎഫ് സർക്കാർ 2012 ൽ കേസെടുത്തപ്പോൾ ഈ ജർണലിസ്റ്റ് യൂണിയൻ എവിടെയായിരുന്നു. കണ്ണടച്ചിരുന്നു. പ്രതിഷേധ മാർച്ചുണ്ടായില്ല. ഒരു പ്രസ്താവന പോലുമുണ്ടായില്ല. നാലഞ്ചു വർഷം ആ കേസ് നടന്നു. കേസെടുത്തതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയത് ദേശാഭിമാനി ജീവനക്കാർ മാത്രം. ആ പ്രകടനത്തിൽ പങ്കെടുത്ത വർക്കെതിരെയും യുഡിഎഫ് ഗവൺമെന്റ് കേസെടുത്തു. അപ്പോഴും ജർണലിസ്റ്റ് യുണിയൻ വായും പൊത്തിയിരുന്നു.
പിന്നെ, സെക്രട്ടറിയറ്റിൽ നിയന്ത്രണം വന്നതു കൊണ്ട് മാധ്യമ പ്രവർത്തനം മുടങ്ങിയേ എന്ന വിലാപം കേട്ട് ചിരിക്കാതിരിക്കുന്നതെങ്ങിനെ. നിങ്ങൾക്ക് വേണ്ടതും നാട്ടുകാർക്ക് വേണ്ടാത്തതും ഒക്കെ സെക്രട്ടറിയറ്റിൽ നിന്ന് ഇപ്പോഴും നിർബാധം കിട്ടുന്നുണ്ട്. പക്ഷേ, ആറേഴ് കൊല്ലമായി പണ്ടത്തെ പോലെ അവിടെ കയറി കളിക്കാൻ പറ്റുന്നില്ല. ഉദ്യോഗസ്ഥരെ കണ്ടും വിറപ്പിച്ചും കാര്യങ്ങൾ നടത്താൻ പറ്റുന്നില്ല. മാധ്യമ പ്രവർത്തനത്തിൻ്റെ ലേബലിൽ അധികാരത്തിൻ്റെ ഇടനാഴികളിൽ കറങ്ങിയുള്ള ചിലരുടെ ഇടപാടുകൾ നടക്കുന്നില്ല. അത്രയേ ഉള്ളു. ഇനി ഈ നിയന്ത്രണം കൊണ്ടൊന്നും നിങ്ങൾ പണി നിർത്തില്ലെന്ന് പ്രവർത്തിച്ച് കാണിക്കുകയല്ലേ വേണ്ടത്.
അധമ മാധ്യമ പ്രവർത്തന സ്വാതന്ത്ര്യ സംരക്ഷണമാണ് ഇപ്പോൾ ജർണലിസ്റ്റ് യൂണിയന്റെ ആവശ്യം. വ്യക്തികളുടെ അന്തസ്സിലേക്കും സ്വകാര്യതയിലേക്കും കൈകടത്തുന്ന മാധ്യമജീർണതക്കെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് മുഴക്കിയത് നിങ്ങൾ കേട്ടില്ലേ? കേസ് പരിഗണനാ വേളയിൽ ജഡ്ജിമാരുടെ വാക്കാലുള്ള പരാമർശങ്ങൾ എടുത്ത് അഭിപ്രായപ്രകടനവും വ്യാഖ്യാനവും നടത്തി കക്ഷികളുടെ മാന്യതയും യശസ്സും തകർത്തുകളയുന്ന രീതി മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്ന് കോടതിക്കു പോലും പറയേണ്ടി വന്നില്ലേ? കേസ് ജയിച്ചാൽ പോലും ഇത്തരം പരാമർശങ്ങൾ കക്ഷികൾക്കുണ്ടാക്കുന്ന ദോഷം മാറില്ലെന്ന് കോടതിക്ക് ഓർമ്മിപ്പിക്കേണ്ടി വന്നില്ലേ? ഭരണഘടന നൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന് കോടതി പറഞ്ഞത് നിങ്ങൾ കേട്ടില്ലേ? സ്വകാര്യത എന്നാൽ ഒരാൾക്ക് സ്വന്തം അന്തസ്സ് സംരക്ഷിക്കാനുള്ള അവകാശം കൂടിയാണ്. ഭരണകൂടത്തിൻ്റെ ഏകപക്ഷീയമായ നടപടികളിൽ നിന്നു മാത്രമല്ല മാധ്യമങ്ങളിൽ നിന്നും സ്വകാര്യവ്യക്തികളിൽ നിന്നും ഈ സംരക്ഷണം ലഭിക്കണമെന്നും ഉന്നത നീതിപീഠം മാധ്യമങ്ങളെ ഓർമ്മിപ്പിക്കുന്നു.
ഉത്തരവാദിത്വത്തോടെ വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾ പെരുമാറ്റച്ചട്ടം സ്വീകരിയ്ക്കണമെന്നഹൈക്കോടതി നിർദേശത്തെക്കുറിച്ച് അഭിപ്രായം പറയാനുള്ള നട്ടെല്ല് നിങ്ങൾക്കുണ്ടോ? അതല്ല, മാധ്യമ മുതലാളിമാർക്കു മുന്നിൽ വാലാട്ടി സർക്കാരിനു നേരെ കുരച്ചു ചാടൽ തന്നെയാണോ മിനിമം പരിപാടി. കോടതിയിൽ കേസ് നടക്കുമ്പോൾ ഒരു ജഡ്ജിയുടെ വാക്കാലുള്ള പരാമർശങ്ങളെ അടിസ്ഥാനമാക്കി, മാന്യമല്ലാത്ത അഭിപ്രായങ്ങളിലൂടെയും പരാമർശങ്ങളിലൂടെയും കക്ഷിയുടെ അന്തസ്സിനും സൽപ്പേരിനും വരുത്തുന്ന നഷ്ടത്തിൻ്റെ ഉത്തരവാദിത്തത്തിൽ നിന്ന് മാധ്യമങ്ങൾക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന കോടതി നിരീക്ഷണത്തെക്കുറിച്ച് നിങ്ങൾക്ക് എന്തു പറയാനുണ്ട്?
മാധ്യമങ്ങൾ തങ്ങളുടെ നിരീക്ഷണങ്ങൾ ശ്രദ്ധിക്കുമെന്നും വരും ദിവസങ്ങളിൽ സ്വമേധയാ ഉത്തരവാദിത്തമുള്ള പെരുമാറ്റരീതി അവലംബിച്ചു റിപ്പോർട്ട് ചെയ്യുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു എന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ പരാമർശം മാധ്യമങ്ങളുടെ കരണം നോക്കിയുള്ള അടിയാണ്. മാധ്യമ സ്വാതന്ത്ര്യ നിഷേധമെന്ന നിങ്ങളുടെ മോങ്ങൽ കേരളം പുഛിച്ചു തള്ളുകയേ ഉള്ളൂ. കോൺഗ്രസിൻ്റെ പോഷക സംഘടനയല്ല ജർണലിസ്റ്റ് യൂണിയൻ എന്ന ബോധം ആദ്യം ഉണ്ടാവട്ടെ. ഒപ്പം, ഹൈക്കോടതി പറഞ്ഞ ഉത്തരവാദിത്വ ബോധവും. മാനം മര്യാദക്ക് പണിയെടുത്ത് അന്തസ്സായി കുടുംബം പോറ്റുന്ന മാധ്യമ പ്രവർത്തകരെ കൂടി നാണം കെടുത്തി അധമ മാധ്യമ പ്രവർത്തനം അനുസ്യൂതം മുന്നേറട്ടെ. ജർണലിസം ജീർണലിസമായി മുന്നേറുന്നതു കൊണ്ട് ഒരു അഖില കേരള ജീർണലിസ്റ്റ് ഫെഡറേഷനുള്ള സ്കോപ്പും ആലോചിക്കാം.