പോക്സോ കേസിൽ മരണം വരെ കഠിന തടവിന് ശിക്ഷിച്ച് ജയിലിലടച്ചിട്ടും പുരാവസ്തുതട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിനെ നെഞ്ചോടു ചേർത്ത് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. തട്ടിപ്പു കേസിൽ മോൻസൻ്റെ കൂട്ടു പ്രതിയായി അറസ്റ്റിലായിട്ടും സുധാകരനെ ചേർത്തു നിർത്തി കോൺഗ്രസ് സംസ്ഥാന നേതൃത്വം. തട്ടിപ്പുകേസിൽ അറസ്റ്റിലായ സുധാകരൻ രാജി സന്നദ്ധത അറിയിച്ച് നാടകം കളിച്ചെങ്കിലും വൈകാതെ ഉള്ളിലിരുപ്പ് പുറത്തായി. താൻ മാറി നിൽക്കാമെന് സുധാകരൻ പറഞ്ഞ ഉടൻ മാറാൻ സമ്മതിക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രഖ്യാപനം. കുറേക്കാലമായി കോൺഗ്രസ് സംഘടനാ നേതൃത്വം ഇവരുടെ കൈപ്പിടിയിലാണ്. മുതിർന്ന നേതാക്കളുമായി പോലും കൂടിയാലോചിക്കാതെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന രീതി. ഇത് രൂക്ഷമായ തർക്കം സൃഷ്ടിച്ചതിനൊപ്പമാണ് സുധാകരൻ ക്രിമിനൽ കേസിൽ മോൻസൻ്റെ കൂട്ടു പ്രതിയായത്.
സുധാകരൻ പ്രസിഡണ്ട് സ്ഥാനം ഒഴിയണമെന്ന നിലപാട് ഒട്ടേറെ നേതാക്കളിലുണ്ട്. സുധാകരന് പിന്നിൽ കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ട് എന്നൊക്കെ മനോരമയും മാതൃഭൂമിയുമൊക്കെ ഉപന്യാസം എഴുതുന്നുണ്ടെങ്കിലും പല നേതാക്കളും അസ്വസ്ഥരാണ്. പതിവുപോലെ സുധാകരന്റെ രാജിക്കാര്യത്തിലും ചർച്ചകൂടാതെ ഏകപക്ഷീയ നിലപാട് സതീശൻ പ്രഖ്യാപിച്ചതിൽ അവർക്ക് രോഷമുണ്ട്.
സുധാകരൻ അറസ്റ്റിലായി ദിവസങ്ങൾ കഴിഞ്ഞിട്ടും നേതാക്കളിൽനിന്ന് കാര്യമായ പ്രതികരണമുണ്ടായിട്ടില്ല. അറസ്റ്റ് ദിവസം തലസ്ഥാനജില്ലയിലടക്കം പലയിടത്തും പ്രതിഷേധ പ്രകടനങ്ങൾ നടത്താത്തതും നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. എ കെ ആന്റണിയും കെ മുരളീധരനുമടക്കമുള്ള നേതാക്കൾ കെപിസിസി ആസ്ഥാനത്ത് നടന്ന പ്രതിഷേധയോഗത്തിൽ ഈ വിഷയം ഗൗരവത്തിൽ പരാമർശിച്ചതുമില്ല.
ഐക്യവും കൂട്ടായ്‌മയും അച്ചടക്കവുമാണ് കോൺഗ്രസിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമെന്ന എ കെ ആന്റണിയുടെ അഭിപ്രായപ്രകടനം നേതാക്കളുടെ വഴിപിഴച്ച പോക്കിനെ കുറിച്ചുള്ള മുന്നറിയിപ്പായി. മാധ്യമങ്ങൾക്കു മുന്നിൽ കെ മുരളീധരൻ സുധാകരനെ ന്യായീകരിക്കുന്നതായി വരുത്തി. രമേശ് ചെന്നിത്തലയടക്കമുള്ളവർ കാര്യങ്ങളുടെ പോക്ക് നിരീക്ഷിക്കുകയാണ്. മോൻസനെപ്പോലുള്ളവരുമായി ബന്ധപ്പെടുമ്പോൾ ജാഗ്രത പുലർത്തണമായിരുന്നു എന്ന മുല്ലപ്പള്ളി രാമചന്ദ്രൻ്റെ അഭിപ്രായം സുധാകരനു നേരെയുള്ള കൂരമ്പായി.
മോൻസണെ ശത്രുപക്ഷത്ത് നിർത്താനാകില്ലെന്ന കെ സുധാകരൻ്റെ പ്രസ്താവന പാർടിയെ പ്രതിരോധത്തിലാക്കിയെന്ന അഭിപ്രായമാണ് ഭൂരിപക്ഷത്തിനും. പാർടിയിലെ അതൃപ്‌തി കൊടുങ്കാറ്റായി ആഞ്ഞടിക്കുമെന്ന് മനസ്സിലാക്കിയാണ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറാൻ തയ്യാറാണെന്ന സുധാകരൻ തട്ടി വിട്ടത്. അയ്യോ അഛാ പോകല്ലേ എന്ന മട്ടിൽ ഉടൻ സതീശൻ ചാടി വീഴുകയും ചെയ്തു. സുധാകരൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിയാലും പ്രശ്‌നങ്ങൾ തീരില്ലെന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ. പുനഃസംഘടനയിലെ ചേരിപ്പോര് കൂടുതൽ രൂക്ഷമാവുകയാണ്.
ശക്തമായ തെളിവുകളുടെ ബലത്തിൽ കേസ് മുറുകുന്നതും ഹൈക്കമാൻഡ് പിന്തുണ നൽകാൻ തയ്യാറാകാത്തതും സുധാകരനെയും സംഘത്തെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പരസ്യപ്രതികരണത്തിന് ഇനിയും ഹൈക്കമാൻഡ് തയ്യാറായിട്ടില്ല. തട്ടിപ്പുകേസിൽ കെപിസിസി പ്രസിഡന്റ് പ്രതിയാകുന്നതും അറസ്റ്റിലേക്ക് നീങ്ങുന്നതും അസാധാരണമാണ്. രാഷ്ട്രീയ പ്രേരിതമെന്ന് പ്രചരിപ്പിക്കുന്നുണ്ടെങ്കിലും കാര്യം വൻ കുരുക്കാണെന്ന് നേതാക്കൾക്കറിയാം. സുധാകരനെ നിരുപാധികം പിന്തുണയ്‌ക്കാൻ ആരും തയ്യാറാകാത്തത് ഇതുകൊണ്ടാണ്. രാഹുൽഗാന്ധിയും മല്ലികാർജുൻ ഖർഗെയുമടക്കം അതൃപ്‌തി അറിയിച്ചിട്ടുണ്ട്. തട്ടിപ്പുകേസുകളിൽ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പ്രതിസ്ഥാനത്ത് നിൽക്കേണ്ടി വന്നതിൽ ഹൈക്കമാൻഡിനും അമർഷമുണ്ട്.
പോക്‌സോ കേസിൽ ആജീവനാന്ത തടവിനു ശിക്ഷിക്കപ്പെട്ട മോൻസൺ മാവുങ്കലിനെ തള്ളിപ്പറയാൻ സുധാകരൻ തയ്യാറാകാത്തതിലും പാർടി പ്രവർത്തകരിൽ രോഷമുണ്ട്. ഹൈക്കമാൻഡ് ഇടപെട്ട് പുറത്താക്കുന്ന സാഹചര്യം ഉണ്ടാകുന്നതിന് മുമ്പ് സ്വയമൊഴിയാനുള്ള അവസരമാണ് സുധാകരന് മുന്നിലുള്ളത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാത്രമാണ് സുധാകരന് അകമഴിഞ്ഞ പിന്തുണ നൽകുന്നത്. മോൻസൺ കേസിൽ സുധാകരൻ ഒഴിയണമെന്ന നിലപാടെടുത്താൽ പുനർജനി കേസിൽ തന്റെ രാജിക്കായി മുറവിളി ഉയരുമെന്ന് സതീശൻ മുൻകൂട്ടി കാണുന്നു.തലസ്ഥാനത്ത് അറസ്റ്റുദിവസം ഒരു പ്രതിഷേധം പോലുമുണ്ടാകാതിരുന്നത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. താഴേത്തട്ടിൽ സുധാകരനോടുള്ള എതിർപ്പും അതൃപ്‌തിയുമാണ് ഇതുവഴി പ്രകടമാകുന്നത്.
പാർടിയിൽ ഉയരുന്ന അമർ സം മറികടക്കാനാണ് രാജി സന്നദ്ധതയെന്ന് ഒരു വിഭാഗം കരുതുമ്പോഴും കെപിസിസി പ്രസിഡന്റ് സ്ഥാനം സ്വപ്‌നംകാണുന്നവരും കൂട്ടത്തിലുണ്ട്. കെ മുരളീധരനെ കൊണ്ടുവരണമെന്ന് ഒരു വിഭാഗം വാദിക്കുന്നു. വി ഡി സതീശനും കെ സി വേണുഗോപാലും ഇതിനെതിരാണ്. മുരളീധരൻ പ്രസിഡന്റായാൽ രാഷ്‌ട്രീയഭാവിക്ക് ദോഷംചെയ്യുമെന്ന് സതീശനും വേണുഗോപാലും കരുതുന്നു.
ബ്ലോക്ക് പ്രസിഡന്റ് നിയമനം തന്നെ കൂട്ടയടിക്ക് കാരണമായിരിക്കേ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പകരക്കാരനെ കണ്ടെത്തലും കീറാമുട്ടിയാകും. വഞ്ചനാക്കേസിൽ അറസ്‌റ്റിലായതിൻ്റെ പേരിൽ കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്ന് വി ഡി സതീശൻ ആവർത്തിക്കുകയാണ്. ‘സുധാകരൻ മാറിനിൽക്കുന്നതിനെക്കുറിച്ചുള്ള ചർച്ച പാർടിയിൽ ഉണ്ടാകില്ല. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നാണ് ഞാൻ പറയുന്നത്. അതാണ് പാർടിയുടെ നിലപാട്. സുധാകരനെതിരായ തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണ്. ‘മോൻസൻ്റെ വീട് സുധാകരൻ പലതവണ സന്ദർശിച്ചത് ആരും നിഷേധിച്ചിട്ടില്ല. സന്ദർശിച്ചാൽ കുറ്റമാകുമോ. മോൻസൻ്റെ ഡ്രൈവറുടെ മൊഴിയാണ് തെളിവ് എന്നു പറയുന്നു. എന്നാൽ, ഡ്രൈവർ ആദ്യം ഇങ്ങനെയല്ല മൊഴിനൽകിയത്’–- സതീശൻ്റെ അപഹാസ്യമായ ന്യായീകരണങ്ങൾ ഇങ്ങനെ നീളുകയാണ്.