ന്യൂഡൽഹി: മണിപ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധം ശക്തം. കലാപം ആരംഭിച്ച് 51 ദിവസങ്ങൾ പിന്നിടുമ്പോഴും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നരേന്ദ്രമോദിയെ കാണ്മാനില്ല എന്ന പോസ്റ്ററുകൾ പ്രതിഷേധക്കാർ പതിപ്പിച്ചു.
“കാണ്മാനില്ല, നിങ്ങൾ ഈ മനുഷ്യനെ കണ്ടിരുന്നോ, പേര് നരേന്ദ്രമോദി, ഉയരം അഞ്ചടി ആറിഞ്ച്, നെഞ്ചളവ് അമ്പത്താറ് ഇഞ്ച്, കണ്ണും കാണില്ല, ചെവിയും കേൾക്കില്ല. അവസാനം ഇയാളെ കണ്ടത് മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പ് റാലിയിൽ. മോദിയുടെ ഒരു ചിത്രവും ഉള്ള പോസ്റ്ററുകളാണ് പതിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം നരേന്ദ്രമോദിയുടെ റേഡിയോ പരിപാടിയായ മൻ കി ബാത്ത് ബഹിഷ്കരിച്ചുകൊണ്ട് മണിപ്പൂരിലെ ഒരു വിഭാഗം ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാർ മൻ കി ബാത്ത് കേൾക്കുന്ന റേഡിയോ സെറ്റുകൾ നിലത്തിട്ട് ചവിട്ടുകയും വലിച്ചെറിയുകയും ചെയ്തു. മോദി സർക്കാരിനെതിരെ മുദ്രവാക്യങ്ങൾ വിളിക്കുകയും ചെയ്തു. ഇനി മോദിയുടെ ശബ്ദം കേൾക്കാൻ തയ്യാറല്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
അതേസമയം കൂടിക്കാഴ്ചയ്ക്കായി 10 ദിവസമായി ഡൽഹിയിൽ കാത്തിരിക്കുന്ന മണിപ്പൂരിലെ പ്രതിപക്ഷ പാർടികളുടെ പ്രതിനിധി സംഘത്തിന് മുഖംകൊടുക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് യാത്ര തിരിച്ചു. മുൻ മുഖ്യമന്ത്രി ഇബോബി സിങ് ഉൾപ്പെടെ മണിപ്പുരിലെ 10 പ്രതിപക്ഷ പാർടിയുടെ നേതാക്കളാണ് ഡൽഹിയിൽ തുടരുന്നത്. ജൂൺ പത്തിനാണ് ഇവർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയത്. ഈ അഭ്യർഥന തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി കാര്യാലയത്തിൽ നേരിട്ടുമെത്തിച്ചു. ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. യുഎസിലേക്ക് പോകുംമുമ്പ് മോദി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇവർ പലതവണ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.