ഇടുക്കി: നാടക ചലച്ചിത്ര നടന് പൂജപ്പുര രവി അന്തരിച്ചു. 86-ാം വയസിലാണ് വിയോഗം. മറയൂരില്‍ മകളുടെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച താരം 800ഓളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. 4000ത്തോളം നാടകങ്ങളിലും തിളങ്ങി. കൂടുതലും ഹാസ്യ വേഷങ്ങളിലാണ് നടന് ശ്രദ്ധേയമായത്. 2016ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് താരം ഒടുവിലായി വേഷമിട്ടത്.
തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്. വേലുത്തമ്പിദളവ എന്ന ചിത്രത്തിലൂടെയാണ് രവി സിനിമാ രംഗത്തയ്ക്ക് ചുവടുവെച്ചത്. ഡാര്‍വിന്റെ പരിണാമം, കൊന്തയും പൂണൂലും, തസ്കര വീരന്, മഹാസമുദ്രം, കിളിച്ചുണ്ടന്‍ മാമ്പഴം, കിലുക്കം, അക്കരെ നിന്നൊരു മാരന്, കള്ളന് കപ്പലില്‍തന്നെ, മുത്താരംകുന്ന് പിഒ, പൂച്ചയ്ക്കൊരു മൂക്കുത്തി, സ്വപ്നമേ നിനക്ക് നന്ദി, പുത്തരിയങ്കം, തച്ചോളി അമ്പു എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. സീരിയലുകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.