തിരുവനന്തപുരം: മോൻസൺ മാവുങ്കലിൻ്റെ തട്ടിപ്പുകേസിൽ പരാതിക്കാരെ സ്വാധീനിക്കാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ശ്രമിച്ചതിൻ്റെ തെളിവുകൾ പുറത്ത്. സുധാകരൻ്റെ അടുപ്പക്കാരനായ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എബിൻ എബ്രഹാം കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി പരാതിക്കാരൻ ഷമീറിനെ സമീപിച്ചതിൻ്റെ വാട്ട്‌സാപ് ചാറ്റിൻ്റെ സ്ക്രീൻ ഷോട്ടുകളാണ് പുറത്ത് വന്നത്.
വാട്സാപ് കോളിലൂടെ ഷെമീറിനെ ബന്ധപ്പെടാനാണ് എബിൻ ആദ്യം ശ്രമിച്ചത്. ഫോണെടുക്കാതായതോടെ വാട്സാപ് സന്ദേശമയച്ചു. കരാറുകാരനായ ഷമീർ പരാതി പിൻവലിച്ചാൽ ലക്ഷദ്വീപിൽ നിർമാണ പ്രവൃത്തികൾ തരപ്പെടുത്തി നൽകാമെന്നും വാഗ്‌ദാനമുണ്ടായിരുന്നു. വഴങ്ങാതെ വന്നതോടെ കോൺഗ്രസ് നേതാക്കളിൽനിന്ന് ഭീഷണി നേരിടുന്നതായും ഷമീർ പറയുന്നു.
തട്ടിപ്പിൽ ബന്ധമില്ലെന്ന് സുധാകരൻ ആവർത്തിക്കുന്നതിനിടെയാണ് പുതിയ തെളിവുകൾ പുറത്തുവരുന്നത്. മോൻസൺ മാവുങ്കലുമായി കെ സുധാകരനെ പരിചയപ്പെടുത്തിയത് എബിനാണ്. സുധാകരൻ എറണാകുളത്ത് എത്തുമ്പോൾ സന്തതസഹചാരിയാണ് ഇരുമ്പനം കാട്ടേത്ത് വീട്ടിൽ എബിൻ എബ്രഹാം. ഇയാൾ മോൻസണിൻ്റെ സഹായിയിൽനിന്നുൾപ്പെടെ പണം വാങ്ങിയതിൻ്റെ തെളിവുകളും അന്വേഷകസംഘത്തിന് ലഭിച്ചു. 2020 ജനുവരി 23നാണ് 26,000 രൂപയുടെ ഇടപാട് നടന്നിരിക്കുന്നത്. ഇൻഡസ് ഇൻഡ് ബാങ്കിൻ്റെ കൊച്ചി പാലാരിവട്ടം ശാഖയിലെ അക്കൗണ്ടിൽനിന്നാണ് പണം കൈമാറിയത്.
മോൻസൺ തൻ്റെ വീട്ടിൽവച്ച് സുധാകരന് 10 ലക്ഷം രൂപ നൽകുന്ന സമയം എബിൻ വീട്ടിലുണ്ടായിരുന്നു. എന്നാൽ, പണം വാങ്ങുന്ന കാര്യം എബിൻ അറിയരുതെന്ന് സുധാകരൻ നിർദേശം നൽകിയതിനാൽ വീടിൻ്റെ മുകൾനിലയിൽവച്ച് എബിൻ അറിയാതെയായിരുന്നു പണം കൈമാറിയതെന്നും അന്വേഷകസംഘം കണ്ടെത്തി. സുധാകരന് നൽകാനുള്ള 10 ലക്ഷം രൂപ മോൻസണിൻ്റെ ജീവനക്കാർ എണ്ണി തിട്ടപ്പെടുത്തുന്നതിൻ്റെ ഫോട്ടോകളും ലഭിച്ചിട്ടുണ്ട്. തട്ടിപ്പിൽ കള്ളപ്പണ ഇടപാടു നടന്നിട്ടുണ്ടോ എന്നറിയാൻ സുധാകരനെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നീക്കം തുടങ്ങി. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തതിനുശേഷം നോട്ടീസ് നൽകി വിളിച്ചുവരുത്താനാണ് നീക്കം.