തിരുവനന്തപുരം: എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്‌ക്കെതിരായ ഗൂഢാലോചനയിൽ പോലീസിന് നിർണായക തെളിവുകൾ ലഭിച്ചു. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിനു മുമ്പു തന്നെ ആർഷോയുടെ പേര് പട്ടികയിൽ തെറ്റായി കടന്നുകൂടിയ വിവരം അധ്യാപകർ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അവഗണിക്കുകയാണുണ്ടായത്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പോലീസ് ശേഖരിച്ചു. കോളേജിലെ അധ്യാപകരിൽ ചിലരും കെഎസ്‌യു നേതാവും മാധ്യമപ്രവർത്തകയും തുടർച്ചയായി സമ്പർക്കം പുലർത്തിയതിൻ്റെ തെളിവുകളും പോലീസിന് ലഭിച്ചു.
കോളേജിലെ ഒരു ഉന്നതനും ഇതിൽ പങ്കുണ്ടോയെന്ന കാര്യവും പോലീസിൻ്റെ അന്വേഷണ പരിധിയിലുണ്ട്. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ബന്ധപ്പെട്ട അധ്യാപകരുടെ മൊഴിയെടുക്കും. കെഎസ്‌യു ഉന്നത നേതാവും ഗൂഢാലോചനയിൽ പങ്കാളികളായ അധ്യാപകരും പലതവണ ഒരുമിച്ചെത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.
ഗൂഢാലോചനയിൽ പങ്കുള്ള അധ്യാപകരും കെഎസ്‌യു ഉന്നത നേതാവും തമ്മിലാണ് പ്രധാനമായും കൂടിയാലേ. ചനകൾ നടന്നത്. ഇവർ തമ്മിൽ നടത്തിയ ഗൂഢാലോചനയിൽ തയ്യാറാക്കിയ തിരക്കഥ പുറത്തു വിടാനാണ് മാധ്യമപ്രവർത്തകയെ ഉപയോഗപ്പെടുത്തിയത്. വാർത്തയുടെ തത്സമയ സംപ്രേഷണത്തിനിടെ കെഎസ്‌യു നേതാവ് ആരോപണവുമായി എത്തിയത് ഗൂഢാലോചനയുടെ ഭാഗമായാണ്. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുംമുമ്പ് അധ്യാപകർ പരീക്ഷാഫലം നേരിട്ട് പരിശോധിക്കുന്ന പതിവുണ്ട്. ഈ പരിശോധനയിലാണ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാത്ത ആർഷോയുടെ പേരും മറ്റ് വിവരങ്ങളുമുണ്ടെന്ന് കണ്ടെത്തിയത്. ഈ വിവരം ചുമതലയിലുണ്ടായിരുന്ന അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. രോഖാമൂലം ചൂണ്ടിക്കാട്ടിയ ഈ പിഴവ് അവഗണിച്ചാണ് ഫലം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. എസ്‌എഫ്‌ഐയെയും സംസ്ഥാന സെക്രട്ടറി ആർഷോയെയും കരിവാരി തേക്കുക മാത്രമായിരുന്നു ലക്ഷ്യം.