തിരുവനന്തപുരം: കെ ഫോണ്‍ പദ്ധതി കേരളത്തിന്റെ ജനകീയ ബദല്‍ നയങ്ങളുടെ മറ്റൊരു മഹത്തായ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരളത്തിലെ എല്ലാ വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയാണ് കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക്, അഥവാ കെ-ഫോണ്‍. കെ-ഫോണിലൂടെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സംസ്ഥാനത്തെ 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കെ ഫോണ്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ അവകാശമാണ് ഇന്റര്‍നെറ്റ് എന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. അത് കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ല എന്നുറപ്പുവരുത്താനാണ് സര്‍ക്കാര്‍ കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്. അതിലൂടെ എല്ലാവര്ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ്. അങ്ങനെ ഇന്റര്‍നെറ്റ് എന്ന അവകാശം എല്ലാവര്ക്കും പ്രാപ്യമാകുന്നു എന്ന് ഉറപ്പുവരുത്തുകയാണ്. വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിന്റെ, പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതിന്റെ, ഉത്തരവാദിത്തബോധമുള്ള ഭരണനിര്‍വ്വഹണത്തിന്റെ മറ്റൊരു ഉദാഹരണമായി മാറുകയാണ് കെ-ഫോണ്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കെ-ഫോണ്‍ പദ്ധതിയുടെ ഭാഗമായ അടിസ്ഥാന സേവനങ്ങള്‍ നല്കുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസന്‍സും ഔദ്യോഗികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐ എസ് പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സും നേരത്തെ തന്നെ നമ്മള് നേടിയെടുത്തിരുന്നു. നിലവില്‍ 17,412 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ-ഫോണ്‍ കണക്ഷന് ലഭ്യമാക്കിക്കഴിഞ്ഞിട്ടുണ്ട്. 9,000 ത്തിലധികം വീടുകളില്‍ കണക്ഷന് ലഭ്യമാക്കാനുള്ള കേബിള്‍ വലിച്ചിട്ടുണ്ട്. 2,105 വീടുകള്‍ക്ക് കണക്ഷന് നല്‍കുകയും ചെയ്തിട്ടുണ്ട്.
കെ-ഫോണ്‍ കണക്ഷന് നല്‍കിയിട്ടുള്ള ഓഫീസുകളിലും വീടുകളിലും എല്ലാം ഇതിനോടകം തന്നെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാണ്. ആ പശ്ചാത്തലത്തിലാണ് ഇന്നിവിടെ കെ-ഫോണിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തപ്പെടുന്നത്. കേരളത്തിലെ എല്ലാ വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും എത്രയും വേഗം തന്നെ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയും ഇന്റര്‍നെറ്റ് സേവനങ്ങളും ലഭ്യമാക്കുമെന്ന് ഉറപ്പു നല്‍കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
ലോകത്തേറ്റവും അധികം ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകള്‍ നടക്കുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ 700 ലധികം ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകളാണ് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളത്. അങ്ങനെയുള്ള രാജ്യത്താണ് എല്ലാവര്ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കി ഒരു സംസ്ഥാന സര്‍ക്കാര്‍ സവിശേഷമായി ഇടപെടുന്നത്. ആ നിലയ്ക്ക്, സര്‍ക്കാരിന്റെ, നമ്മുടെ നാടിന്റെ ജനകീയ ബദല്‍ നയങ്ങളുടെ മറ്റൊരു ഉദാഹരണമായി മാറുകയാണ് കെ-ഫോണ്‍ പദ്ധതി.
കോവിഡാനന്തര ഘട്ടത്തില്‍ പുതിയ ഒരു തൊഴില്‍സംസ്കാരം രൂപപ്പെട്ടുവരികയാണ്. വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം, വര്‍ക്ക് എവേ ഫ്രം ഹോം എന്നിങ്ങനെയുള്ള പ്രവൃത്തിരീതികള്‍ വര്‍ദ്ധിച്ച തോതില്‍ നിലവില്‍ വരികയാണ്. അവയുടെ പ്രയോജനം നമ്മുടെ ചെറുപ്പക്കാര്‍ക്ക് ലഭിക്കണം എന്നുണ്ടെങ്കില്‍ മികച്ച ഇന്റര്‍നെറ്റ് സേവനങ്ങള്‍ നാട്ടില്‍ എല്ലായിടത്തും ഉണ്ടാകണം. അതിനുള്ള ഉപാധിയാണ് കെ-ഫോണ്‍ പദ്ധതി.
മികച്ച വാസസ്ഥലമായി കണക്കാക്കപ്പെടുന്ന കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റുകളില്‍ പലരും ഇവിടെ തന്നെ താമസിക്കാനും ഇവിടെ നിന്ന് ജോലി ചെയ്യാനും ഒക്കെ ആഗ്രഹിക്കുന്നവരാണ്. ആ ചിന്താഗതി ഉള്ളവരെ കൂടി ആകര്‍ഷിച്ചുകൊണ്ട് കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ വലിയ ചലനം ഉണ്ടാക്കാന്‍ കെ-ഫോണിലൂടെ നമുക്ക് കഴിയും. അതേസമയം തന്നെ ഇടമലക്കുടി ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ കണക്ടിവിറ്റി ഉറപ്പാക്കിക്കൊണ്ട് ആരും പിന്തള്ളപ്പെട്ടു പോകുന്നില്ല എന്നും എല്ലാവരും ഈ റിയല്‍ കേരള സ്റ്റോറിയുടെ ഭാഗമാകുന്നു എന്നും ഉറപ്പുവരുത്തുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മാറുന്ന ലോകത്തിനൊപ്പം മുന്നോട്ടു കുതിക്കാന്‍ സാര്‍വ്വത്രികമായ ഇന്റര്‍നെറ്റ് സൗകര്യം അനിവാര്യമാണ്. അതുകൊണ്ടുതന്നെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും കേരളത്തെ പരിവര്‍ത്തിപ്പിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യം ഒരുക്കുകയാണ് കെ-ഫോണിലൂടെ നാം ചെയ്യുന്നത്. അതിലൂടെ കേരളത്തെയാകെ ഗ്ലോബല്‍ ഇന്‍ഫര്‍മേഷന്‍ ഹൈവേയുമായി ബന്ധിപ്പിക്കുകയാണ് നമ്മള്. അങ്ങനെ ആഗോള മാനങ്ങളുള്ള നവകേരള നിര്‍മ്മിതിക്ക് അടിത്തറയൊരുക്കുകയാണ്.
ടെലികോം മേഖലയിലെ കോര്‍പറേറ്റ് ശക്തികള്‍ക്കെതിരെയുള്ള ജനകീയ ബദല്‍ മാതൃക കൂടിയാണ് കെ-ഫോണ്‍ പദ്ധതി എന്ന് നാം കാണണം. സ്വകാര്യ മേഖലയിലെ കേബിള്‍ ശൃംഖലകളുടെയും മൊബൈല്‍ സേവനദാതാക്കളുടെയും ചൂഷണത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം നല്‍കണം എന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് കെ-ഫോണ്‍ പദ്ധതിക്ക് തുടക്കമിട്ടത്. മറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ നല്‍കുന്നതിനെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാവും കെ-ഫോണ്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്നറിയിക്കട്ടെ. കേരളത്തിലാകമാനം, നഗര-ഗ്രാമ വ്യത്യാസമില്ലാതെ, ഉയര്‍ന്ന സ്പീഡിലും ഒരേ ഗുണനിലവാരത്തോടുകൂടിയും കെ-ഫോണിന്റെ സേവനങ്ങള്‍ ലഭ്യമാക്കാനും കഴിയും.
എന്നാല്‍ സ്വകാര്യ കമ്പനികള്‍ ഈ മേഖലയില്‍ ഉള്ളപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ എന്തിനാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത് എന്ന് ചോദിച്ചവര്‍ ഇവിടെയുണ്ട് എന്നത് നാം മറക്കരുത്. പൊതുമേഖലയില്‍ ഒന്നും വേണ്ട, എല്ലാം സ്വകാര്യ മേഖലയില്‍, കുത്തക വാദത്തിന്റെ മൂലധന ശൈലിയില്‍ കാര്യങ്ങള്‍ നിര്‍വഹിച്ചാല്‍ മതി എന്നു ചിന്തിക്കുന്നവര്‍ ഇങ്ങനെ ചോദിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു. അവര്‍ക്ക് എളുപ്പം മനസ്സിലാവുന്നതല്ല കേരളത്തിന്റെ ബദലെന്നും പിണറായി വിജയന് പറഞ്ഞു.
നാടിനാകെ ഗുണകരമാകുന്ന വിധത്തിലാണ് കെ-ഫോണ്‍ പദ്ധതിയും നടപ്പാക്കുന്നത്. കേരളത്തില്‍ ഡിജിറ്റല്‍ ഡിവൈഡ് ഉണ്ടാകുന്നില്ല എന്നുറപ്പുവരുത്താന്‍ കൂടി വൈദ്യുതി, ഐ ടി വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന ഈ പദ്ധതി അങ്ങേയറ്റം സഹായകമാവും. ആ നിലയ്ക്കും കേരളം മുന്നോട്ടുവെക്കുന്ന ഒരു ബദലാണിത്.
എല്ലാവര്ക്കും ഇന്റര്‍നെറ്റ് എന്ന ആശയമുയര്‍ത്തി കെ-ഫോണ്‍ പദ്ധതി അവതരിപ്പിച്ചപ്പോള്‍ ചിലര്‍ അപ്പോഴും ചോദിച്ചു, എന്തിനാണ് ആളുകള്‍ക്ക് ഇന്റര്‍നെറ്റ്? എല്ലാവരുടെയും കൈകളില്‍ ഫോണില്ലേ? ഒറ്റനോട്ടത്തില്‍ ശരിയാണെന്ന സംശയം വരും. നാം ചുറ്റുപാടും കാണുന്ന നിരവധി പേര്‍ക്കു സ്മാര്‍ട്ട് ഫോണുണ്ട്. എന്നാല്‍, ഡിജിറ്റല്‍ ഡിവൈഡിന്റെ ഗൗരവം മനസ്സിലാവണമെങ്കില്‍ ചില കണക്കുകള്‍ നാം ആഴത്തില്‍ പരിശോധിക്കേണ്ടതുണ്ട്.
നമ്മുടെ രാജ്യത്ത് 50 ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാകുന്നത്. 33 ശതമാനം സ്ത്രീകള്‍ക്കു മാത്രമാണ് ഇന്റര്‍നെറ്റ് അക്സസ് ഉള്ളത്. ഗ്രാമപ്രദേശത്താകട്ടെ അത് 25 ശതമാനം മാത്രമാണ്. മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് 30 ശതമാനം കുറഞ്ഞ തോതില്‍ മാത്രമേ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാകുന്നുള്ളൂ. ഇത്രയേറെ ആഴത്തില്‍ ഡിജിറ്റല്‍ ഡിവൈഡ് നിലനില്‍ക്കുന്ന ഒരു രാജ്യത്താണ് നമ്മുടെ നാട്ടില്‍ സര്‍ക്കാര്‍ അതില്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ആദിവാസികളടക്കമുള്ള അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ സമൂഹത്തിന്റെ ഭാഗമായി കാണുന്ന ഒരാളിലും ഉളവാകാത്ത ചോദ്യമായിരുന്നു നേരത്തെ ഉയര്‍ന്നുവന്നത്.
സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് ഉണ്ടാകുമായിരുന്ന ഡിജിറ്റല്‍ ഡിവൈഡിനെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് നമ്മള് മറികടന്നത്. അന്നും നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു. എന്തിനാണ് കുട്ടികള്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത് എന്ന് ചോദിച്ചവരുണ്ട്. അന്ന് അതുകേട്ട് പിന്നോട്ടുപോയിരുന്നെങ്കില്‍ ഇന്ന് എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം സാധ്യമാക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനമായി നാം കേരളം മാറുമായിരുന്നില്ല. എന്നു മാത്രമല്ല, കോവിഡ് ഘട്ടത്തില്‍ വിദ്യാഭ്യാസ രംഗത്തു നിന്നുതന്നെ ഒരു വിഭാഗം കുട്ടികള്‍ കൊഴിഞ്ഞു പോയേനേ. അതിവിടെ സംഭവിച്ചില്ല. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഭരണ സംസ്കാരത്തിന് ആലോചിക്കാന്‍ കൂടി സാധ്യമല്ല അത്തരമൊരു അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
കെ-ഫോണ്‍ കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റാണ്. ഇത് യാഥാര്‍ത്ഥ്യമാക്കാനായി അക്ഷീണം യത്നിച്ച എല്ലാവരെയും ഈ ഘട്ടത്തില്‍ ഹാര്‍ദ്ദമായി അഭിനന്ദിക്കുകയാണ്. സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തവും കാര്യക്ഷമവുമാക്കുന്നതിനും ഇ-ഗവേണന്‍സ് സാര്‍വ്വത്രികമാക്കുന്നതിനും കെ-ഫോണ്‍ സഹായകമാവും. അങ്ങനെ ഇത് നവകേരള നിര്‍മ്മിതിയെ കൂടുതല്‍ വേഗത്തിലാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.