ന്യൂഡൽഹി: ഇരുചക്ര വാഹനങ്ങളിൽ ചെറിയ കുട്ടികളെപ്പോലും മൂന്നാമത്തെ യാത്രക്കാരായി അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ. എളമരം കരീം എംപിയുടെ കത്തിന് മറുപടിയായാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ നിലവിലുള്ള വ്യവസ്ഥകൾ ഭേദഗതി ചെയ്ത് പത്ത് വയസ് വരെയെങ്കിലും പ്രായമുള്ള കുട്ടികളെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് മാതാപിതാക്കളോടൊപ്പം യാത്രചെയ്യാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി കത്ത് നൽകിയത്.
കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ 128-ാം വകുപ്പ് പ്രകാരം ഇരുചക്ര മോട്ടോർ വാഹനങ്ങളിൽ രണ്ടുപേർക്ക് മാത്രമേ യാത്രചെയ്യാൻ അനുമതിയുള്ളൂ. അച്ഛനമ്മമാരോടൊപ്പം ചെറിയ കുട്ടികൾ ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്യുന്നതുപോലും നിയമ ലംഘനത്തിന്റെ പരിധിയിൽ വരികയും അവരിൽ നിന്ന് പിഴ ഈടാക്കേണ്ട സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നതാണ് നിലവിലെ വ്യവസ്ഥ. ലക്ഷക്കണക്കിന് സാധാരണ കുടുംബങ്ങളെയാണ് ഈ വ്യവസ്ഥ ദോഷകരമായി ബാധിക്കുന്നത്. ഇത് കേരളത്തിലുൾപ്പെടെ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് നിയമം ഭേദഗതി ചെയ്ത് കുട്ടികളുടെ യാത്ര അനുവദിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണം എന്ന് ആവശ്യപ്പെട്ടത്.