തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽക്കൈ. 19 തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 10 സീറ്റിൽ എൽഡിഎഫും 8 സീറ്റിൽ യുഡിഎഫും വിജയിച്ചപ്പോൾ ഒരു സീറ്റിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. യുഡിഎഫിൻ്റെ ഒന്നും ബിജെപിയുടെ രണ്ട് സിറ്റിങ് സീറ്റുകളും ജനപക്ഷത്തിൻ്റെ ഒരു സീറ്റും എൽഡിഎഫ് പിടിച്ചെടുത്തു.
ഒമ്പതു ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, പതിനഞ്ച് ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ഒമ്പത് സീറ്റുകൾ എൽഡിഎഫിന്റേയും ഏഴ് സീറ്റുകൾ യുഡിഎഫിന്റേയും രണ്ട് സീറ്റുകൾ ബിജെപിയുടേയും സിറ്റിങ് സീറ്റുകളായിരുന്നു. ഒരെണ്ണം ജനപക്ഷത്തിൻ്റെതായിരുന്നു.
തിരുവനന്തപുരം
മുനിസിപ്പൽ കോർപ്പറേഷനിലെ മുട്ടട- എൽഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി. സിപിഎമ്മിൻ്റെ അജിത് രവീന്ദ്രൻ 203 വോട്ടുകൾ കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തി.
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ കാനാറ- കോൺഗ്രസ് സിറ്റിങ് സീറ്റ് നിലനിർത്തി. 12 വോട്ടുകൾക്ക് കോൺഗ്രസിലെ അപർണ സിപിഎമ്മിലെ രേവതി വി.എല്ലിനെയാണ് തോൽപ്പിച്ചത്.
കൊല്ലം
അഞ്ചൽ ഗ്രാമപഞ്ചായത്തിലെ തഴമേൽ- ബിജെപി സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐയിലെ ജി.സോമരാജൻ 264 വോട്ടുകൾക്ക് ബിജെപിയുടെ ബബുൽ ദേവിനെ പരാജയപ്പെടുത്തി.
പത്തനംതിട്ട
മൈലപ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ്- സിപിഎം സിറ്റിങ് സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തു. കോൺഗ്രസിലെ ജെസി വർഗീസ് 76 വോട്ടുകൾക്കാണ് സിപിഎമ്മിൻ്റെ ഷെറിൻ ബി. ജോസഫിനെ പരാജയപ്പെടുത്തിയത്.
ആലപ്പുഴ
ചേർത്തല മുനിസിപ്പൽ കൗൺസിലിലെ മുനിസിപ്പൽ ഓഫീസ്-എൽഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി. 310 വോട്ടുകൾക്ക് ഇടത് സ്വതന്ത്രൻ എ.അജി വിജയിച്ചു ബിജെപിയാണ് രണ്ടാമത്.
കോട്ടയം
കോട്ടയം മുനിസിപ്പൽ കൗൺസിലിലെ പുത്തൻതോട്-കോൺഗ്രസ് സിറ്റിങ് സീറ്റ് നിലനിർത്തി. 75 വോട്ടുകൾക്ക് കോൺഗ്രസിലെ സൂസൻ കെ.സേവ്യർ സിപിഐയിലെ സുകന്യ സന്തോഷിനെ പരാജയപ്പെടുത്തി.
മണിമല ഗ്രാമപഞ്ചായത്തിലെ മുക്കട- സിപിഎം സിറ്റിങ് സീറ്റ് നിലനിർത്തി. 127 വോട്ടുകൾക്ക് സിപിഎം സ്ഥാനാർഥി സുജാ ബാബു കോൺഗ്രസിലെ പ്രയ്സ് ജോസഫിനെയാണ് പരാജയപ്പെടുത്തിയത്.
പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ പെരുന്നിലം-ജനപക്ഷം സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുത്തു. സിപിഎമ്മിലെ ബിന്ധു അശോകൻ 12 വോട്ടുകൾക്കാണ് ജയിച്ചത്. കോൺഗ്രസാണ് രണ്ടാമതെത്തിയത്.
എറണാകുളം
നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ തുളുശ്ശേരിക്കവല- ബിജെപി സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുത്തു. സിപിഎമ്മിലെ അരുൺ സി.ഗോവിന്ദൻ 99 വോട്ടുകൾക്കാണ് ബിജെപിയുടെ ഉണ്ണികൃഷ്ണനെ തോൽപ്പിച്ചത്.
പാലക്കാട്
പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ ബമ്മണ്ണൂർ-യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി.
മുതലമട ഗ്രാമപഞ്ചായത്തിലെ പറയമ്പള്ളം-സിപിഎം സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർഥി മണികണ്ഠൻ 124 വോട്ടുകൾക്കാണ് സിപിഎം സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്.
ലെക്കിടി പേരൂർ ഗ്രാമപഞ്ചായത്തിലെ അകലൂർ ഈസ്റ്റ്-എൽഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി.
കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലമല-എൽഡിഎഫ് സിറ്റിങ് സീറ്റ് ബിജെപി പിടിച്ചെടുത്തു.
കരിമ്പ ഗ്രാമപഞ്ചായത്തിലെ കപ്പടം- യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി. കോൺഗ്രസിലെ നീതുരാജ് 189 വോട്ടുകൾക്ക് സിപിഎം സ്ഥാനാർഥിയെ പരാജയപ്പെടുത്തി.
കോഴിക്കോട്
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ചേലിയ ടൗൺ-യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി. കോൺഗ്രസിലെ അബ്ദുൾ ഷുക്കൂർ 112 വോട്ടുകൾക്കാണ് ജയിച്ചത്. ഇവിടെ ബിജെപി രണ്ടാമതും സിപിഎം മൂന്നാം സ്ഥാനത്തുമെത്തി.
പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണലാട്- യുഡിഎഫ് സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുത്തു. 154 വോട്ടുകൾക്കാണ് സിപിഎം സ്ഥാനാർഥി അജിത മനോജ് കോൺഗ്രസിലെ ഷാലി ജിജോയെ പരാജയപ്പെടുത്തിയത്.
വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകം-എൽഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി.
കണ്ണൂർ
മുനിസിപ്പൽ കോർപ്പറേഷനിലെ പള്ളിപ്രം- യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർഥി എ.ഉമൈബ 1015 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ചെറുതാഴം ഗ്രാമപഞ്ചായത്തിലെ കക്കോണി- സിപിഎം സിറ്റിങ് സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ ഒരു വോട്ടിനായിരുന്നു എൽഡിഎഫ് ജയം