തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിൻ്റെ അഭിമാന പദ്ധതിയായ കെ ഫോണിൻ്റെ ഉദ്ഘാടനം ജൂൺ അഞ്ചിന് നടക്കും. നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമയം എല്ലാ മണ്ഡലത്തിലും വിപുലമായ പരിപാടികൾ എംഎൽഎമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. ഇവിടെ സംസ്ഥാനതല പരിപാടിയുടെ തത്സമയ സംപ്രഷണവുമുണ്ടാകും. ഗുണഭോക്താക്കളുടെ വീടുകളിലും തദ്ദേശസ്ഥാപനങ്ങളിലും ആഘോഷം സംഘടിപ്പിക്കും.
ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ചതിൻ്റെ തുടർച്ചയായിട്ടാണ് സംസ്ഥാനത്ത് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക്(കെ ഫോൺ) വഴി സാർവത്രിക ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കാൻ തീരുമാനിച്ചത്. ഇതിനോടകം വീടുകളിൽ കണക്ഷൻ നൽകിത്തുടങ്ങി. ആദ്യഘട്ടത്തിൽ മണ്ഡലത്തിലെ 100 വീതം വീടുകൾക്കാണ് സൗജന്യ കണക്ഷൻ. പദ്ധതിയിലൂടെ 30,000 സർക്കാർ സ്ഥാപനത്തിനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് സൗജന്യ നിരക്കിലും ഇന്റർനെറ്റ് നൽകും.
ഇതിൽ 18,700 സ്ഥാപനം കെ ഫോൺ ഇന്റർനെറ്റിൽ പ്രവർത്തിക്കുന്നു. 25,663 കിലോമീറ്ററിൽ കേബിൾ സ്ഥാപിച്ചു. ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ (ഐപി 1) സർട്ടിഫിക്കേഷൻ, ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ഐസ്പി–-ബി) സർട്ടിഫിക്കേഷൻ എന്നിവയും കെ ഫോണിന് ലഭിച്ചിട്ടുണ്ട്.