കൊള്ളലാഭം ലക്ഷ്യമിട്ട് വിമാനക്കമ്പനികൾ യാത്രാനിരക്ക് വീണ്ടും അഞ്ചിരട്ടി കൂട്ടി. കേരളത്തിൽനിന്ന് ഗൾഫിലേക്കും തിരിച്ചുമുള്ള നിരക്കാണ് എയർ ഇന്ത്യയും വിദേശ വിമാനക്കമ്പനികളും ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ 28 മുതൽ പ്രാബല്യത്തിൽവരും. ജൂൺ അവസാനത്തോടെ വേനലവധിക്കായി യു.എ.ഇ.യിലെ സ്കൂളുകൾ അടയ്ക്കും. എന്നാൽ, വിമാനക്കമ്പനികളുടെ കൊള്ള ഇത്തവണയും പ്രവാസികളുടെ നടുവൊടിക്കും. യുഎഇ സെക്ടറിലാണ് വലിയ വർധന. കരിപ്പൂർ – ദുബായ് നിരക്ക് 51,523 രൂപയായി.
സമാനമാണ് കരിപ്പൂർ–ഷാർജ സെക്ടറിലും. നെടുമ്പാശേരി, തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്നുള്ള ടിക്കറ്റ് നിരക്കും 50,000 രൂപയ്ക്കുമുകളിലാണ്. കഴിഞ്ഞ മാർച്ച് 31 വരെ 9000 മുതൽ 12,000 വരെയായിരുന്നു. ഏപ്രിൽ ഒന്നുമുതൽ 31,000 ആയി. ഇതാണ് അരലക്ഷത്തിനുമുകളിലായത്. ഖത്തറിലേക്ക് 38,000 മുതൽ 40,000 വരെയായിരുന്നത് 48,000 രൂപയായി ഉയർത്തി. സൗദി മേഖലയിലും നിരക്ക് കൂട്ടി. 20,000 മുതൽ 23,000 രൂപവരെയായിരുന്ന നിരക്ക് 35,000 ആയി. 20,000 രൂപയിൽ താഴെയായിരുന്ന കരിപ്പൂർ–-കുവൈത്ത് നിരക്ക് 39,000 ആയി. നെടുമ്പാശേരി–- കുവൈത്ത് 38,200, തിരുവനന്തപുരം–- കുവൈത്ത് 38,000 എന്നിങ്ങനെയാണ് നിരക്ക്. നിലവിൽ ജൂൺ മൂന്നുവരെയാണ് വർധന കാണിക്കുന്നതെങ്കിലും ആഗസ്ത് 30 വരെ കുറയാനിടയില്ല.