തൃശൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളന പണപ്പിരിവിന് ഉപയോഗിക്കുന്നത് നേതാവിൻ്റെ സ്വകാര്യ അക്കൗണ്ട്. തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളന നടത്തിപ്പിന് പണം ഒഴുകിയെത്തുന്നത് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്ബിൻ്റെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് തൃശൂർ മിഷൻ ക്വാർട്ടേഴ്സ് ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക്. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പേരിൽ തിരുവനന്തപുരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ അക്കൗണ്ട് ഉള്ളപ്പോഴാണ് സ്വകാര്യ അക്കൗണ്ടിലൂടെയുള്ള പണപ്പിരിവ്.
രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഈ അക്കൗണ്ടിലേക്ക് പണം എത്തുന്നുണ്ട്. യൂത്ത് കോൺഗ്രസ് സമ്മേളനത്തിന് പണം ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്ന പോസ്റ്ററുകളിൽ നൽകിയിരിക്കുന്ന ഗൂഗിൾ പേ നമ്പറും ജോബിൻ ജേക്കബ്ബിൻ്റെതാണ്. വ്യക്തികളിൽനിന്ന് 100 രൂപ ആവശ്യപ്പെട്ടാണ് സംസ്ഥാന കമ്മിറ്റിയുടെ പ്രചാരണം. ആവശ്യപ്പെടുന്നത് 100 രൂപയാണെങ്കിലും അതിലധികം തുക അക്കൗണ്ടിൽ നിക്ഷേപിക്കുന്നുണ്ട്. വിദേശത്തുനിന്നും പണം എത്തുന്നുണ്ട്. ഇങ്ങനെ ലക്ഷക്കണക്കിന് രൂപയാണ് സ്വകാര്യ അക്കൗണ്ടിലേക്ക് സംഭാവനയായി വരുന്നത്. ഇതിനെതിരെ സംസ്ഥാന ഭാരവാഹികളിൽ ഒരുവിഭാഗം നേതാക്കൾ കെപിസിസി നേതൃത്വത്തെ സമീപിച്ചു.