തിരുവനന്തപുരം: 2012 ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. ആശുപത്രികളിലും ആരോഗ്യ പ്രവർത്തകർക്കു നേരെയും ആക്രമണം നടത്തുന്നവർക്കും അക്രമത്തിന് പ്രേരിപ്പിക്കുന്നവർക്കും കർശന ശിക്ഷ ഉറപ്പാക്കിയാണ് നിയമ ഭേദഗതി.
ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്ക് ഏഴു വർഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കും. നിലവിലുള്ള നിയമത്തിൽ ആരോഗ്യ രക്ഷാ സേവന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രജിസ്റ്റർ ചെയ്ത (താൽക്കാലിക രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള) മെഡിക്കൽ പ്രാക്ടീഷണർമാർ, രജിസ്റ്റർ ചെയ്ത നേഴ്സുമാർ, മെഡിക്കൽ വിദ്യാർത്ഥികൾ, നേഴ്സിംഗ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരാണ് ഉൾപ്പെട്ടിരുന്നത്. പുതുക്കിയ ഓർഡിനൻസിൽ പാരാമെഡിക്കൽ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി.
ആരോഗ്യ രക്ഷാ സ്ഥാപനങ്ങളിലെ പാരാമെഡിക്കൽ ജീവനക്കാർ, സെക്യൂരിറ്റി ഗാർഡ്, മാനേജീരിയൽ സ്റ്റാഫ്, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ എന്നിവരും കാലാകാലങ്ങളിൽ സർക്കാർ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരും ഇതിൻ്റെ ഭാഗമാകും. ആക്രമണം നടത്തുകയോ അക്രമത്തിന് പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ 6 മാസത്തിൽ കുറയാതെ 5 വർഷം വരെ തടവ് ശിക്ഷയും 50,000 രൂപയിൽ കുറയാതെ 2 ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കും.
ആരോഗ്യ രക്ഷാ സേവന പ്രവർത്തകനെ കഠിനമായ ദേഹോപദ്രവത്തിന് വിധേയനാക്കുകയാണെങ്കിൽ ഒരു വർഷത്തിൽ കുറയാതെ 7 വർഷം വരെ തടവ് ശിക്ഷയും ഒരു ലക്ഷം രൂപയിൽ കുറയാതെ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
ആക്ടിനു കീഴിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത പോലീസ് ഓഫീസർ അന്വേഷിക്കും. കേസന്വേഷണം പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യുന്ന തീയതി മുതൽ 60 ദിവസത്തിനകം പൂർത്തീകരിക്കും. വിചാരണാനടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കും. സത്വര വിചാരണയ്ക്ക് ഓരോ ജില്ലയിലും സ്പെഷ്യൽ കോടതി ഉണ്ടാകും.
ആരോഗ്യ പ്രവർത്തകർക്കെതിരെ അക്രമം നടത്തുന്നവർക്ക് അർഹമായ ശിക്ഷ ലഭിക്കുന്നില്ലെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ ആക്ട് ഭേദഗതി ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിടുകയായിരുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് രോഗിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ചേർന്ന ഉന്നതതല യോഗമാണ് ആക്ട് ഭേദഗതി ചെയ്ത് ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചത്.
ആരോഗ്യ, ആഭ്യന്തര, നിയമ വകുപ്പുകളുടെയും ആരോഗ്യ, ശാസ്ത്ര സർവകലാശാലകളുടെയും പ്രതിനിധികൾ അടങ്ങിയ സമിതിയെ കരട് ഓർഡിനൻസ് തയ്യാറാക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്നു.