കൊല്ലം: ഇന്ത്യാചരിത്രത്തിൻ്റെ ബഹുസ്വരതയെ സംഘപരിവാർ ഭയപെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രപിതാവ് ഗാന്ധിജിയും ആദ്യ പ്രധാനമന്ത്രി നെഹ്റുവിനെയും പാഠപുസ്തകങ്ങളിൽനിന്ന് വെട്ടിമാറ്റുന്നു. ആദ്യ വിദ്യാഭ്യാസമന്ത്രി മൗലാനാ അബ്ദുൾ കലാം ആസാദിനെയും പുറത്താക്കിയിരിക്കുന്നു. മുഗൾ സാമ്രാജ്യത്വത്തെക്കുറിച്ചുള്ള പാഠഭാഗങ്ങൾ നീക്കംചെയ്യാനും എൻസിഇആർടി തീരുമാനിച്ചിരിക്കുന്നു. പാഠങ്ങൾ നീക്കി ചരിത്രം മായ്ക്കാനാവുമെന്ന് വിചാരിക്കുന്നവർ മൂഢസ്വർഗത്തിലാണ്. സംഘപരിവാർ ഭയപ്പെടുന്നവയെല്ലാം കേരളത്തിലെ പാഠപുസ്തകങ്ങളിൽ തുടർന്നും പഠിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജമാഅത്ത് ഫെഡറേഷൻ 40-ാം വാർഷികാഘോഷത്തൊടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യമാകെ കേരളത്തെക്കുറിച്ച് തികച്ചും മോശമായ ചിത്രം പ്രചരിപ്പിക്കാൻ ഒരുകൂട്ടർ കുറച്ചുനാളായി നിരന്തരശ്രമം നടത്തുന്നു. നുണകൾ ആവർത്തിച്ചാവർത്തിച്ച് സത്യങ്ങളെന്ന മട്ടിൽ അവതരിപ്പിക്കുക എന്ന ഫാസിസ്റ്റ് തന്ത്രമാണ് അവർ പയറ്റുന്നത്. കേരളത്തിൽ വിദ്വേഷത്തിൻ്റെ വിത്തുവിതയ്ക്കാനുള്ള നീക്കമാണ് ചിലർ നടത്തുന്നതെന്നെന്നും ദുരാരോപണങ്ങൾക്കും വ്യാജ പ്രചരണങ്ങൾക്കുമെതിരെ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.