മലപ്പുറം: താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ ചിലവ് സർക്കാർ വഹിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ താനൂരിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.
22 പേരാണ് ദുരന്തത്തിൽ മരിച്ചത്. മരിച്ചവരിൽ 7 കുട്ടികളും ഉൾപ്പെടുന്നു. ഇതിൽ 9 പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. രണ്ടുപേർ ഇവരുടെ ബന്ധുക്കളും. പരുക്കേറ്റ 9 പേർ ചികിത്സയിലാണ്. ഇതിൽ നാലുപേർ അതീവ ഗുരുതരാവസ്ഥയിലാണ്. 25 പേർക്കു യാത്ര ചെയ്യാവുന്ന ബോട്ടിൽ 40 ലേറെ പേർ ഉണ്ടായിരുന്നുവെന്നാണു നിഗമനം. മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നു.