തിരുവനന്തപുരം: എഐ ക്യാമറയുടെ പേരിൽ പ്രതിപക്ഷവും മാധ്യമങ്ങളും ചേർന്ന് പുകമറ സൃഷ്ടിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എഐ ക്യാമറ സ്ഥാപിച്ചതിൽ നയാപൈസയുടെ അഴിമതിയുണ്ടായിട്ടില്ല. 100 കോടിയുടെ അഴിമതിയെന്നാണ് വി ഡി സതീശൻ പറയുന്നത്. 132 കോടിയെന്ന് രമേശ് ചെന്നിത്തല പറയുന്നു. ആദ്യം കോടികളുടെ കാര്യത്തിൽ പ്രതിപക്ഷ നേതൃത്വം ഒരു തീരുമാനത്തിലെത്തണമെന്ന് എം വി ഗോവിന്ദൻ പരിഹസിച്ചു. പ്രതിപക്ഷ നേതൃസ്ഥാനത്തിന് വേണ്ടി കോൺഗ്രസിൽ വടംവലിയാണ്. ആദ്യം അഴിമതിക്കണക്കിൽ കോൺഗ്രസ് യോജിപ്പ് ഉണ്ടാക്കട്ടേയെന്നും ഗോവിന്ദൻ പറഞ്ഞു.
ക്യാമറ വിവാദത്തിൽ ഉയരുന്ന ഒരു ആരോപണത്തിലും കഴമ്പില്ലെന്ന് ആവർത്തിച്ച അദ്ദേഹം കരാറിൻ്റെ ഒരു ഭാഗം മാത്രമാണ് പ്രതിപക്ഷം കാണിക്കുന്നത് എന്നും വ്യക്തമാക്കി. കരാറിൻ്റെ രണ്ടാംഭാഗം വായിച്ചാൽ കാര്യം വ്യക്തമാകും. യുഡിഎഫും മാധ്യമങ്ങളും സേഫ് കേരള പദ്ധതി മുൻനിർത്തി വ്യാപക പ്രചാരവേല നടത്തുകയാണ്. പദ്ധതി പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ബോധപൂർവ്വം ശ്രമം നടത്തുന്നു. എൽഡിഎഫ് സർക്കാരിൻ്റെ നൂറ് ദിന കർമ പരിപാടിക്ക് വൻ ജനപിന്തുണയാണുള്ളത്. ഇത് മറച്ചുപിടിക്കാനാണ് അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നത്.
മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് നടപടികളുണ്ടായത്. ഉപകരാർ വ്യവസ്ഥ കെൽട്രോണിൻ്റെ ടെണ്ടർ രേഖയിലുണ്ട്. 232 കോടിയുടേതാണ് ഭരണാനുമതി. ക്യാമറകൾ സ്ഥാപിക്കാൻ 142 കോടി രൂപയാണ്. അഞ്ചു വർഷത്തെ പ്രവർത്തനത്തിന് 56.24 കോടി രൂപയാണ്. ജിഎസ്ടി 35.76 കോടിയാണ്. ഇതിൽ 100 കോടിയുടെ അഴിമതി എവിടെനിന്നു കിട്ടിയ കണക്കാണ്. പദ്ധതിക്കായി ഖജനാവിൽനിന്ന് ഒരു രൂപ പോലും ഇതുവരെ ചെലവാക്കിയിട്ടില്ല. പിന്നെ എവിടെയാണ് അഴിമതിയെന്നും അദ്ദേഹം ചോദിച്ചു.
മണിപ്പുരിലെ പ്രശ്നം ഇവിടെ വാർത്തയല്ല. ക്രിസ്ത്യാനികളെ വലിയ രീതിയിൽ സ്വാധീനിക്കാനാണ് കേരളത്തിലെ ബിജെപി ശ്രമിക്കുന്നത്. അതേസമയം അവർതന്നെ മണിപ്പൂരിൽ ക്രിസ്ത്യൻ വിഭാഗത്തിനെതിരായി ആക്രമണം നടത്തുന്നു. മതനിരപേക്ഷ ഉള്ളടക്കത്തിലുള്ള സംസ്ഥാനമാണ് മണിപ്പുർ. ബിജെപി ഭരണത്തിന് കീഴിൽ ജനങ്ങളുടെ ജീവിതംതന്നെ മോശം സ്ഥിതിയിലായി. സാമുദായിക അടിസ്ഥാനത്തിൽ സംവരണം പ്രഖ്യാപിച്ച് ഒരു വിഭാഗത്തെ പ്രകോപിപ്പിക്കുകയാണ് ചെയ്തത്. വർഗീയത ആളിക്കത്തിക്കാൻ വേണ്ടി നടത്തിയ പ്രവർത്തനമാണ്. മതസൗഹാർദത്തെ തകർക്കുകയാണ് ബിജെപി സർക്കാർ. മണിപ്പുരിലെ മലയാളികളെ തിരിച്ചുകൊണ്ടുവരാൻ സർക്കാർ സംവിധാനം മുഴുവൻ ഇടപെടുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.