തിരുവനന്തപുരം: 12 വയസിനു താഴെയുള്ള ഒരു കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ ഇരുത്തി യാത്ര ചെയ്യുമ്പോഴുള്ള പിഴ ഒഴിവാക്കാൻ നിയമത്തിൽ ഇളവ് തേടുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇതു സംബന്ധിച്ച ആലോചനയ്ക്കായി 19 ന് ഉന്നതതല യോഗം ചേരും. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിൻ്റെ അന്തിമ തീരുമാനം വരുന്നത് വരെ സംസ്ഥാനത്ത് പിഴ ഒഴിവാക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
‘കേന്ദ്ര നിയമമനുസരിച്ചാണ് ഇരുചക്ര വാഹനത്തിൽ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്താൽ പിഴ ഈടാക്കണമെന്നുള്ളത്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് നിയമം നടപ്പിലാക്കാൻ ശ്രമിച്ചത്. നിയമത്തിൽ മാറ്റം വരുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല. ഈ നിയമത്തിൽ ഭേദഗതിവേണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം 19ാം തിയതി ചേരുന്ന ഉന്നത തല യോഗത്തിൽ തീരുമാനിക്കും. സംസ്ഥാന സർക്കാരിന് കേന്ദ്രസർക്കാരിൻ്റെ അന്തിമ തീരുമാനം വരുന്നതുവരെ പിഴ ഒഴിവാക്കുന്ന കാര്യം നടപ്പിലാക്കാൻ കഴിയുമോ എന്ന കാര്യം ഗൗരവമായി പരിശോധിക്കും’, മന്ത്രി പറഞ്ഞു.