പാരീസ്: ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 161-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. നൂറ്റിയെൺപത് രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഏറെ പിന്നിൽ പോയത്. 2022ൽ 150-ാം സ്ഥാനത്തായിരുന്ന ഇന്ത്യ പതിനൊന്ന് സ്ഥാനം താഴെ ഇറങ്ങിയാണ് 161 ലേക്ക് എത്തിയത്. ആഗോള മാധ്യമ നിരീക്ഷണ സംഘടനയായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇന്ത്യയുടെ ദയനീയമായ അവസ്ഥ വ്യക്തമാക്കുന്നത്. മാധ്യമപ്രവർത്തകരുടെ തൊഴിൽ സാഹചര്യം ഏറ്റവും അപകടകരമായ അവസ്ഥയിലെത്തിയ 31 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. മാധ്യമവേട്ടയും എൻഡിടിവി ഏറ്റെടുക്കലും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. രാഷ്ട്രീയ, സുരക്ഷാ സൂചകങ്ങളാണ് ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണം.
നോർവേ, അയർലൻഡ്, ഡെൻമാർക്ക് എന്നീരാജ്യങ്ങൾക്കാണ് ആദ്യ മൂന്ന് സ്ഥാനങ്ങൾ. ശ്രീലങ്കയും പാകിസ്ഥാനും മാധ്യമസ്വാതന്ത്ര്യത്തിൻ്റെ കാര്യത്തിൽ മെച്ചപ്പെട്ട നിലയിലാണ്. 2022ലെ 146-ാം സ്ഥാനത്ത് നിന്ന് ശ്രീലങ്ക 135ലെത്തിയപ്പോൾ 157-ാം സ്ഥാനത്ത് നിന്നും പാകിസ്ഥാൻ 150-ാം സ്ഥാനത്തെത്തി. വിയറ്റ്നാം, ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങൾ അവസാന മൂന്ന് സ്ഥാനങ്ങളിൽ എത്തി.