ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ച് ലേഖനമെഴുതിയ സംഭവത്തിൽ സിപിഎം എം പി ജോൺ ബ്രിട്ടാസിന് കാരണം കാണിക്കൽ നോട്ടീസ്. രാജ്യസഭ ചെയർമാനും വെെസ് പ്രസിഡന്റുമായ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ആണ് ബ്രിട്ടാസിന് നോട്ടീസ് നൽകിയത്. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ അമിത് ഷായെ വിമർശിച്ച് ബ്രിട്ടാസ് എഴുതിയ ലേഖനത്തിനെതിരായ പരാതിയിലാണ് നടപടി.
ലേഖനത്തിൻ്റെ ഉള്ളടക്കം രാജ്യദ്രോഹപരം ആണെന്ന കേരളത്തിൽ നിന്നുള്ള ബിജെപി നേതാവ് പി സുധീറിൻ്റെ പരാതിയിലാണ് നോട്ടീസ്. ലേഖനത്തെ സംബന്ധിച്ച വിശദീകരണം രേഖാമൂലം നൽകണമെന്നാണ് കത്തിലെ ആവശ്യം. കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിങ്ങളുടെ അടുത്തുള്ള പ്രദേശം കേരളമാണെന്നും അതിനാൽ ബിജെപിക്ക് വോട്ട് ചെയ്താൽ മാത്രമേ രക്ഷയുള്ളുവെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെതിരായിട്ടായിരുന്നു ഫെബ്രുവരി 20-ന് ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ബ്രിട്ടാസിൻ്റെ ലേഖനം.
അതേസമയം അഭിപ്രായപ്രകടനം നടത്താനുള്ള ഭരണഘടനാപരമായ അവകാശം ഹനിക്കപ്പെടുകയാണെന്ന് ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു. കടമ നിർവഹിക്കുന്നത് ഭയപ്പെടുത്തി തടയാനാണ് ശ്രമം. ബിജെപിയുടെ പരാതിയുടെ സ്വഭാവംതന്നെ അപലപനീയമാണെന്നും ബ്രിട്ടാസ് പറഞ്ഞു.