ന്യൂഡൽഹി: വനിതാഗുസ്തി താരങ്ങൾക്കുനേരെ ലൈംഗികാതിക്രമങ്ങൾ നടത്തിയ ബിജെപി എംപിയും റസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പോക്സോ കേസെടുത്ത് ഡൽഹി പോലീസ്. താരങ്ങൾ സമരവുമായി തെരുവിലിറങ്ങിയിട്ടും ഡൽഹി പോലീസ് ബിജെപി നേതാവിനെ സംരക്ഷിക്കുകയായിരുന്നു. അതിഗുരുതരമായ പരാതികൾ ഉയർന്നിട്ടും കേന്ദ്ര സർക്കാരും ബിജെപിയും ഇയാൾക്കെതിരെ ഒരു നടപടിയും എടുത്തില്ല. വനിതാ ഗുസ്തിതാരങ്ങൾ സുപ്രീംകോടതിയിൽ ഹർജി നൽകിയതോടെയാണ് ബ്രിജ് ഭൂഷണെതിരെ കേസെടുക്കാൻ ഡൽഹി പോലീസ് നിർബന്ധിതരായത്.
ബ്രിജ് ഭൂഷണെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പരാതിയിൽ ഒരു കേസും മറ്റ് വനിതാ താരങ്ങൾ നൽകിയ പരാതിയിൽ മറ്റൊരു കേസുമാണ് കൊണാട് പ്ലേസ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്. പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. സുപ്രീംകോടതിയുടെ കടുത്ത നടപടി മുന്നിൽക്കണ്ട് ഗത്യന്തരമില്ലാതെയാണ് കേസ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴുവനിതാ ഗുസ്തി താരങ്ങൾ ബ്രിജ്ഭൂഷണെതിരെ ഡൽഹി പോലീസിൽ പരാതി നൽകിയിട്ട് ഒരാഴ്ച പിന്നിട്ടു. എന്നാൽ ഡൽഹി പോലീസ് അനങ്ങിയില്ല. വനിതാ ഗുസ്തിതാരങ്ങളുടെ ഹർജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചിരുന്നു. കേസിൽ പ്രാഥമിക അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞാൽമാത്രം കേസെടുക്കാമെന്നുമായിരുന്നു ഡൽഹി പോലീസിൻ്റെ നിലപാട്. പ്രായപൂർത്തിയാകാത്ത വനിതാ കായികാതാരമടക്കം പരാതി നൽകിയിട്ടും കേസെടുക്കാത്തതിൽ വ്യാപകപ്രതിഷേധവുമുയർന്നു. ബ്രിജ്ഭൂഷന് ശിക്ഷ ഉറപ്പാക്കുംവരെ തെരുവിൽ പോരാട്ടം തുടരുമെന്ന് സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾ വ്യക്തമാക്കി. കോടതിയിൽ വിശ്വാസമുണ്ട്. എന്നാൽ ഡൽഹി പോലീസിലും സർക്കാർ സമിതി കളിലും വിശ്വാസമില്ല. സമരം അവസാനിപ്പിച്ചാൽ ചിലപ്പോൾ ദുർബലമായ എഫ്ഐആർ രജിസ്റ്റർ ചെയ്യപ്പെട്ടേക്കാമെന്നും വിനയ് ഫോഗട്ട്, സാക്ഷി മലിക്, ബജ്റംഗ് പൂനിയ എന്നിവർ പറഞ്ഞു. പരാതി സംബന്ധിച്ച് താരങ്ങളുമായി 12 മണിക്കൂർ ചർച്ച നടത്തിയെന്ന കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിന്റെ അവകാശവാദം താരങ്ങൾ തള്ളി.