കണ്ണൂർ: ആദ്യ സർവീസിന് ശേഷം കണ്ണൂരിൽ നിർത്തിയിട്ട വന്ദേ ഭാരത് ട്രെയിനിലെ രണ്ട് കോച്ചുകളിൽ ചോർച്ച. പുലർച്ചെ പെയ്ത മഴയിൽ വന്ദേ ഭാരത് എക്സ്പ്രസിൻ്റെ രണ്ടു കോച്ചുകൾ പൂർണമായും ചോർന്നൊലിച്ചു. പുറകിലെയും മധ്യഭാഗത്തെയും ഓരോ കോച്ചിലാണ് ചോർച്ച കണ്ടെത്തിയത്. ബുധനാഴ്ച 2.30 ന് കാസർകോട് നിന്നും സർവീസ് ആരംഭിക്കേണ്ട ട്രെയിനാണ് ചോർച്ച കാരണം നിർത്തിയിട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് ഫ്ളാഗ് ഓഫ് ചെയ്തത്. ഇന്ന് വന്ദേഭാരത് എക്സ്പ്രസിൻ്റെ ആദ്യ റെഗുലർ സർവീസ് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ആരംഭിക്കും. ഉച്ചയ്ക്ക് 2.30ന് കാസർകോട് നിന്ന് പുറപ്പെട്ട് രാത്രി 10.35ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 8 മണിക്കൂർ 5 മിനിട്ടിൽ എത്തിച്ചേരാൻ സാധിക്കുന്ന തരത്തിലാണ് വന്ദേ ഭാരതിൻ്റെ റഗുലർ സർവീസ്.